January 31, 2023

പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവം : ജീവനക്കാരിൽ നിന്നും നഷ്ടപരിഹാരം ഈടാക്കി നൽകണം : പനമരം പൗരസമിതി

IMG-20230119-WA0008.jpg

പനമരം : ആശുപത്രി അധികൃതരുടെ അനാസ്ഥമൂലം പ്രസവാനന്തരം കഴിഞ്ഞ ദിവസം മരണപ്പെട്ട കമ്പളക്കാട് മൈലാടി സ്വദേശിനി നുസ്റത്തിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് പനമരം പൗരസമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു. സർക്കാർ ആശുത്രികളിലെ ഡോക്ടർമാർ അടക്കമുള്ള ജീവനക്കാരുടെ അനാസ്ഥമൂലമാണ് വീണ്ടും ഒരു മരണം കൂടി സംഭവിക്കാൻ ഇടയാക്കിയത്. കൽപ്പറ്റ ജനറൽ ആശുപത്രിയിൽ വെച്ച് നടത്തിയ സിസേറിയനിൽ വന്ന പിഴവാണ് നുസ്റത്ത് മരിക്കാനിടയാക്കിയതെന്നാണ് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കണമെങ്കിൽ ആരോപണ വിധേയർക്കെതിരെ നിയമനടപടി സ്വീകരിക്കുകയും അവരിൽ നിന്നും നഷ്ടപരിഹാരം ഈടാക്കി കുടുംബത്തിന് നൽകുകയും വേണം. അടുത്ത കാലത്തായി കൽപ്പറ്റ ജനറൽ ആശുപത്രിയിൽ പ്രസവത്തിനെത്തുന്നവരെ അവസാന ഘട്ടത്തിൽ മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്ത് പ്രതിസന്ധിയിലാക്കുന്നതായി വ്യാപക പരാതികളും ഉണ്ട്. ഇവർ പിന്നീട് പല ആശുപത്രികളും കയറേണ്ട ഗതികേടാണ്. നിർധന കുടുംബങ്ങൾ സ്വകാര്യ ആശുപത്രികളിലേക്കെത്തുന്നതോടെ സാമ്പത്തീക ബാധ്യതകൾക്കും ഇടയാക്കുകയാണ്.
കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പുതുശ്ശേരിയിലെ തോമസിന്റെ മരണത്തിന് ഉത്തരവാദി മാനന്തവാടി ഗവ.മെഡിക്കൽ കോളേജ് ജീവനക്കാരാണെന്ന് കുടുംബം പറയുന്നുണ്ട്. മരണപ്പെട്ട തോമസിന്റെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്ന നഷ്ട പരിഹാരം ഒരു കോടി രൂപ അടിയന്തിരമായി സർക്കാർ നൽകണം. ഈ തുകയും ജീവനക്കാരിൽ നിന്നും ഈടാക്കണം.
          
വയനാട്ടിലെ ഓരോ ആശുപത്രികളുടേയും ഗ്രേഡിന്‌ അനുസരിച്ച് ജീവനക്കാരേയും സൗകര്യങ്ങളും ഏർപ്പെടുത്തേണ്ടത് സർക്കാരാണ്. അടിസ്ഥാന സൗകര്യങ്ങൾ പോലും വർധിപ്പിക്കാതെ ഒരു ജില്ലാ ആശുപത്രിയുടെ മുൻപിൽ മെഡിക്കൽ കോളേജ് എന്ന ബോർഡ് സ്ഥാപിച്ചത് കൊണ്ട് ഭരിക്കുന്നവർക്ക് രാഷ്ട്രീയ നേട്ടം ഉണ്ടാക്കാം എന്നല്ലാതെ പൊതു ജനത്തിന് യാതൊരു ഗുണവും ഉണ്ടാവുന്നില്ല. മെഡിക്കൽ കോളേജിൽ ലഭിക്കുന്ന ചികിത്സാ സൗകര്യങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയോടെ അവിടെ എത്തുന്ന രോഗികളുടെ മരണം ഉറപ്പാക്കുന്ന നടപടിയായി ഇത് മാറുകയാണ്.
               
മെഡിക്കൽ കോളേജ് എന്ന പ്രഖ്യാപനം നടത്തിയിട്ടില്ലായിരുന്നു വെങ്കിൽ ഒരുപക്ഷെ, ആളുകൾ കോഴിക്കോട് മെഡിക്കൽ കോളേജിനേയോ സൗകര്യങ്ങളുള്ള മറ്റ് സ്വകാര്യ ആശുപത്രികളേയോ ആശ്രയിക്കുകയും ജീവൻ രക്ഷിക്കുകയും ചെയ്തേനെ. വെറുതെ പ്രഖ്യാപനങ്ങൾ നടത്തി ജനങ്ങളെ വഞ്ചിച്ച നടപടി പിൻവലിച്ച് ഒരു ജില്ലാ ആശുപത്രിക്ക് ആവശ്യമായ സൗകര്യങ്ങളെങ്കിലും മാനന്തവാടി ജില്ലാ ആശുപത്രിയിൽ ഒരുക്കണമെന്നും പനമരം പൗരസമിതി ആവശ്യപ്പെട്ടു.
                    
യോഗത്തിൽ ചെയർമാൻ അഡ്വ. ജോർജ് വാത്തുപറമ്പിൽ അധ്യക്ഷത വഹിച്ചു. കൺവീനർ റസാഖ് സി. പച്ചിലക്കാട്, ട്രഷറർ വി.ബി രാജൻ, ജോ. കൺവീനർ കാദറുകുട്ടി കാര്യാട്ട്, ടി. ഖാലിദ്, മൂസ കൂളിവയൽ, വിജയൻ മുതുകാട്, അജ്മൽ തിരുവാൾ, സജി എക്സൽ, സജീവൻ ചെറുകാട്ടൂർ, ജലീൽ പള്ളിപ്പുറം, ടി.പി സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
AdAdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *