നെല്ലച്ഛൻ ചെറുവയല്‍ രാമന് അഭിനന്ദനമേകി സസ്യശാസ്ത്ര സംഘം

മാനന്തവാടി : ചെറുവയല്‍ രാമന്‍ സ്വന്തമായി കൃഷി ചെയ്തു സംരക്ഷിക്കുന്ന നെല്‍വിത്തുകളുടെ ശേഖരം കണ്ട് അത്ഭുതവും ആഹ്ലാദവും പങ്കിട്ട് സസ്യശാസ്ത്രജ്ഞര്‍. കാലിക്കറ്റ് സര്‍വകലാശാലാ ബോട്ടണി വിഭാഗം നടത്തി വരുന്ന ആഗോള പ്ലാന്റ് ഫിസിയോളജി സെമിനാറിന്റെ ഭാഗമായാണ് ലോകത്തിലെ വിവിധ സര്‍വകലാശാലയിലെ സസ്യ ശാസ്ത്രജ്ഞര്‍ ആദിവാസി കര്‍ഷനും അപൂര്‍വ നെല്‍വിത്തുകളുടെ സംരക്ഷകനുമായ ചെറുവയല്‍ രാമന്റെ വീട്ടിലെത്തിയത്.
ആസ്ട്രേലിയയിലെ ടാസ്മാനിയ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. സര്‍ജി ഷബാല, ഹംഗറിയിലെ ബയോളജിക്കല്‍ ഗവേഷണ നിലയത്തിലെ പ്രൊഫ. സില്‍വിയ ടോത്ത്, അമേരിക്കയിലെ മസാച്യുസറ്റസ് സര്‍വകലാശാലയിലെ പ്രൊഫ. ഓം പ്രകാശ് ദാങ്കര്‍, പഞ്ചാബിലെ അഗ്രി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡയറക്ടര്‍ പ്രൊഫ. അശ്വിനി പരീഖ് എന്നിവരെക്കൂടാതെ ഇന്ത്യയിലെ വിവിധ സര്‍വകലാശാലയിലെ പ്രൊഫസര്‍മാരും ഗവേഷകരും രാമന്റെ വീട്ടില്‍ എത്തിയിരുന്നു.
രാമന്‍ സംരക്ഷിച്ചു പോരുന്ന അപൂര്‍വയിനം നെല്‍വിത്തുകള്‍ ഓരോന്നും ശാസ്ത്രഞര്‍ക്ക് പരിചയപെടുത്തി. അമ്പതോളം നെല്ലിനങ്ങളും ഔഷധച്ചെടികളുമെല്ലാം കൃഷി ചെയ്തു സംരക്ഷിക്കുന്ന രാമന്‍ ഇവര്‍ക്ക് അത്ഭുത മനുഷ്യനായി. അസുലഭമായ നെല്‍വിത്തുകളുടെ ഇനിയും കണ്ടെത്താത്ത അറിവുകള്‍ പുറം ലോകത്തേക്ക് കൊണ്ടുവരേണ്ടതുണ്ടെന്ന് ശാസ്ത്രജ്ഞര്‍ രാമനോട് പറഞ്ഞു. ഇദ്ദേഹത്തെ ആദരിക്കുന്നതിനും അറിവു പങ്കിടുന്നതിനുമായി കാലിക്കറ്റ് സര്‍വകലാശാലാ സസ്യശാസ്ത്ര വിഭാഗം മേധാവി പ്രൊഫ. ജോസ് ടി പുത്തൂരിന്റെയും തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജ് ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. അബ്ദുസലാമിന്റെയും നേതൃത്വത്തിലാണ് സസ്യശാസ്ത്ര സംഘമെത്തിയത്.



Leave a Reply