March 28, 2024

കാർഷിക വിപ്ലവത്തിനായി ‘നിക്ര’ പദ്ധതി

0
Img 20221109 Wa00392.jpg
അമ്പലവയൽ: കാലാവസ്ഥ വ്യതിയാനം മൂലം കാർഷിക മേഖലയിലെ പ്രശ്നങ്ങൾ അതിജീവിക്കുന്നതിനായി നാഷണൽ ഇനീഷ്യേറ്റീവ് ഓൺ ക്ലൈമറ്റ് റെസിലിയന്റ് അഗ്രികൾച്ചർ ( നിക്ര) പദ്ധതി വയനാട് കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ മുള്ളൻകൊല്ലി പഞ്ചായത്തിൽ പ്രവർത്തനം ആരംഭിച്ചു. കേന്ദ്ര പദ്ധതിയായ നിക്ര സംസ്ഥാനത്ത് വയനാട് ഉൾപ്പെടെ 5 ജില്ലകളിലാണ് നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി കൊളവള്ളിയിൽ തെരഞ്ഞെടുത്ത കർഷകർക്ക് കാർഷിക ഉപകരണങ്ങൾ കീടനിയന്ത്രാണോപാധികൾ എന്നിവ വിതരണം ചെയ്യുന്നു. മഴയുടെ അളവ് അറിയുന്നതിനായി പാടശേഖര പരിസരത്ത് മഴമാപിനി സ്ഥാപിച്ചു. ജല ലഭ്യതയുടെ അടിസ്ഥാനത്തിൽ കാർഷിക പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നതിന്റെ ആദ്യപടിയാണിത്. പ്രദേശത്ത് വരൾച്ചയെ അതിജീവിക്കാൻ ശേഷിയുള്ള ചെറുധാന്യങ്ങളുടെയും പയറിനങ്ങളുടെയും കാലിത്തീറ്റവിളകളുടെയും കൃഷി രീതി പ്രചരിപ്പിക്കാൻ ആവശ്യമായ പരിശീലനങ്ങളും മുൻനിരപ്രദർശനങ്ങളും നടത്തുന്നു. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി മൺകയ്യാലകൾ ശക്തിപ്പെടുത്തുന്നതിനായി കയ്യാലകളിൽ തീറ്റപ്പുല്ല് നടുകയുണ്ടായി.
 ആദ്യഘട്ടത്തിൽ കൊളവള്ളി പാടശേഖരത്തിൽ 20 ഹെക്ടർ സ്ഥലത്ത് ഡ്രോൺ ഉപയോഗിച്ച് സൂക്ഷ്മ മൂലക മിശ്രിതമായ സമ്പൂർണ്ണ, ജൈവരോഗ നിയന്ത്രണാപാധിയായ സ്യൂഡോമോണാസ് എന്നിവ തളിച്ചു. കുരുമുളകിൽ വരൾച്ച മൂലമുള്ള ഉത്പാദനക്കുറവ് നികത്തുന്നതിനായി വാം അഥവാ മൈക്കോറൈസ നിമാ വിരകളെ നിയന്ത്രിക്കുന്നതിനായി പോച്ചോണിയ, ദ്വിതീയ സൂക്ഷ്മ മൂലക മിശ്രിതമായ അയർ എന്നിവ വിതരണം ചെയ്യുന്നു. മൃഗസംരക്ഷണ പരിപാടികളുടെ ഭാഗമായി നവംബർ 22ന് അനിമൽ ഹെൽത്ത് ക്യാമ്പ് സംഘടിപ്പിക്കുന്നു. അന്നേദിവസം തന്നെ പദ്ധതിയിൽ ഉൾപ്പെട്ട 100 കർഷകരുടെ തോട്ടത്തിൽ നിന്നും മണ്ണ് സാമ്പിളുകൾ പരിശോധിച്ച് ശാസ്ത്രീയ വളപ്രയോഗ നിർദ്ദേശങ്ങൾ ലഭ്യമാക്കുന്നു.ജില്ലാ കൃഷി വിജ്ഞാനകേന്ദ്രം, മുള്ളൻകൊല്ലി കൃഷിഭവൻ, ഗ്രാമപഞ്ചായത്ത്, മണ്ണ് സംരക്ഷണ വകുപ്പ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, മൃഗസംരക്ഷണ വകുപ്പ് എന്നീ സ്ഥാപനങ്ങൾ ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി പ്രത്യേകകർമ്മസമിതി രൂപവത്കരിച്ചു. കർഷകർക്ക് പൊതു ഉപയോഗത്തിനായി 2 ലക്ഷം രൂപയുടെ കാർഷികോപകരണങ്ങൾ കർമ്മസമിതി മുഖേന ലഭ്യമാക്കുന്നു.
 പരിപാടിയിൽ കൃഷി വിജ്ഞാനകേന്ദ്രം പ്രോഗ്രാം കോഡിനേറ്റർ ഡോ. എൻ. ഇ സഫിയ സ്വാഗതം ആശംസിച്ചു. മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡന്റ് പി കെ വിജയൻ അധ്യക്ഷനായി. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ ജോസ്, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ ബിന്ദു മേനോൻ, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോർഡിനേറ്റർ പ്രീതി മേനോൻ എന്നിവർ പങ്കെടുത്തു. മുള്ളൻകൊല്ലി കൊളവള്ളി പ്രദേശത്തെ വരൾച്ച മൂലമുള്ള പ്രശ്നങ്ങൾ തടയുന്നതിന് വിവിധ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിൽ പദ്ധതി മാർഗരേഖ തയ്യാറാക്കി നടപ്പിലാക്കാൻ യോഗത്തിൽ തീരുമാനമായി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *