ബദൽ റോഡുകൾക്കായി എൽഡിഎഫ് യാത്രയും ബഹുജന കൂട്ടായ്‌മയും
കൽപ്പറ്റ: ചുരം ബദൽ റോഡുകൾ യാഥാർഥ്യമാക്കണമെന്ന്‌ആവശ്യപ്പെട്ട് എൽഡിഎഫ് ജില്ലാകമ്മിറ്റി നേതൃത്വത്തിൽ ബദൽ റോഡുകളിലേക്ക് യാത്രയും ബഹുജന കൂട്ടായ്‌മയും നടത്തും. നവംബർ 14, 15 തീയതികളിലാണ് യാത്രയും കൂട്ടായ്‌മയും.
14ന് രാവിലെ ഒമ്പതിന് കുഞ്ഞോം–-വിലങ്ങാട്–-കുങ്കിച്ചിറ റോഡ് പ്രദേശത്തേക്കാണ് ആദ്യയാത്ര. 10ന് കോറോത്ത് പൊതുയോഗം. തുടർന്ന് പടിഞ്ഞാറത്തറ–-പൂഴിത്തോട് പാതയിലൂടെ സഞ്ചരിക്കും. പകൽ മൂന്നിന് പടിഞ്ഞാറത്തറ ടൗണിൽ പൊതുയോഗം.
തളിപ്പുഴ–-ചിപ്പിലിത്തോട് പാതയുടെ പ്രാധാന്യവും സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി വൈകിട്ട് തളിപ്പുഴയിൽ പൊതുയോഗം ചേരും. നിലമ്പൂർ–-മേപ്പാടി പാതയ്‌ക്കായും ശ്രദ്ധ ക്ഷണിക്കും.
വയനാട് തുരങ്കപാതയുടെ നടപടി വേഗത്തിലാക്കണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങളുയർത്തി 15ന് കൽപ്പറ്റയിൽ ബഹുജന കൂട്ടായ്‌മ സംഘടിപ്പിക്കും. എല്ലാ ബദൽ പാതകളുടെ സാധ്യതയും ചർച്ചചെയ്യും. വയനാട് റെയിൽവേ, എയർസ്‌ട്രിപ്പ് എന്നിവ യാഥാർഥ്യമാക്കുന്നതിന് ഇടപെടലുകൾ നടത്താനുള്ള തീരുമാനങ്ങളെടുക്കും.
കോഴിക്കോട്–-കൊല്ലഗൽ ദേശീയ പാതയിലെയും മാനന്തവാടി–-ബാവലി–-മൈസൂരു പാതയിലെയും രാത്രിയാത്രാ നിരോധനവിഷയവും ചർച്ചചെയ്യും. കർണാടകയിൽ കോൺഗ്രസ് അധികാരത്തിലെത്തിയ സാഹചര്യത്തിൽ രാത്രിയാത്രാ നിരോധനം നീക്കുന്നതിനും വയനാട് റെയിൽവേക്കായും കോൺഗ്രസും രാഹുൽഗാന്ധി എംപിയും ഇടപെടണമെന്ന ആവശ്യവും ഉയർത്തും. വയനാടിന്റെ യാത്രാപ്രശ്‌നങ്ങളിൽ സമഗ്രറിപ്പോർട്ട് തയ്യാറാക്കി മുഖ്യമന്ത്രിക്ക് കൈമാറും. മുഖ്യമന്ത്രിയും മന്ത്രിമാരും ജില്ലയിൽ നടത്തുന്ന ബഹുജനസദസ്സുകളിൽ വിഷയം അവതരിപ്പിക്കും.





Leave a Reply