November 8, 2026

തോല്‍പ്പെട്ടി നരിക്കല്ലില്‍ വയോധികയുടെ മരണം ; പ്രതി അറസ്റ്റിൽ

0
20230725_152807.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: തോല്‍പ്പെട്ടി നരിക്കല്ലില്‍ വയോധികയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റിലായി. കൊല്ലപ്പെട്ട പുതിയ പുരയില്‍ സുമിത്ര (63) യുടെ മകള്‍ ഇന്ദിരയുടെ രണ്ടാം ഭര്‍ത്താവായ തമിഴ്‌നാട് തിരുവണ്ണാമലൈ ഉപ്പുകോട്ടൈ മുരുകന്‍ (42) ആണ് അറസ്റ്റിലായത്. മാനന്തവാടി ഡിവൈഎസ്പി പിഎല്‍ ഷൈജുവിന്റെ മേല്‍നോട്ടത്തില്‍ തിരുനെല്ലി പോലീസ് ഇന്‍സ്‌പെക്ടര്‍ ജി വിഷ്ണുവാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇന്ദിരയെ വിദേശത്ത് വെച്ച് പരിചയപ്പെട്ട മുരുകന്‍ പിന്നീട് തോല്‍പ്പെട്ടിയില്‍ ഇവരോടൊപ്പമാണ് താമസിച്ച് വന്നിരുന്നത്. എന്നാല്‍ ഇന്ദിരയുടെ മാതാവായ സുമിത്ര പല തവണ ഇയാളെ വീട്ടില്‍ നിന്നും ഇറക്കിവിടാന്‍ ശ്രമിച്ചിരുന്നതായും ആയതിലുള്ള വിദ്വേഷം മൂലം സുമിത്രയുടെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം കട്ടിലിലേക്ക് തള്ളിയിട്ടതായാണ് പ്രതി പോലീസിന് നല്‍കിയ മൊഴി. ഞായറാഴ്ച രാവിലെ 8 മണിയോടെയായിരുന്നു സംഭവം. കട്ടിലിന്റെ പടിയില്‍ തലയിടിച്ച് രക്തം വാര്‍ന്ന് കിടന്ന സുമിത്രയെ മകന്‍ ബാബു മാനന്തവാടി മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും അവര്‍ മരിച്ചിരുന്നു. 
അമ്മ തലയടിച്ച് വീണതായി കണ്ടതിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചതെന്നാണ് ബാബു പോലീസില്‍ അറിയിച്ചത്. പോസ്റ്റ്മോര്‍ട്ടത്തില്‍ അസ്വാഭാവികത തോന്നിയ പോലീസ് കൂടുതല്‍ അന്വേഷിക്കുകയായിരുന്നു. തലയ്ക്കുള്ള ക്ഷതവും കഴുത്തിനേറ്റ പരിക്കുമാണ് കൊലപാതകമെന്ന നിഗമനത്തില്‍ പോലീസ് എത്തിയത്. തുടര്‍ന്ന് സംശയത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് മുരുകനെ കസ്റ്റഡിയിലെടുത്ത് നടത്തിയ അന്വേഷണത്തിലാണ് നിര്‍ണായക വിവരങ്ങള്‍ പുറത്ത് വന്നത്. ഇന്നലെ രാത്രിയില്‍ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കും.
ഇന്ദിര വിദേശത്ത് ജോലി ചെയ്യുന്ന സ്ഥലത്തെ ഡ്രൈവറായിരുന്നു മുരുകന്‍. പിന്നീട് ഇരുവരും സൗഹൃദത്തിലാകുകയായിരുന്നു. പിന്നീട് നാട്ടിലെത്തിയ ശേഷം ഇവര്‍ ഒരുമിച്ചായിരുന്നു താമസം. തുടര്‍ന്ന് ഇന്ദിര ജൂണില്‍ തിരികെ വിദേശത്തേക്ക് പോയിരുന്നു. ഇതിന് ശേഷം മുരുകന്‍ സുമിത്രയോടും, ഇന്ദിരയുടെ രണ്ട് മക്കളോടും ഒപ്പമാണ് വീട്ടില്‍ താമസിച്ച് വന്നിരുന്നത്. ഇന്ദിരയുടെ സഹോദരന്‍ ബാബുവും ഇവരോടൊപ്പമാണ് താമസം. കൃത്യം നടക്കുമ്പോള്‍ ബാബു വീടിന്റെ പുറത്ത് പോയതായിരുന്നു. ഇന്ദിരയുടെ മക്കള്‍ സംഭവം കണ്ടിട്ടില്ലെന്നാണ് പോലീസിന് മൊഴി നല്‍കിയത്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *