മാവോയിസ്‌റ്റ് കേസ്: നാല് പ്രതികളും കുറ്റക്കാരെന്ന് എൻഐഎ കോടതിയുടെ നിരീക്ഷണം: വെള്ളിയാഴ്ച വിധി പറയും
വെള്ളമുണ്ട: വെള്ളമുണ്ട മാവോയിസ്‌റ്റ് കേസിൽ നാല് പ്രതികളും കുറ്റക്കാരാണെന്ന് കൊച്ചി എൻ.ഐ.എ കോടതിയുടെ നിരീക്ഷണം. ഒന്നാംപ്രതി രൂപേഷ്, നാലാംപ്രതി കന്യാകുമാരി, ഏഴാംപ്രതി അനൂപ്, എട്ടാം പ്രതി ബാബു ഇബ്രാഹിം എന്നിവർ കുറ്റക്കാരാണെന്ന് എൻ.ഐ.എ സ്പെഷൽ ജഡ്‌ജ് കെ. കമനീസ് നിരീക്ഷിച്ചു. വെള്ളിയാഴ്ച അന്തിമ വിധി പറയും.
വെള്ളമുണ്ടയിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർ എ.ബി പ്രമോദിനെ വീട് കയറി സായുധ സംഘം ഭീഷണിപ്പെടുത്തുകയും മാവോയിസ്‌റ്റ് ലഘുലേഖകൾ വിതരണം ചെയ്യുകയും പോസ്‌റ്റർ പതിക്കുകയും ചെയ്ത കേസിന്റെ വാദം കേൾക്കുന്നതിനിടയിലാണ് കോടതിയുടെ നിരീക്ഷണം. എട്ടുപേരാണ് കേസിൽ പ്രതികൾ. മൂന്ന് പേര് ഇനിയും പിടിയിലാകാനുണ്ട്.
രൂപേഷിനും കന്യാകുമാരിക്കുമെതിരെ ഗൂഢാലോചനയും, തീവ്രവാദ പ്രവർത്തനങ്ങളും തെളിഞ്ഞു. അനൂപിനും, ബാബു ഇബ്രാഹിമിനുമെതിരെ തീവ്രവാദ സംഘടനയിൽ അംഗമായതിനും, സഹായം ചെയ്തതിനും യു.എ.പി.എ നിയമത്തിലെ 38, 39 വകുപ്പുകളാണ് തെളിയിക്കാൻ സാധിച്ചത്.
ശിക്ഷിക്കപ്പെട്ടത് നിർഭാഗ്യകരമാണ്; ആരെയും ഉപദ്രവിച്ചതായി തനിക്കെതിരെ കുറ്റം ചുമത്തിയിട്ടില്ലെ, എന്നുമാണ് രൂപേഷ് കോടതിയിൽ പ്രതികരിച്ചത്. പരമാവധി ശിക്ഷക്ക് തുല്യമായ കാലം പ്രതികൾ ജയിലിൽ കഴിഞ്ഞെന്നും, അതിനാൽ അന്തിമ വിധി പറയുമ്പോൾ ശിക്ഷയിൽ ഇളവ് അനുവദിക്കണമെന്നും പ്രതിഭാഗം കോടതിയിൽ ആവശ്യപ്പെട്ടു.





Leave a Reply