April 25, 2024

വന്യജീവി പ്രതിരോധം സ്വകാര്യതോട്ടങ്ങള്‍ കാട് വെട്ടിതെളിക്കണം; ജില്ലാ കളക്ടര്‍

0
Img 20221014 091205.jpg
ബത്തേരി :ജനവാസകേന്ദ്രങ്ങളിലേക്ക് കടുവ അടക്കമുളള വന്യജീവികള്‍ ഇറങ്ങുന്നത് പ്രതിരോധിക്കാന്‍ കാടുപിടിച്ച് കിടക്കുന്ന സ്വകാര്യ എസ്റ്റേറ്റ് ഭൂമികള്‍ അടിയന്തരമായി കാട് വെട്ടി തെളിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. കടുവ ഭീതി നിലനില്‍ക്കുന്ന പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജില്ലാ കളക്ടര്‍ എ.ഗീതയുടെ അധ്യക്ഷതയില്‍  വനം വകുപ്പ് ഉദ്യോഗസ്ഥരുമായി സുല്‍ത്താന്‍ ബത്തേരി ഗജ ഐ.ബിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇക്കാര്യം കര്‍ശനമായി പാലിക്കണമെന്ന് ആവശ്യപ്പെട്ട് എസ്റ്റേറ്റ് ഉടമകള്‍ക്ക് കത്ത് നല്‍കും. വീഴ്ച്ച വരുത്തുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു. 
സുല്‍ത്താന്‍ ബത്തേരി വില്ലേജിലെ ദോട്ടപ്പന്‍കുളം, ബീനാച്ചി, പൂതിക്കാട് ഭാഗങ്ങളിലും കൃഷ്ണഗിരി വില്ലേജിലെ കൊളഗപ്പാറ,കൃഷ്ണഗിരി റാട്ടകുണ്ട്, ആറാട്ട്പാറ ഭാഗങ്ങളിലും സ്വകാര്യ സ്ഥങ്ങളും എസ്റ്റേറ്റുകളും കാട് പിടിച്ച് കിടക്കുന്നത് മൂലം കടുവയടക്കമുളള വന്യമൃഗങ്ങള്‍ താവളമാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ജനവാസ മേഖലയിലൂടെയുളള ഇവയുടെ സഞ്ചാരം പ്രദേശവാസികള്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും ഭീഷണിയാകുന്നു. ഇതിനെ തുടര്‍ന്നാണ് ജനവാസ കേന്ദ്രങ്ങള്‍ വന്യജീവികള്‍ തമ്പടിക്കാന്‍ സാധ്യതയുളള എസ്റ്റേറ്റുകള്‍, തോട്ടങ്ങള്‍ എന്നിവിടങ്ങളിലെ കാടുകള്‍ നീക്കം ചെയ്യണമെന്ന് അഭിപ്രായമുയര്‍ന്നത്. കടുവയുടെ സാന്നിധ്യം തിരിച്ചറിയിന്‍ മേപ്പാടി റേഞ്ചില്‍ കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കും. കടുവയെ പിടികൂടുന്നതാനായി ചീരാലില്‍ 3 കൂടുകളും കൃഷ്ണഗിരിയില്‍ ഒരു കൂടും സ്ഥാപിച്ചിട്ടുണ്ട്. വെറ്ററിനറി വിഭാഗത്തിന്റെ സേവനവും പ്രദേശത്ത് ഉറപ്പാക്കിയിട്ടുണ്ട്. ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശവും യഥാസമയങ്ങളില്‍ വനം വകുപ്പ് നല്‍കുന്നുണ്ട്. 
വന സമീപ ഗ്രാമങ്ങളിലെ കന്നുകാലി തൊഴുത്തുകളില്‍ സുരക്ഷ പ്രതിരോധങ്ങള്‍ ഉറപ്പിക്കാന്‍ ഉടമകള്‍ പരമാവധി ശ്രദ്ധ നല്‍കണമെന്ന് കളക്ടര്‍ പറഞ്ഞു. വന്യമൃഗങ്ങളുടെ ആക്രമണം പ്രതിരോധിക്കാന്‍ ആദിവാസികള്‍ ഉള്‍പ്പെടെയുളള ദുര്‍ബല വിഭാഗങ്ങള്‍ക്ക് തൊഴിലുറപ്പ് പദ്ധതിയിലെ മെറ്റീരിയല്‍ കോസ്റ്റില്‍ ഉള്‍പ്പെടുത്തി തൊഴുത്തുകള്‍ അടച്ചുറപ്പുളളതാക്കി മാറ്റുന്ന കാര്യം പരിഗണിക്കും. സാമ്പത്തികമായി വളരെ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന കാര്യവും ആലോചനയിലുളളതായി ജില്ലാ കളക്ടര്‍ പറഞ്ഞു. പരമാവധി വളര്‍ത്തു മൃഗങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ നേടാന്‍ ഉടമകള്‍ തയ്യാറാകണം. മതിയായ നഷ്ടപരിഹാരം ഉറപ്പാക്കാന്‍ പരിരക്ഷ നേടുന്നതിലൂടെ സാധിക്കുമെന്നും കളക്ടര്‍ പറഞ്ഞു. 
യോഗത്തില്‍ സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍, എ.ഡി.എം എന്‍.ഐ ഷാജു, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അബ്ദുള്‍ അസീസ്, എ.സി.എഫ് ജോസ് മാത്യൂ, തഹസില്‍ദാര്‍ വി.കെ. ഷാജി , വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *