March 29, 2024

കര്‍ഷകര്‍ക്കെതിരെയുള്ള ജപ്തി നടപടികള്‍ അവസാനിപ്പിക്കണം: ടി. സിദ്ധിഖ് എം.എല്‍.എ

0
Img 20230523 184607.jpg
കല്‍പ്പറ്റ: കര്‍ഷകര്‍ക്കെതിരെയുള്ള റവന്യു റിക്കവറി ഊര്‍ജ്ജിതമാക്കാനുള്ള നടപടി പുനപരിശോധിക്കുന്നതിനും, വായ്പ തിരിച്ചടക്കുവാന്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ സമയം നല്‍കുകയും കര്‍ഷകര്‍ക്ക് കാര്‍ഷിക ലോണില്‍ അനുവദിച്ചിരുന്ന മൂന്ന് ശതമാനം പലിശയിളവ് പുനസ്ഥാപിക്കാനുള്ള നടപടി അടിയന്തിരമായി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖ് ധനകാര്യ വകുപ്പ് മന്ത്രിക്ക് നിവേദനങ്ങള്‍ നല്‍കി. കഴിഞ്ഞ കാലങ്ങളിലുണ്ടായ കാലവര്‍ഷക്കെടുതികളിലും കോവിഡ് മഹാമാരിയുടെ പ്രഭാവത്തിലും വയനാട് ജില്ലയിലെ നിരവധി കര്‍ഷകരാണ് കടക്കെണിയിലായിട്ടുള്ളത്. ജില്ലയിലെ വലിയ ഒരു ശതമാനം കര്‍ഷകരും കൃഷിയെ ആശ്രയിക്കുന്നവരും, സഹകരണ ബാങ്കുകളില്‍ നിന്നും വായ്പയെടുത്ത് കൃഷി ചെയ്യുന്നവരുമാണ്. കൃഷി നാശം കാരണം ഇവര്‍ക്ക് പലപ്പോഴും ഈ ലോണുകള്‍ യഥാസമയം തിരിച്ചടക്കാന്‍ കഴിയുന്നില്ല. മാത്രമല്ല കാര്‍ഷിക വായ്പക്ക് സര്‍ക്കാര്‍ നല്‍കുവാനുള്ള സബ്‌സിഡി യഥാസമയം നല്‍കാത്തതിനാല്‍ സഹകരണ ബാങ്കുകളില്‍ നിന്നും സബ്ബ്‌സിഡി കര്‍ഷകര്‍ക്ക് ലഭ്യമാകുന്നില്ല. കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ ഉത്തരവായ തുക പോലും സമയബന്ധിതമായി നല്‍കുന്നില്ല. ഇതുകാരണം കൃഷി നാശത്തില്‍ നിന്നും കര്‍ഷകര്‍ക്ക് കരകയറുവാന്‍ കഴിയാതെ കൂടുതല്‍ ദുരിതത്തിലേക്ക് വീഴുകയാണ്. ഈ സാഹചര്യത്തിലാണ് വയനാട്ടിലെ കര്‍ഷക വായ്പാ കുടിശിക പിരിക്കുവാനും, ജപ്തി നടപടികള്‍ ഊര്‍ജ്ജിതമാക്കുവാനും ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഈ നടപടി കര്‍ഷകരോടുള്ള വെല്ലുവിളിയാണ്.
 പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍, സര്‍വീസ് സഹകരണ ബാങ്കുകള്‍, കാര്‍ഷിക ഗ്രാമവികസന ബാങ്കുകള്‍ എന്നിവ മുഖേന വിതരണം ചെയ്യുന്ന ഹ്രസ്വകാല കാര്‍ഷിക വായ്പകള്‍ക്ക് ഉത്തേജന പലിശ ഇളവ് പദ്ധതി നടപ്പിലാക്കിയത് മൂലം വയനാട് ജില്ലയിലെ സഹകരണ ബാങ്കുകള്‍ക്ക് ക്ലെയിം സംഖ്യ ഇനത്തില്‍ സര്‍ക്കാരില്‍ നിന്ന് 31.03.2023 വരെ 34.5 കോടി രൂപ നല്‍കുവാന്‍ ഉണ്ട്. കൂടാതെ കര്‍ഷകര്‍ നിലവില്‍ എടുത്തതായിരിക്കുന്ന ലോണ്‍ ക്ലോസ്സ് ചെയ്യുമ്പോള്‍ മൂന്ന് ശതമാനം പലിശ അടക്കേണ്ടതായിട്ടുള്ള സാഹചര്യം നിലവിലുണ്ട്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കര്‍ഷകര്‍ക്ക് 6 ശതമാനം പലിശയില്‍ 3 ശതമാനം നബാര്‍ഡും 3 ശതമാനം സംസ്ഥാന സര്‍ക്കാരും നല്‍കിയിരുന്നു. ഈ സബ്‌സിഡി തുക സംസ്ഥാന സര്‍ക്കാര്‍ കൃത്യമായി ബാങ്കുകള്‍ക്ക് നല്‍കാത്തതാണ് കര്‍ഷകരെ ഏറെ പ്രതിസന്ധിയിലാക്കുന്നത്. കര്‍ഷകരേയും, കാര്‍ഷിക മേഖലയേയും ബാധിക്കുന്ന ഈ വിഷയത്തില്‍ ധനകാര്യവകുപ്പില്‍ നിന്നും അടിയന്തിര ഇടപെടല്‍ ഉണ്ടാവണമെന്ന് എം.എല്‍.എ ധനകാര്യ വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *