മെഡിക്കല്‍ കോളേജ് : ജനം ജാഗ്രത പാലിക്കണമെന്നു എല്‍ഡിഎഫ്, പ്രാദേശീക കർമ്മ സമിതികളുമായി സഹകരിക്കില്ല

കല്‍പ്പറ്റ: അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കി വയനാട് മെഡിക്കല്‍ കോളേജ് ഇല്ലാതാക്കാനുള്ള നീക്കങ്ങള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്ന് എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി ജനങ്ങളോടു ആവശ്യപ്പെട്ടു. മാനന്തവാടിയിലെ ജില്ലാ ആശുപത്രി 2021 ജനുവരിയില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആയി ഉയര്‍ത്തിയതാണ്. 140 തസ്തികള്‍ സൃഷ്ടിക്കുകയും പ്രിന്‍സിപ്പലിനെ നിയമിക്കുകയും ചെയ്തു. ആശുപത്രിയില്‍ എട്ടുനില മള്‍ട്ടി പര്‍പസ് ബ്ലോക്ക് നിര്‍മാണം പൂര്‍ത്തിയാക്കി. ഇത് അക്കാഡമിക്ക് ബ്ലോക്കും പ്രധാന ചികിത്സാകേന്ദ്രവുമായി ഉപയോഗപ്പെടുത്തി 2023ല്‍ വിദ്യാര്‍ഥി പ്രവേശനം അനുവദിക്കുന്നതിന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. മറ്റ് ഭൗതിക സൗകര്യങ്ങളും ഒരുക്കി മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുമ്പോട്ടുപോകുകയാണ്. ഈ ഘട്ടത്തില്‍ മെഡിക്കല്‍ കോളേജിനെതിരെയുള്ള നീക്കം ജില്ലയുടെ വികസനം തകര്‍ക്കുന്നതിനും സ്ഥാപനം ഇല്ലാതാക്കുന്നതിനുമാണ്.
ബോയ്‌സ് ടൗണിലെ ഗ്ലെന്‍ ലവല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാര്‍ സര്‍ക്കാര്‍ നടപടി എടുത്തിട്ടുണ്ട്.മെഡിക്കല്‍ കോളേജിന്റെ പേരില്‍ പ്രാദേശികാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന കര്‍മ്മ സമിതികളുമായി എല്‍ഡിഎഫ് സഹകരിക്കില്ല. ജനങ്ങളെ പ്രാദേശികമായി ഭിന്നപ്പിക്കുന്നത് അപലപനീയമാണ്. കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഇതിനു കൂട്ടുനില്‍ക്കരുതെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ഒ.ആര്‍.കേളു എംഎല്‍എ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ സി.കെ. ശശീന്ദ്രന്‍, ഇ.ജെ. ബാബു, കെ.കെ. ഹംസ, കെ.ജെ. ദേവസ്യ, സി.എം. ശിവരാമന്‍, കുര്യാക്കോസ് മുള്ളന്‍മട, മുഹമ്മദ് പഞ്ചാര, വീരേന്ദ്രകുമാര്‍, സണ്ണി മാത്യു, രഞ്ജിത്ത് എന്നിവര്‍ പ്രസംഗിച്ചു



Leave a Reply