May 30, 2023

കടുവാ പ്രശ്നം പരിഹരിക്കാൻ രാഷ്ട്രീയ തീരുമാനവും ഇച്ഛാശക്തിയും ആണ് വേണ്ടത് : വയനാട് പ്രകൃതി സംരംക്ഷണ സമിതി

0
IMG_20221027_160804.jpg
ബത്തേരി :  കഴിഞ്ഞ പത്തുവർഷമായി വയനാട്ടിൽ വനപരിസരത്തുള്ള ജനവാസ കേന്ദ്രങ്ങളിൽ കടുവകൾ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ദേശീയ കടുവ സംരക്ഷണ അഥോറിട്ടി , വനം വകുപ്പ് ജില്ലാ ഭരണകൂടം എന്നിവയുടെ ശക്തിയായ ഇടപെടലുകൾ ഉണ്ടാകണമെന്നും അതിനായി കേന്ദ്രവും കേരളവും ഭരിക്കുന്ന കക്ഷികളുടെയും ജനപ്രതിനിധികളുടെയും രാഷ്ട്രീയ തീരുമാനവും സമ്മർദ്ദവുമാണ് വേണ്ടതെന്നും വയനാട് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെടുന്നു                            
    അത്തരത്തിൽ ഒരു ശ്രമവും നടത്താതെ പ്രക്ഷോഭങ്ങൾക്കും ഹർത്താലുകൾക്കും നേതൃത്വം കൊടുത്ത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമമാണിപ്പോൾ നടക്കുന്നത്. കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്നവരും ഭരിച്ചിരുന്നവരും  പ്രക്ഷോഭങ്ങൾക്കും മറ്റും നേതൃത്വം നൽകുന്നത് വഞ്ചനയാണ്. 
                                           
          ബന്ധിപ്പൂർ , മുതുമലൈ, നാഗർ ഹൊളെ , കാവേരി , നൂഗു തുടങ്ങിയ നിരവധി കടുവ സംരക്ഷണ കേന്ദ്രങ്ങൾക്കു മദ്ധ്യത്തിൽ കാടും നാടും ഇടകലർന്ന സങ്കീർണ്ണമായ ഭൂഘടനയാണ് വയനാടിനുള്ളത്. വനസാമീപ്യമുള്ള ഗ്രാമങ്ങളിലെ കർഷകർ ഭീതിയിലാണ്. തങ്ങളുടെ ജീവനും സ്വത്തും ഭീഷണിയിലാണെന്ന് അവർ കരുതുന്നു. കേവലം മുറിവൈദ്യമല്ലാതെ ഗൗരവതരമായ പരിഹാര നടപടികൾ ഉണ്ടാകുന്നില്ല. ഉത്തരവാദപ്പെട്ടവർ അതിനായി ശ്രമിക്കുന്നുമില്ല.
             നാട്ടിലിറങ്ങി പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന കടുവകളെ കൈകാര്യം ചെയ്യാൻ ദേശീയ കടുവ സംരക്ഷണ അഥോറിട്ടി കൃത്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെങ്കിലും അവയൊന്നും വയനാട്ടിൽ പ്രാവർത്തികമാക്കുന്നില്ല. ജില്ലാ ഭരണകൂടം കുറ്റകരമായ നിസ്സംഗതയാണ് കാണിക്കുന്നത്.
          കൊറോണ പടർന്നു പിടിച്ചപ്പോൾ ആ ദുരന്തം നേരിടാൻ ആരോഗ്യവകുപ്പിനെ മാത്രം ചുമതലയേൽപ്പിക്കാതെ കേന്ദ്ര സംസ്ഥാന സർക്കാറുകളും ത്രിതല  പഞ്ചായത്തുകളും ഒത്തൊരുമിച്ചാണ് പ്രവർത്തിച്ചത്. വയനാട്ടിലെ ഇന്നത്തെ അവസ്ഥ പരിഹരിക്കാൻ അത്തരമൊരു കൂട്ടായ പവർത്തനം നടക്കാത്തത് അപലപനീയമാണ്. ജില്ലാ ദുരന്ത നിവാരണ അഥോറിട്ടി ഉത്തരവാദത്തിൽ നിന്നും ഒളിച്ചോടുകയാണ്.
          ഇണചേരൽ കാലത്ത് എല്ലാ വർഷവും കടുവകൾ നാട്ടിലിറങ്ങുകയും വളർത്തുമൃഗങ്ങളെ കൊല്ലുകയും ചെയ്യുന്ന സംഭവങ്ങൾ ആവർത്തിക്കുമെന്നും അവയെ നേരിടാൻ ശക്തമായ തയ്യാറെടുപ്പുകളും ഒരുക്കങ്ങളും നടത്തണമെന്നും 2012 ൽ ഇന്ത്യയിലെ പ്രമുഖ കടുവ വിദഗ്ദരും ശാസ്ത്രജ്ഞരും മുന്നറിയിപ്പു നൽകിയിരുന്നെങ്കിലും ഭരണകൂടം അതു ചെവിക്കൊണ്ടില്ല.
   പ്രതിവർഷം 500 കോടി രൂപ കേന്ദ്ര ബജറ്റിൽ വകയിരുത്തിയാണ് പ്രധാനമന്ത്രി ചെയർമാനായ ദേശീയ കടുവ സംരക്ഷണ അഥോറിട്ടി കടുവ സംരക്ഷണം നടത്തുന്നത്.
         അയൽ സംസ്ഥാനങ്ങളിൽ പ്രസവിച്ച് ദിവസം മുതൽ മരണം വരെ കടുവകളെ ദൈനം ദിനം നിരീക്ഷിക്കാനും ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്നവയെ മയക്കുവെടി വെച്ചോ കെണിയിൽ അകപ്പെടുത്തിയോ പിടികൂടി പുനരധിവാസകേന്ദ്രങ്ങളിൽ പാർപ്പിക്കാനുമുള്ള സംവിധാനമുണ്ട്. വയനാട്ടിൽ അവയൊന്നും തന്നെയില്ല. അവയെക്കുറിച്ചൊന്നും വനം വകുപ്പ് ചിന്തിച്ചിട്ടുമില്ല.                                          
          ഇന്നത്തെ ഗുരുതര സാഹചര്യം നേരിടാനായി വനമദ്ധ്യത്തിലെ മുഴുവൻ ഗ്രാമങ്ങളും പുനരധിവസിപ്പിക്കുകയും വനയോര ഗ്രാമങ്ങളെ ജനവാസ കേന്ദ്രങ്ങൾക്കടുത്ത വനഭൂമിയിലേക്ക് മാറ്റിപ്പാർപ്പിക്കുകയും ബാക്കിയുള്ള വനമാകെ അടച്ചുറപ്പുള്ള വേലികൾ കെട്ടി ഭദ്രമാക്കുകയും ചെയ്യുന്ന ദീർഘകാല പദ്ധതിയെക്കുറിച്ചും കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ചിന്തിക്കേണ്ടിയിരിക്കുന്നു.                   
           താഴെ തട്ടിലുള്ള വനസംരക്ഷണ ഉദ്യോഗസ്ഥരെയും ജനങ്ങളെയും ശത്രുക്കളാക്കുന്ന അവസ്ഥയ്ക്ക് അറുതി വരുത്തണമെന്നും സമിതി ആവശ്യപ്പെട്ടു.
         സമിതി യോഗത്തിൽ എൻ. ബാദുഷ അദ്ധ്യക്ഷൻ.എ.വി. മനോജ് , ബാബു മൈലമ്പാടി , പി.എം. സുരേഷ് , തോമസ്സ് അമ്പലവയൽ , സണ്ണി മരക്കടവ് പ്രസംഗിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *