കാടും നാടും ശാസ്ത്രീയമായി വേർതിരിച്ച് വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുക – എ.കെ.എസ്.ടി.യു.
കൽപ്പറ്റ : കാടും നാടും ശാസ്ത്രീയമായി വേർതിരിച്ച് വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് എ.കെ.എസ്.ടി.യു. വയനാട് ജില്ല സമ്മേളനം ആവശ്യപ്പെട്ടു. കർഷകർക്ക് അനുകൂലമായ രീതിയിൽ കേന്ദ്ര സർക്കാർ വനസംരക്ഷണ നിയമത്തിൽ ഭേദഗതി വരുത്തേണ്ടതുണ്ട്. വന്യമൃഗങ്ങളാൽ കർഷകർക്കുണ്ടാകുന്ന നഷ്ടങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം സമയബന്ധിതമായി നൽകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സ്പെഷ്യൽ റൂളുകൾ ഏകീകരിച്ച് പൊതു വിദ്യാഭ്യാസ മേഖലയുടെ ഏകീകരണം പൂർത്തിയാക്കുക, ഡി.എ., ലീവ് സറണ്ടർ തുടങ്ങിയ ആനുകൂല്യങ്ങൾ അടിയന്തിരമായി അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക. കേരളത്തോടുള്ള കേന്ദ്ര സർക്കാർ അവഗണന അവസാനിപ്പിച്ച് അർഹമായ സാമ്പത്തിക സഹായം അനുവദിക്കുക, പൊതു വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം കാണുക, ഉച്ച ഭക്ഷണം, യൂണിഫോം, വിദ്യാവാഹിനി തുടങ്ങിയ പദ്ധതികൾക്ക് സമയബന്ധിതമായി തുക അനുവദിക്കുക, അഞ്ഞൂറിലധികം കുട്ടികൾ പഠിക്കുന്ന പ്രൈമറി സ്കൂളിൽ ക്ലറിക്കൽ തസ്തിക സൃഷ്ടിക്കുക, നടവയൽ ആസ്ഥാനമായി വിദ്യാഭ്യാസ ഉപജില്ലയും താലൂക്കും രൂപീകരിക്കുക, ഹയർ സെക്കൻഡറി, വി.എച്ച്. എസ്.ഇ. മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുക, സ്പെഷ്യലിസ്റ്റ് അധ്യാപക തസ്തികകളിൽ സ്ഥിര നിയമനം നടത്തുക, ഡയറ്റ് അധ്യാപകരെ പി.എസ്.സി. വഴി നിയമിക്കുക, പ്രീ പ്രൈമറി മേഖല ഏകീകരിച്ച് അർഹമായ സേവന വേതന വ്യവസ്ഥകൾ അനുവദിക്കുക, അധ്യാപകരുടെ പ്രൊമോഷൻ നടപടികൾ ത്വരിതപ്പെടുത്തുക തുടങ്ങി ഇരുപത്തിയൊന്ന് പ്രമേയങ്ങൾ സമ്മേളനം ഐക്യഖണ്ഡേന അംഗീകരിച്ചു. പ്രതിനിധി സമ്മേളനം എ.കെ.എസ്.ടി.യു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ. കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. വി. ആർ. പ്രകാശൻ രക്തസാക്ഷി പ്രമേയവും വി. എം. ഗ്രേസി അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ല സെക്രട്ടറി ശ്രീജിത്ത് വാകേരി പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഷാനവാസ് ഖാൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സർവീസിൽ നിന്നും വിരമിക്കുന്ന ജില്ല പ്രസിഡന്റ് കെ. സജിത്ത് കുമാറിന് യാത്രയപ്പ് നൽകി. യാത്രയയപ്പ് സമ്മേളനം സി.പി.ഐ. ജില്ല കമ്മിറ്റി അംഗം വി. ദിനേശ്കുമാർ ഉദ്ഘാടനം ചെയ്തു. സുൽത്താൻ ബത്തേരി മണ്ഡലം സെകട്ടറി സജി വർഗീസ്, ലോക്കൽ സെക്രട്ടറി സോമൻ, പി.എഫ്.സി.ടി. സംസ്ഥാന ഭാരവാഹി പ്രൊ. ദിലീപ്കുമാർ, എം.എം. ജോർജ്, അസൈനാർ എന്നിവർ അഭിവാദ്യങ്ങളർപ്പിച്ചു. എ.കെ.എസ്.ടി.യു. സംസ്ഥാന കമ്മിറ്റി അംഗം സ്റ്റാൻലി ജേക്കബ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഏഴംഗ ജില്ല സെക്രട്ടേറിയറ്റ് കമ്മിറ്റിയും മൂന്ന് സംസ്ഥാന കൗൺസിലർമാരുമടക്കം പതിനേഴംഗ ജില്ല കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു. ഭാരവാഹികൾ : വി. ആർ. പ്രകാശൻ (പ്രസിഡന്റ്), വി. എം. ഗ്രേസി (വൈസ് പ്രസിഡന്റ്), ശ്രീജിത്ത് വാകേരി (സെക്രട്ടറി), നിവാസ് കാവിൽ ജോ. സെക്രട്ടറി), എൻ. വി. കരുണാകരൻ (ട്രഷറർ)
Leave a Reply