തലക്കര ചന്തു കാടിന്റെ വീരപുത്രൻ: പി.കെ. കൃഷ്ണദാസ്

പനമരം: തലക്കര ചന്തു കാടിന്റെ വീരപുത്രനാണെന്ന് റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻ ചെയർമാനും ഭാരതീയ ജനതാ പാർട്ടി ദേശീയ സമിതി അംഗവുമായ പി.കെ. കൃഷ്ണദാസ്. ആസാദി കാ അമൃത മഹോത്സവത്തിന്റെ ഭാഗമായി ആസാദി കാ അമൃത മഹോത്സവ സമിതി, വയനാട് പൈതൃക പഠന കേന്ദ്രം, കേരള വനവാസി വികാസ കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന തലക്കര ചന്തു അനുസ്മരണ സമ്മേളനം പനമരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പോരാട്ടത്തിന്റെ സർവ്വ സൈന്യാധിപൻ ആയിരുന്ന ചന്തു നാടന്റെ അഭിമാനമായിരുന്നു. ഇത്തരത്തിലുള്ള വീരയോദ്ധാക്കളുടെ സ്മരണ നാടിന്റെ നിലനിൽപ്പിന് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അദ്ദേഹത്തിന് ചരിത്ര താളുകളിൽ സ്ഥാനം ലഭിച്ചില്ല. സ്വാതന്ത്ര്യാനന്തരവും അത് എഴുതി ചേർത്തതുമില്ല. പുതിയ തലമുറ ഇതൊന്നും പഠിക്കരുത് എന്ന് ചിലർ ശഠിച്ചു. ഇതിന്റെ ഭാഗമായി സ്വാതന്ത്ര്യത്തിന്റെ ഇരുപത്തിഅഞ്ചാം വർഷവും അമ്പതാം വർഷവും സമുചിതമായി ആഘോഷിക്കുന്നത് അവർ വിസ്മരിച്ചു. എന്നാൽ ഇന്നത്തെ കേന്ദ്ര സർക്കാർ ഗോത്ര പോരാളിയായ ബിർസാ മുണ്ഡയുടെയും തലക്കര ചന്തുവിന്റെയും ചരിത്രം പൊടിതട്ടിയെടുത്ത് പഠന വിധേയമാക്കികൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പഴശ്ശി രാജാവിന്റെയും തലക്കര ചന്തുവിന്റെയും എടച്ചന കുങ്കന്റെയും രാമൻ നമ്പിയുടെയും സ്മൃതി മന്ദിരങ്ങൾ ഉൾപ്പെടുത്തി തീർത്ഥാടക സർക്യൂട്ട് ആരംഭിക്കണമെന്നും. പനമരം ഗവർമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിന് തലക്കര ചന്തുവിന്റെ പേര് നൽകണം എന്നും അദ്ദേഹം പറഞ്ഞു. വനവാസി വികാസ കേന്ദ്രം സംസ്ഥാന അധ്യക്ഷൻ കെ.സി. പൈതൽ അധ്യക്ഷത വഹിച്ചു. വയനാട് പൈതൃക പഠനകേന്ദ്രം സെക്രട്ടറി വി.കെ. സന്തോഷ് കുമാർ അനുസ്മരണ പ്രഭാഷണം നടത്തി. വനവാസി വികാസകേന്ദ്രം ഛത്രാവാസ പ്രമുഖ് എ.കെ. ശ്രീധരൻ, സംസ്ഥാന രക്ഷാധികാരി പള്ളിയറ രാമൻ, സ്വാഗത സംഘം ജനറൽ കൺവീനർ സി.കെ. ബാലകൃഷ്ണൻ, വയനാട് പൈതൃക സംരക്ഷണ കർമ്മസമിതി അധ്യക്ഷൻ എ.വി. രാജേന്ദ്രപ്രസാദ്, എന്നിവർ സന്നിഹിതരായിരുന്നു. പരിപാടിയിൽ കേരള വനവാസി വികാസകേന്ദ്രം നൽകുന്ന മൂന്നാമത് വനമിത്ര സേവാ പുരസ്‌കാരം ചരിത്രഗ്രന്ഥകാരൻ വി.കെ സന്തോഷ് കുമാറിന് അഖില ഭാരതീയ ചത്രവാസ് പ്രമുഖ് എ.കെ. ശ്രീധരൻ നൽകി ആദരിച്ചു.
സി.കെ. ശങ്കരൻ സ്വാഗതവും എ.ഗണേശൻ നന്ദിയും പ്രകാശിപ്പിച്ചു



Leave a Reply