ജില്ലയിലുൾപ്പെടെ നിരവധി കളവ് കേസുകളിലെ പ്രതി; സി.സി.ടി.വി ദൃശ്യങ്ങളുൾപ്പെടെ പരിശോധിച്ച നടത്തിയ അന്വേഷണത്തിൽ കുടുങ്ങി
അമ്പലവയൽ: വയനാട്ടിലെ ധ്യാനകേന്ദ്രത്തിൽ ധ്യാനം കൂടാനെത്തി റോഡരികിൽ നിർത്തിയിരുന്ന ബൈക്ക് മോഷ്ടിച്ച് പിടിയിലായ എറണാകുളം സ്വദേശി നിരവധി കളവ് കേസുകളിലെ പ്രതി. വയനാട് ജില്ലയിലെ പുൽപ്പള്ളി, ബത്തേരി സ്റ്റേഷനുകളിലും, മലപ്പുറം ജില്ലയിലെ പൊന്നാനി, തൃശ്ശൂർ ജില്ലയിലെ അന്തിക്കാട് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബൈക്ക് മോഷണ കേസിൽ എറണാകുളം, വാരാപുഴ, മണാലിപറമ്പിൽ വീട്ടിൽ, എം.പി. സജീവ്(61)നെയാണ് അമ്പലവയൽ പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയത്. നിരവധി സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും മറ്റു ശാസ്ത്രീയ മാർഗങ്ങൾ അവലംബിച്ചും പോലീസ് നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്.
മെയ് ഒന്നിന് ഉച്ചയോടെയാണ് സംഭവം. വടുവൻചാൽ, വട്ടത്തുവയലിലെ ധ്യാനകേന്ദ്രത്തിൽ രാവിലെ ആറു മണിയോടെയാണ് സജീവ് ധ്യാനം കൂടാനെത്തിയത്. ധ്യാനം തീരുന്നതിന് ഒന്നര മണിക്കൂർ മുൻപ് ഇയാൾ പുറത്തിറങ്ങുകയും റോഡരികിൽ താക്കോൽ ഉൾപ്പെടെ നിർത്തിയിട്ടിരുന്ന ഹീറോ ഗ്ലാമർ ബൈക്ക് മോഷ്ടിച്ച് ഇയാൾ ജോലി ചെയ്യുന്ന മലപ്പുറം, ചുങ്കത്തറയിലേക്ക് തിരികെ പോകുകയുമായിരുന്നു.
ബാർബർ ജോലി ചെയ്യുന്ന ഇയാൾ സ്വന്തം ആവശ്യങ്ങൾക്കായി ബൈക്ക് ഉപയോഗിച്ച് വരുകയായിരുന്നു. ബൈക്കും പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.





Leave a Reply