March 29, 2024

എല്‍.ഡി.എഫ് അംഗങ്ങളുടെ ആക്ഷേപം വസ്തുതാ വിരുദ്ധം യു.ഡി.എഫ്

0
Img 20230601 081316.jpg
കല്‍പ്പറ്റ: ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗം ഭരണപക്ഷം ബഹിഷ്‌കരിച്ചെന്ന എല്‍.ഡി.എഫ് അംഗങ്ങളുടെ ആക്ഷേപം വസ്തുതാ വിരുദ്ധമാണെന്ന് യു.ഡി.എഫ് അംഗങ്ങള്‍. എല്‍.ഡി.എഫ് അംഗങ്ങള്‍ പഞ്ചായത്ത് രാജ് നിയമപ്രകാരം പ്രത്യേക ഭരണസമിതി യോഗം വിളിച്ചു ചേര്‍ക്കണം എന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ ജില്ലാ പഞ്ചായത്തില്‍ ഭരണസമിതി യോഗം വിളിച്ചു ചേര്‍ത്തത്. യോഗത്തില്‍ പങ്കെടുത്ത മുഴുവന്‍ മെമ്പര്‍മാര്‍ക്കും ബന്ധപ്പെട്ട കാര്യങ്ങളില്‍ വിശദമായി സംസാരിക്കാനുള്ള അവസരം നല്‍കിയിരുന്നു. ഈ ചര്‍ച്ചകള്‍ക്ക് ശേഷം ജില്ലാ പഞ്ചായത്തിന്റെ തീരുമാനങ്ങള്‍ പ്രസിഡന്റ് എന്നുള്ള രീതിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഭരണസമിതി യോഗത്തില്‍ അറിയിച്ചു. നിലവില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്ന ഒരു കേസില്‍ മറ്റൊരു അന്വേഷണം നടത്തുന്നത് യുക്തിസഹമല്ല, ഇന്നലെ മുതല്‍ സര്‍വീസില്‍ ഇല്ലാത്ത ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ക്കെതിരെ വകുപ്പ് നടപടി ആവശ്യപ്പെടുക എന്നത് ശരിയായ കീഴ്‌വഴക്കമല്ല എന്നീ കാര്യങ്ങളാണ് പ്രസിഡന്റ് യോഗത്തെ അറിയിച്ചത്. പിന്നാലെ യോഗം അവസാനിപ്പിച്ചതായി പ്രസിഡന്റ് അറിയിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് ജില്ലാ പഞ്ചായത്തിലെ യു.ഡി.എഫ് അംഗങ്ങളും സെക്രട്ടറി അടക്കമുള്ള ജീവനക്കാരും ഹാളില്‍ നിന്ന് പുറത്തേക്ക് പോയത്. ഇതിന് ശേഷം എല്‍.ഡി.എഫ് അംഗങ്ങള്‍ ഹാളില്‍ നില്‍ക്കുകയായിരുന്നു. പിന്നീട് ഇവിടെ മെഴുകുതിരി കത്തിച്ച് അവര്‍ പ്രതിഷേധിക്കുകയും ഭരണസമിതി അംഗങ്ങള്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയെന്ന കള്ളപ്രചരണം അഴിച്ചുവിടുകയുമാണ് ചെയ്തത്. വിജിലന്‍സ് അന്വേഷണത്തിന്റെ കണ്ടെത്തലുകള്‍ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കുന്നതിന് ജില്ലാ പഞ്ചായത്ത് ഭരണസമിതി എതിരല്ല. വകുപ്പുതല നടപടി വിദ്യാഭ്യാസ വകുപ്പ് എടുക്കുന്നതില്‍ ജില്ലാ പഞ്ചായത്ത് ഭരണ സമിതി യാതൊരു തരത്തില്‍ ഇടപെടുകയില്ലെന്നും യോഗത്തെ അറിയിച്ചതാണ്. എസ്റ്റിമേറ്റ് അധികരിച്ച തുകക്കാണ് പ്രവൃത്തി നടത്തിയത് എന്നതും സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കാഡ്‌കോ നല്‍കിയ ഫര്‍ണിച്ചറുകള്‍ക്ക് ഗുണമേന്മ ഇല്ല എന്നുള്ള എല്‍.ഡി.എഫ് അംഗങ്ങളുടെ ആവശ്യവും പരിഗണിച്ച് കേരളത്തില്‍ കാഡ്‌കോ നടത്തിയ മുഴുവന്‍ പ്രവൃത്തികളെ കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, വ്യവസായ വകുപ്പ് മന്ത്രി, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി, പ്രതിപക്ഷ നേതാവ് തുടങ്ങിയവര്‍ക്ക് കത്ത് നല്‍കാനും ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചിട്ടുണ്ട്. അതേസമയം കാഡ്‌കോ നല്‍കിയ എസ്റ്റിമേറ്റും ഇന്‍വോയ്‌സും അംഗീകരിച്ച പ്രെക്യൂര്‍മെന്റ് കമ്മിറ്റിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സനും അംഗങ്ങളാണ്. പിന്നാലെ നടന്ന ഭരണസമിതി യോഗത്തില്‍ പ്രസ്തുത തീരുമാനം അംഗീകരിക്കുമ്പോഴും യാതൊരുവിധ ആക്ഷേപവും എല്‍.ഡി.എഫ് അംഗങ്ങളായ ഇവര്‍ ഉയര്‍ത്തിയിരുന്നില്ല. എന്നാല്‍ പ്രവൃത്തി പൂര്‍ത്തീകരിച്ചതിന് ശേഷം ആക്ഷേപവുമായി വരികയായിരുന്നു ഇവരടങ്ങുന്ന എല്‍.ഡി.എഫ് അംഗങ്ങള്‍. ഇത് കേവലം രാഷ്ട്രീയ പകപോക്കല്‍ മാത്രമാണ്. മാത്രമല്ല, പ്രസ്തുത ആക്ഷേപങ്ങള്‍ പറയുന്നതിനും ആവശ്യങ്ങള്‍ അറിയിക്കുന്നതിനും ഏപ്രില്‍ മാസത്തില്‍ ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗം വിളിച്ചുചേര്‍ത്തിരുന്നു. ഈ യോഗത്തില്‍ ഒരാവശ്യവും ഉന്നയിക്കാതെ ഭരണസമിതി യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയ എല്‍.ഡി.എഫ് അംഗങ്ങള്‍ ഇന്നലെ അതിന്റെ ജാള്യത മറക്കാന്‍ വേണ്ടി നടത്തിയ നാടകമാണ് പ്രതിഷേധമെന്ന പേരില്‍ അരങ്ങേറിയെതന്നും യു.ഡി.എഫ് അംഗങ്ങളായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, എം. മുഹമ്മദ് ബഷീര്‍, ഉഷാ തമ്പി, ബീന ജോസ്, കെ. ബി. നസീമ അമല്‍ ജോയ്, സീതാ വിജയന്‍,മീനാക്ഷി രാമൻ തുടങ്ങിയവര്‍ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *