മോഷ്ടാവിനെ പാലക്കാട് നിന്ന് പൊക്കി വെള്ളമുണ്ട പോലീസ്

വെള്ളമുണ്ട: വാഴക്കുല കച്ചവടം നടത്തുന്ന കടയില്‍ നിന്ന് പണം കവര്‍ന്ന് മുങ്ങിയ യുവാവിനെ പരാതി ലഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ പാലക്കാട്, കോങ്ങാട് നിന്ന് പൊക്കി വെളളമുണ്ട പോലീസ്. പാലക്കാട്, കോങ്ങാട്-1 ഷുഹൈബ്(24)നെയാണ് അതിസാഹസികമായി ചൊവ്വാഴ്ച പിടികൂടിയത്. കസ്റ്റഡിയിലെടുത്ത സമയം പോലീസുകാരെ ആക്രമിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ഏറെ പണിപ്പെട്ടാണ് കീഴടക്കിയത്.
പോലീസുകാരിലൊരാളെ മുഖത്ത് ഇടിച്ച് ചുണ്ട് മുറിക്കുകയും പല്ലുകള്‍ക്ക് പരിക്കേല്‍പ്പിക്കുകയും, മറ്റൊരാളെ തള്ളി വീഴ്ത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു. പ്രതിക്കെതിരെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് പാലക്കാട് കോങ്ങാട് സ്‌റ്റേഷനില്‍ കേസെടുത്തു. 2020-ലും പാലക്കാട് റെയില്‍വേ പോലീസ് സ്‌റ്റേഷനില്‍ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് ഇയാള്‍ക്കെതിരെ കേസുണ്ട്.
ഇതേ സ്‌റ്റേഷനില്‍ സ്ത്രീയുടെ മാല പൊട്ടിച്ച കേസിലും പ്രതിയാണ്. പൊരുന്നന്നൂര്‍, ആറുവാള്‍ സ്വദേശിയുടെ ആറുവാള്‍ അടിവാരത്തുള്ള വാഴക്കുല കച്ചവടം നടത്തുന്ന കടയിലാണ് 23-ആം തീയതി മോഷണം നടന്നത്.
കടയിലെ മേശ വലിപ്പിന്റെ ലോക്ക് പൊട്ടിച്ച് 20,000 രൂപയാണ് കവര്‍ന്നത്. 24-ാം തീയതി ഉച്ചയോടെ ലഭിച്ച കടയുടമയുടെ പരാതി പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ കോങ്ങാടിലേക്ക് കടന്നതായി മനസിലാക്കുകയും ഇയാളെ പിടികൂടാനായി പോലീസ് കോങ്ങാടിലേക്ക് തിരിക്കുകയുമായിരുന്നു.
നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് 25-ാം തീയതി രാവിലെ പ്രതിയെ കസ്റ്റിഡിയിലെടുത്തു. എന്നാല്‍ ആക്രമാസക്തനായ പ്രതി പോലീസുകാരെ ആക്രമിച്ചു ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയും പോലീസ് ബലം പ്രയോഗിച്ച് കീഴടക്കുകയുമായിരുന്നു. തുടര്‍ന്ന്, പ്രതിയെ വെളളമുണ്ട് പോലീസ് സ്‌റ്റേഷനിലെത്തിച്ചു. ഇയാളെ റിമാന്‍ഡ് ചെയ്തു.
വെള്ളമുണ്ട ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ രതീഷ് തെരുവത്ത്പീടികയിലിന്റെ നിര്‍ദേശപ്രകാരം സിവില്‍ പോലീസ് ഓഫിസര്‍മാരായ മുഹമ്മദ് നിസാര്‍, നിബിൻ എന്നിവരാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. എസ്.ഐ വിനോദ് ജോസഫ്, എസ്.സി.പി. അനൂപ് എന്നിവരാണ് കേസന്വേഷിച്ചത്.
Leave a Reply