April 25, 2024

കുരങ്ങ് പനി; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കും

0
Img 20221026 183528.jpg
 കൽപ്പറ്റ : കുരങ്ങ് പനിക്കെതിരെയുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു. വനത്തിനുള്ളിലും വനത്തിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളിലും കുരങ്ങുകള്‍ ചത്ത് കിടക്കുന്നത് കണ്ടാല്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളും വാക്സിനേഷന്‍ അടക്കമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളും യോഗത്തില്‍ ചര്‍ച്ചചെയ്തു.
 വനത്തിനോട് ചേര്‍ന്ന് കിടക്കുന്ന കോളനികളില്‍ ട്രൈബല്‍ വകുപ്പ് പ്രത്യേക പരിശോധന നടത്തണം. വനവുമായി ബന്ധപ്പെട്ട് ജോലിചെയ്യുന്നവരും വനത്തില്‍ പോകുന്നവരും പ്രത്യേക മുന്‍കരുതലെടുക്കണം. വനം വകുപ്പ് ഈ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണം. വനത്തില്‍ മേയാന്‍ കൊണ്ട് പോകുന്ന കന്നുകാലികളില്‍ ഫ്ളൂ മെത്രിന്‍ പോലുള്ള പ്രതിരോധ മരുന്നുകള്‍ ഉപയോഗിക്കണം.
  ജില്ലയില്‍ വേനല്‍ കനക്കുന്ന സാഹചര്യത്തില്‍ വന സമീപ ഗ്രാമങ്ങളിലുള്ളവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം.
 ഡിസംബര്‍ മുതല്‍ ജൂണ്‍ വരെയാണ് സാധാരണയായി രോഗവ്യാപനം കൂടുതലുള്ളത്. കുരങ്ങുകള്‍ ചത്തുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ ബന്ധപ്പെട്ടവരെ അറിയിക്കണം. കുരങ്ങുകളിലൂടെയാണ് രോഗ വാഹകരായ ചെള്ളുകള്‍ വളര്‍ത്തുമൃഗങ്ങളിലേക്കും മനുഷ്യരിലേക്കും പടരുന്നത്. വനത്തില്‍ പോകുന്ന കന്നുകാലികളുടെ ദേഹത്ത് ചെള്ള് പിടിക്കാതിരിക്കാനുള്ള മരുന്ന് മൃഗാശുപത്രികളില്‍ ലഭ്യമാണ്. ലക്ഷണങ്ങളുള്ളവര്‍ സ്വയം ചികിത്സയ്ക്ക് മുതിരാതെ തുടക്കത്തില്‍ തന്നെ ഡോക്ടറുടെ ഉപദേശം തേടണം.
രോഗലക്ഷണങ്ങള്‍
* ശക്തമായ പനി അല്ലെങ്കില്‍ വിറയലോടുകൂടിയ പനി
* ശരീരവേദന അല്ലെങ്കില്‍ പേശിവേദന
* തലവേദന
* ഛര്‍ദ്ദി
* കടുത്ത ക്ഷീണം
* രോമകൂപങ്ങളില്‍ നിന്ന് രക്തസ്രാവം
* അപസ്മാരത്തോടുകൂടിയോ അല്ലാതെയോ ഉള്ള തലകറക്കം
* സ്ഥലകാല ബോധമില്ലായ്മ
പ്രതിരോധ മാര്‍ഗങ്ങള്‍
* കുരങ്ങുപനി കാണപ്പെട്ട പ്രദേശങ്ങളിലെ വനത്തിനുള്ളില്‍ കഴിവതും പോകാതിരിക്കുക.
* വനത്തില്‍ പോകേണ്ടിവരുന്നവര്‍ ചെള്ള് കടിയേല്‍ക്കാതിരിക്കാന്‍ കട്ടിയുള്ള ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കണം.
* വസ്ത്രത്തിന് പുറമെയുള്ള ശരീരഭാഗങ്ങളില്‍ ചെള്ളിനെ അകറ്റുന്ന ലേപനങ്ങള്‍ പുരട്ടണം.
* വനത്തില്‍ നിന്ന് തിരിച്ചുവരുന്നവര്‍ ശരീരത്തില്‍ ചെള്ള് കടിച്ചിരിക്കുന്നില്ലെന്നു വിശദമായി പരിശോധിച്ച് ഉറപ്പുവരുത്തണം.  
ഡി.എം.ഒ ഇന്‍ ചാര്‍ജ് ഡോ. പി. ദിനീഷ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ആന്‍സി ജേക്കബ്, ഡി.പി.എം ഡോ. സമീഹ സൈതലവി, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. പി.എസ്. സുഷമ, ജില്ലാ ടി.ബി ഓഫീസര്‍ ഡോ. കെ.വി. സിന്ധു, ജില്ലാ മലേറിയ ഓഫീസര്‍ ഡോ. സി.സി. ബാലന്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, വിവിധ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *