പടിഞ്ഞാറത്തറ – പൂഴിത്തോട് ബദൽ റോഡ് സമരങ്ങൾക്ക് ഐക്യദാർഢ്യ മാരത്തോൺ മത്സരവുമായി കെ.സി.വൈ.എം മാനന്തവാടി രൂപത
ദ്വാരക: പടിഞ്ഞാറത്തറ – പൂഴിത്തോട് ബദൽ പാതയ്ക്കായി ജനകീയ സമര സമിതി നടത്തുന്ന സമരങ്ങൾക്ക് ഐക്യദാർഢ്യം അറിയിച്ചുകൊണ്ട് കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ മാരത്തോൺ മത്സരം നടത്തപ്പെടുന്നു. ഡിസംബർ ഒൻപത് ശനിയാഴ്ച്ച വൈകുന്നേരം നാല് മണിക്ക് ദ്വാരക 4 -ാം മൈലിൽ നിന്ന് തുടങ്ങി പടിഞ്ഞാറത്തറ വരെയാണ് മത്സരം. അടിയന്തര സാഹചര്യങ്ങളിലും മറ്റും ചുരം ഇറങ്ങിയുള്ള യാത്രകൾ വയനാട്ടിലെ ജനതക്ക് തീർത്തും ക്ലേശകരമായി മാറുന്ന സാഹചര്യത്തിൽ ഒരു അടിയന്തര പാത വളരെ ആവശ്യമെന്ന നിലയിൽ പൂഴിത്തോട് – പടിഞ്ഞാറത്തറ റോഡ് ഏറെ പ്രതീക്ഷ നൽകുന്നതാണ്. എതാണ്ട് 75 ശതമാനത്തോളം പണി നടന്നു കഴിഞ്ഞ പാത, രാഷ്ട്രീയ ഭരണ നേതൃത്വങ്ങളുടെ കെടുകാര്യസ്ഥതയും മെല്ലെ പോക്ക് സമീപനവും കാരണം പൂർത്തീകരിക്കാൻ കഴിയാതെ കിടക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. ചുരമില്ലാ ബദൽ പാത പൂർത്തീകരിക്കണം എന്നാവശ്യപ്പെട്ട് ജനകീയ സമര സമിതി കാലങ്ങളായി തുടരുന്ന സമരങ്ങൾക്ക് ഐക്യദാർഡ്യം അറിയിച്ചു കൊണ്ട് കെ.സി.വൈ.എം മാനന്തവാടി രൂപത നടത്തുന്ന മാരത്തോൺ മത്സരത്തിന് നിരവധി സംഘടനകളും വ്യക്തികളും പിന്തുണ പ്രഖ്യാപിക്കുകയും ആശംസകൾ നേരുകയും ചെയ്തു.




Leave a Reply