മുട്ടിൽ മരം മുറിക്കേസ് അട്ടിമറിക്കാൻ റവന്യൂ-വനം വകുപ്പുകളുടെ ഒത്താശ
കൽപ്പറ്റ :പട്ടയം ലഭിച്ച ശേഷം ഭൂമിയിൽ സ്വയം കിളിർത്തു വന്ന വീട്ടി മരങ്ങളാണ് മുറിച്ചതെന്ന വാദം തെറ്റാണെന്ന് ഡി. എൻ.എ ടെസ്റ്റിലൂടെ തെളിയിക്കപ്പെട്ടിട്ടും ആദിവാസികൾ അടക്കമുള്ള കർഷകരെ വഞ്ചിച്ചും വ്യാജരേഖകളുണ്ടാക്കിയുമാണ് പാസ്സിന്നുള്ള അപേക്ഷ സമർപ്പിച്ചതെന്നുമുള്ള ഫോറൻസിക്ക് തെളിവുകൾ ലഭിച്ചിട്ട് ഒരു മാസം കഴിഞ്ഞിട്ടും പ്രതികൾക്കെതിരായ ചാർജ്ജ് ഷീറ്റ് സമർപ്പിക്കുകയോ ശക്തമായ വകുപ്പുകൾ ചുമത്തുകയോ ചെയ്യാതെ സർക്കാർ ഒത്തുകളിക്കുകയാണ്. ശക്തമായ നടപടികളുണ്ടാകുമെന്ന വനം മന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളെ കബളിപ്പിക്കാനും കണ്ണിൽ പൊടിയിടാനും മാത്രം ഉദ്ദേശിച്ചാണെന്ന് മുട്ടിൽ മരം മുറിയുടെ പിന്നാമ്പുറങ്ങൾ പരിശോധിച്ചാൽ പകൽ പോലെ വ്യക്തമാകും.
മുട്ടിൽ മരം മുറിക്കൊപ്പം കേരളത്തിലുടനീളം അനേക കോടിയുടെ വീട്ടി, തേക്ക് മരങ്ങൾ മുറിച്ചു കടത്തിയ വാർത്തകൾ പുറത്തു വന്നതിനെ തുടർന്ന് സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം രണ്ടു വർഷം കഴിഞ്ഞിട്ടും കേസന്വേഷണം പൂർത്തിയാക്കിയിട്ടില്ല. മുട്ടിൽ വില്ലെജിലെ മരങ്ങളുടെ ഡിഎൻഎ ടെസ്റ്റ് റിപ്പോർട്ട് മാത്രമാണ് പുറത്തുന്നത്. മറ്റു പ്രദേശത്ത് മരങ്ങൾ കസ്റ്റഡിയിൽ എടുക്കുക പോലും ചെയ്തിട്ടില്ല. പ്രത്യേക അന്വേഷണ സംഘമാകട്ടെ മരം മുറിക്ക് കാരണമായ 2020 ഒക്ടോബർ മാസത്തിലെ റവന്യൂ സെക്രട്ടറി പുറപ്പെടുവിച്ച , നിയമ വിരുദ്ധവും എങ്ങിനെയും വ്യാഖ്യാനിക്കാൻ പറ്റുന്നവിധം അതിവിചിത്രവുമായ സർക്കാർ സർക്കുലറിന്റെ പിന്നിലുള്ള ഗൂഢാലോചനയെക്കുറിച്ച് അന്വഷിച്ചിട്ടു പോലുമില്ല. എന്നിരിക്കേ കേരളചരിത്രത്തിലെ ഏറ്റവും വലിയ മരകൊള്ളയുടെ പിന്നിലെ ഭരണനേതൃത്വത്തിന്റെ ഗൂഢാലോചന വെളിപ്പെടുകയോ മരം മുറിച്ച പ്രതികൾ ശിക്ഷിക്കപ്പെടുകയോ ചെയ്യില്ലെന്ന് വ്യക്തമായിരിക്കയാണ് .
ഇപ്പോൾ നടന്നു വരുന്ന പൊലീസ് അന്വഷണത്തിൽ വനം വകുപ്പിന്റെയും റവന്യൂ വകുപ്പിന്റെയും ഏകോപനം യധാവിധി നടന്നിട്ടില്ല. ഫോറസ്റ്റ് കേസ്സുകൾ തെളിഞ്ഞാൽ തന്നെ നാമമാത്രമായ പിഴയും ആറുമാസത്തിൽ താഴെയുള്ള തടവും മാത്രമാണ് ശിക്ഷ. പൊതു മുതൽ നശിപ്പിച്ചതിനും ആദിവാസി അതിക്രമം തടയൽ നിയമമനുസരിച്ചുമുള്ള വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്തപ്പെട്ടിട്ടില്ല.
റവന്യൂവകുപ്പാണ് ഏറ്റവും വലിയ കള്ളകളികൾ നടത്തുന്നത്. പ്രതികൾക്കു മേൽ കെ.എൽ.പി ആക്ട് ചുമത്താത് എന്തുകൊണ്ടാണെന്ന് സർക്കാർ വ്യക്തമാക്കണം. പ്രസ്തുത വകുപ്പ് ചുമത്തിയാൽ കണക്കാക്കപ്പെട്ട 10 കോടിയുടെ നഷ്ടത്തിന്റെ നാല് മടങ്ങ് പിഴ നൽകേണ്ടിവരും. മരം കൊള്ളക്ക് കൂട്ടുനിന്ന അന്നത്തെ ജില്ലാ കളക്റ്ററും വൈത്തിരി തഹസിൽദാറും രക്ഷപ്പെട്ടു നിൽക്കുകയാണ്. സർക്കാർ സ്വത്തിന്റെ കസ്റ്റോഡിയൻമാരായ ഇവർ ഗുരുതരമായ വീഴ്ച്ചയാണ് വരുത്തിയത്.താഴെ തട്ടിലുള്ള ഉദ്യേഗസ്ഥരെ ബലിയാടാക്കുകയാണ് റവന്യൂ വകുപ്പ് ചെയ്തത്. അന്നത്തെ ജില്ലാ സർക്കാർ പ്ലീഡർ മരം മുറി നിയമവിരുദ്ധമാണെന്ന് ജില്ലാകലക്ടർക്ക് നിയമോപദശം നൽകിയതാണെങ്കിലും കളക്ടർ മരം മുറിക്ക് അരുനിൽക്കയാണ് ചെയ്തത്.
മുട്ടിൽ മരം മുറിയിലും സംസ്ഥാനത്തൊട്ടാകെ നടന്ന മരം കൊള്ളയിലും ഭാഗഭാഗാക്കായ വനം ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെട്ടിട്ടില്ല. പ്രത്യേക അന്യോഷണ സംഘത്തിലെ സത്യസന്ധരായ ഉദ്യോഗസ്ഥരെ രായ്ക്ക് രാമാനം വനം മന്ത്രി നേരിട്ട് സ്ഥലം മാറ്റുകയാണ് ചെയ്തത്. ഒരു കൊല്ലം മുൻപ് വീട്ടിമരങ്ങൾ കണ്ടു കെട്ടുന്ന നടപടികൾ അഡീഷണൽ ജില്ലാകോടതികോടതി സ്റ്റേ ചെയ്തത് വനം ഉദ്യോഗസ്ഥരുടെയും പുതിയതായി ചുമതലയേറ്റ ഗവൺമെന്റ് പ്ളീഡറുടെയും ഒത്താശയോടെയാണ്. വീട്ടിമരങ്ങൾ റോജി അഗസ്റ്റിൻ വിലക്കുവാങ്ങിയതാന്നെന്ന് വനം വകുപ്പ് കോടതിയിൽ സമ്മതിച്ചതിനെ തുടർന്നാണിത്. ഒരു വർഷമായിട്ടും ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിക്കാത്തത് എന്തുകൊണ്ടാണ് എന്ന് വനം വകപ്പ് മന്ത്രി വ്യക്തമാക്കണം. കസ്റ്റഡിയിൽ എടുത്ത മരം വെയിലും മഴയുമേറ്റ് നശിക്കാതിരിക്കാൻ ഷെഡ്ഡ് കെട്ടി സൂക്ഷിക്കണമെന്ന് ജില്ലാ കോടതിയുടെ പുതിയ ഉത്തരവ് നടപ്പാക്കുകയോ അപ്പീൽ നൽകുകയോ ചെയ്യാത്തത് കോടത വിധിയിലൂടെ മരങ്ങൾ പ്രതികൾക്ക് വിട്ടുകൊടുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്.
കേസ്സന്വേഷണം ഊർജ്ജിതപ്പെടുത്തി ശാസ്ത്രീയവും കുറ്റമറ്റതും വസ്തുനിഷ്ടവുമായ ചാർജ്ജ്ഷീറ്റ് ഉടനടി സമർപ്പിക്കണമെന്നും മരം മുറിക്ക് പശ്ചാത്തലമൊരുക്കിയ റവന്യൂ സെക്രട്ടറിയുടെ വിചിത്രമായ സർക്കുലറിന്റെ പിന്നിലുള്ള ഗൂഢാലോചനയെ സംബന്ധിച്ച് വിശ്വസനീയമായ അന്വേഷണം നടത്തി അവരെ കൂടി നിയമത്തിനു മുൻപിൽ കൊണ്ടുവരണമെന്നും പ്രകൃതി സംരക്ഷണ സമിതി യോഗം കേരള സർക്കാറിനോട് ആവശ്യപ്പെട്ടു.
യോഗത്തിൽ എൻ. ബാദുഷ അധ്യക്ഷൻ. തോമസ്സ് അമ്പലവയൽ , ബാബു മൈലമ്പാടി, എ.വി. മനോജ്, പി.എം സുരേഷ് , തച്ചമ്പത്ത് രാമകൃഷ്ണൻ , സണ്ണി മരക്കടവ്, സി.എസ് ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
–






Leave a Reply