പടിഞ്ഞാറത്തറ-പൂഴിത്തോട് ബദല്‍പാത: വനംവകുപ്പിന്റെ നീക്കം ചെറുക്കണമെന്ന് ടി സിദ്ധിഖ് എം എല്‍ എ
കല്‍പ്പറ്റ: പടിഞ്ഞാറത്തറ-പൂഴിത്തോട് ബദല്‍പാത അട്ടിമറിക്കപ്പെടുന്ന കണ്ണൂര്‍ സി.സി.എഫ് നല്‍കിയ റിപ്പോര്‍ട്ട് തള്ളി കളഞ്ഞ് പദ്ധതി യാഥാഥ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കല്‍പ്പറ്റ നിയോജക മണ്ഡലം എം എല്‍ എ അഡ്വ ടി സിദ്ധിഖ് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രനോട് നേരില്‍ കണ്ട് നിവേദനം നല്‍കി.
ചുരത്തില്‍ നിരന്തരമായി ഗതാഗത കുരുക്ക് ഉണ്ടാകുന്ന സാഹചര്യത്തില്‍ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നായി അറിയപ്പെടുന്ന വയനാടിന്റെ വിനോദസഞ്ചാരമേഖലക്ക് മങ്ങല്‍ ഏല്‍പ്പിക്കുന്ന സ്ഥിതിയാണ് നിലനില്‍ക്കുന്നത്. ജില്ലയിലെ ജനങ്ങളുടെയും, ചുരം വഴി യാത്ര ചെയ്യുന്നവരുടേയും, രോഗികളുടേയും, വയനാട്ടിലേക്ക് എത്തുന്ന വിനോദസഞ്ചാരികളുടേയും യാത്രാദുരിതം പരിഹരിക്കുന്നതിന് വേണ്ടി ചുരമില്ലാതെ കോഴിക്കോടേക്ക് യാത്ര ചെയ്യാവുന്ന പടിഞ്ഞാറത്തറ-പൂഴിത്തോട് ബദല്‍ പാത അടിയന്തിരമായി യാഥാര്‍ഥ്യമാക്കേണ്ടതുണ്ട്. കഴിഞ്ഞമാസം പ്രസ്തുത ബദല്‍പാത സംയുക്ത പരിശോധന പൂര്‍ത്തീകരിച്ചിട്ടുള്ളതാണ്. കോഴിക്കോട് ജില്ലയിലെ പൂഴിത്തോട് ടൗണ്‍ മുതല്‍ പനയ്ക്കുംകടവ് കവല വരെ 2.610 കി.മീ ദൂരത്തിലും വയനാട് ജില്ലയിലെ പടിഞ്ഞാറത്തറ ടൗണ്‍ മുതല്‍ കുറ്റിയാംവയല്‍ പള്ളി ജംഗ്ഷന്‍ വരെ 7.225 കി.മീ ദൂരത്തിലും 1997-ന് മുമ്പായി നിലവിലുള്ള റോഡ് വീതികൂട്ടി പൂര്‍ത്തീകരിച്ചിട്ടുള്ളതാണ്. ഈ പാത നിര്‍മ്മിക്കുവാന്‍ ഭൂപ്രകൃതിയനുസരിച്ച് വലിയ പാര്‍ശ്വഭിത്തികളോ, മണ്‍പണിയോ, വലിയ പാലങ്ങളോ, ചെങ്കുത്തായ കയറ്റങ്ങളോ, വലിയ വളവുകളോ വേണ്ടി വരില്ലെന്നും, വനംവകുപ്പിന്റെ അനുമതി കിട്ടിയാല്‍ കുറഞ്ഞ സമയം കൊണ്ട് റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കാവുന്നതാണെന്നും പൊതുമരാമത്ത് നിരത്ത് വിഭാഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്.
എന്നാല്‍ റോഡ് കടന്നു പോകുന്ന വനഭൂമി വൃക്ഷനിബിഢവും നിരവധി ജീവികളുടെ വാസസ്ഥലവുമായതിനാല്‍ വന്യജീവികള്‍ക്ക് ഭീഷണിയുണ്ടാവാനും, മനുഷ്യ-വന്യജീവി സംഘര്‍ഷം രൂക്ഷമാകാനും സാധ്യതയുണ്ടെന്നും ആയതുകൊണ്ട് വിശദമായ പാരിസ്ഥിതികാഘാത പഠനം നടത്തേണ്ടതുണ്ടെന്നും, അതീവ ജൈവ പ്രാധാന്യമുള്ള വനഭൂമിയില്‍ പ്രസ്തുത റോഡ് നിര്‍മിക്കുന്നത് വന്യ ജീവികളുടെ ആവാസവ്യവസ്ഥക്കും പ്രദേശത്തിന്റെ പാരിസ്ഥിതിക സന്തുലനത്തിനും വലിയ ആഘാതം ഉണ്ടാക്കുമെന്നതിനാല്‍ റോഡ് നിര്‍മാണം ഉചിതമായിരിക്കില്ലെന്ന് കണ്ണൂര്‍ സി.സി.എഫ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ജില്ലയുടെ വികസനത്തിന് ഏറ്റവും കൂടുതല്‍ വിലങ്ങ് തടിയാകുന്ന ഈ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്ന് എം എല്‍ എ മന്ത്രിയോട് ആവശ്യപ്പെട്ടു. കൂടാതെ ശനിയാഴ്ച നടന്ന ജില്ലാ വികസന സമിതി യോഗത്തില്‍ പ്രസ്തുത റിപ്പോര്‍ട്ട് ഗൗരവമായി ചര്‍ച്ച ചെയ്യുകയും ഈ റിപ്പോര്‍ട്ട് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലായെന്നും എം.എല്‍.എ വ്യക്തമാക്കി. അത് കൊണ്ട് തന്നെ വയനാടിന്റെ ടൂറിസം മേഖലയുടെയും, റെയില്‍വേ, വ്യാമയാന, തുറമുഖ സൗകര്യങ്ങളില്ലാത്ത ജില്ലയിലെ ജനങ്ങളെ ഒറ്റപ്പെടുത്തുന്ന നിലപാട് തിരുത്തി വനംവകുപ്പ് നിലവില്‍ നല്‍കിയതായിരിക്കുന്ന റിപ്പോര്‍ട്ട് തള്ളിക്കളയണം. പ്രസ്തുത റോഡിന്റെ ആവശ്യകത മനസ്സിലാക്കി ജില്ലാ വികസന സമിതി റോഡ് യാഥാര്‍ഥ്യമാക്കാന്‍ നടപടിയുമായി മുന്നോട്ട് പോകാന്‍ ശുപാര്‍ശ ചെയ്യും. നേരത്തെ തന്നെ റോഡിന് ആവശ്യമായിട്ടുള്ള 52 ഏക്കര്‍ ഭൂമിക്ക് പകരം പ്രദേശത്തെ ജനങ്ങള്‍ 104 ഏക്കര്‍ ഭൂമി വനം വകുപ്പിന് വിട്ട് നല്‍കിയതാണെന്നും റോഡിന് ആവശ്യമായ നിക്ഷിപ്ത വനഭൂമി വനംവകുപ്പില്‍ നിന്നും ലഭ്യമാക്കണം.
അതോടൊപ്പം നേരത്തെ ആലോചിച്ച് മുന്നോട്ട് പോയ പദ്ധതിയായ ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ ബൈപാസ് യാഥാര്‍ഥ്യമാക്കാന്‍ ശുപാര്‍ശ ചെയ്യാന്‍ എം.എല്‍.എയുടെ നിര്‍ദ്ദേശാനുസരണം ജില്ലാ വികസന സമിതി യോഗം തീരുമാനമെടുത്തു. ഈ റോഡ് നിലവില്‍ വന്നാല്‍ മഴക്കാലത്ത് മണ്ണിടിച്ചിലും മറ്റും മൂലം താമരശേരി ചുരത്തിലും, കുറ്റ്യാടി ചുരത്തിലും തടസത്തിനും ഒരു പരിഹാരമാകും. മാത്രമല്ല, മൈസൂര്‍/ബാംഗ്ലൂര്‍ ഭാഗത്തേക്കുളള യാത്ര എളുപ്പമാക്കുമെന്നതിനാല്‍ പ്രസ്തുത പാത യാഥാര്‍ഥ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും എം എല്‍ എ മന്ത്രിയെ നേരില്‍ കണ്ട് ആവശ്യപ്പെട്ടു.
വയനാട് ബദല്‍ പാത യോഗവുമായി ബന്ധപ്പെട്ട വനംവകുപ്പ് റിപ്പോര്‍ട്ട് പുനപരിശോധിക്കണമെന്ന് വനംവകുപ്പ് മന്ത്രി പങ്കെടുത്ത യോഗത്തില്‍ എം.എല്‍.എ മന്ത്രിയോട് ആവശ്യപ്പെട്ടു. വയനാട് ജില്ലക്ക് കടല്‍, വ്യോമ, റെയില്‍വെ കണക്റ്റിവിറ്റി ഇല്ലാത്തതിനാല്‍ ചുരം ബൈപ്പാസ് കാലങ്ങളായിട്ടുള്ള മുറവിളിയാണെന്നും ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ നടപടി വേണമെന്നും മന്ത്രിയോട് ആവശ്യപ്പെട്ടു. ഇതനുസരിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ വകുപ്പ് മന്ത്രി നിര്‍ദ്ദേശം നല്‍കി.
Leave a Reply