വന്യമൃഗശല്യം ; എം പിക്കും കേന്ദ്ര സർക്കാരിനുമെതിരെ ഡിവൈഎഫ്ഐ പ്രതിഷേധ മാർച്ച് നടത്തി
കൽപ്പറ്റ : വയനാടിനായി പാർലമെന്റിൽ ഒന്നും മിണ്ടാത്ത എം.പിക്കും, 620 കോടിയുടെ കേരളം സമർപ്പിച്ച പദ്ധതി നിഷേധിച്ച കേന്ദ്ര സർക്കാരിനെതിരായും, കേന്ദ്ര നിയമം ഭേദഗതി ചേയ്തേ മതിയാകൂ.. വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണുക എന്നീ മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ യുവജന പ്രതിഷേധം സംഘടിപ്പിച്ചു. 2019ലെ തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത് വയനാട് എംപി രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിൽ വയനാട്ടിൽ മനുഷ്യരും മൃഗങ്ങളും തമ്മിൽ സംഘർഷമുണ്ടാകുന്ന സാഹചര്യത്തെക്കുറിച്ച് ബോധ്യമുണ്ടെന്നും അതിന് പരിഹാരമുണ്ടാക്കുമെന്നും പറഞ്ഞിരുന്നു. വാക്കിന് വിലയുള്ള ആളല്ല വയനാട് എംപിയെന്ന് ആ പ്രസംഗം സാക്ഷ്യം പറയും. കഴിഞ്ഞ അഞ്ച് വർഷമായി വയനാട്ടിലെ രൂക്ഷമായ വന്യമൃഗ ശല്യത്തിനെതിരെ ഒരക്ഷരം പാർലമെന്റിൽ ഉച്ചരിച്ചിക്കാൻ രാഹുൽ ഗാന്ധി തയ്യാറായിട്ടില്ല. ഈ വിഷയത്തിൽ അടക്കം കേന്ദ്രവുമായി സംസാരിക്കേണ്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ചിട്ടുള്ള യോഗങ്ങളിൽ ഒരിക്കൽ പോലും രാഹുൽ ഗാന്ധി പങ്കെടുത്തിട്ടുമില്ല. കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് വയനാട്ടിലെ വന്യമൃഗശല്യം തടയുന്നതിന് എം പിയെന്ന സാധ്യതകൾ ഉപയോഗിച്ച് ഒരു ചെറുവിരൽ അനക്കാൻ രാഹുൽ ഗാന്ധിക്ക് സാധിച്ചിട്ടിച്ചിട്ടില്ല.
വന്യമൃഗങ്ങളുടെ ക്രമാതീതമായ വർദ്ധനവാണ് നിലവിൽ വയനാട്ടിൽ നിത്യസംഭവമായി മാറിയിരിക്കുന്ന വന്യജീവി ആക്രമണങ്ങളുടെ അടിസ്ഥാന കാരണം. വിദഗ്ധ സമിതിയും ഈ കണ്ടെത്തൽ നടത്തിയിട്ടുണ്ട്. സംസ്ഥാന സർക്കാരിന് വന്യമൃഗങ്ങളുടെ ക്രമാതീതമായ വർദ്ധനവ് തടയുന്നതിന് ഒന്നും ചെയ്യാൻ സാധിക്കില്ല എന്നതാണ് വാസ്തവം. 1972ലെ വന്യജീവി സംരക്ഷണ നിയമം നിലനിൽക്കുന്ന കാലത്തോളം സംസ്ഥാന സർക്കാരിന് ഈ വിഷയത്തിൽ സ്വതന്ത്ര്യമായി ഒന്നും ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്. ഈ വിഷയത്തിൽ സംസ്ഥാനങ്ങൾക്ക് നടപടി സ്വീകരിക്കാൻ കഴിയുന്ന വിധത്തിൽ 1972ലെ വന്യജീവി സംരക്ഷണ നിയമം കേന്ദ്രം അടിയന്തിരമായി ഭേദഗതി ചെയ്യുകയാണ് വേണ്ടത്. സംസ്ഥാന സർക്കാർ ഈ വിഷയം നിരന്തരമായി കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ കേന്ദ്രം നിഷേധ നിലപാടാണ് കൈക്കൊള്ളുന്നത്. വയനാടിന്റെ എം പി എന്ന നിലയിൽ ഈ വിഷയത്തിൽ ഇടപെടുകയും 1972 ലെ നിയമം അടിയന്തിരമായി ഭേദഗതി ചെയ്യുന്നതിനായുള്ള ചർച്ചകൾ ലോക്സഭയിലും പുറത്തും രാഹുൽ ഗാന്ധിക്ക് ഉന്നയിക്കാമായിരുന്നെങ്കിലും ഈ ഉന്നയിക്കാൻ രാഹുൽ ഗാന്ധി തയ്യാറായിട്ടില്ല.
വന്യമൃഗ ശല്യം പരിഹരിക്കുന്നതിനായി സംസ്ഥാന സർക്കാർ സമർപ്പിച്ച 620 കോടി രൂപയുടെ പദ്ധതിക്ക് ഒരു രൂപ പോലും തരാൻ കഴിയില്ല എന്നായിരുന്നു കേന്ദ്രത്തിന്റെ രേഖാ മൂലമുള്ള മറുപടി. വന്യമൃഗ ശല്യം തടയുന്നതിനായി സംസ്ഥാന സർക്കാർ വളരെ താൽപര്യമെടുത്ത് വളരെ കാര്യക്ഷമമായി നടപ്പിലാക്കിയ ഒരു പദ്ധതിയാണ് കേന്ദ്രം നിരാകരിച്ചത്. ഈ വിഷയത്തിൽ ഇടപെടാൻ വയനാട് എം പിയായ രാഹുൽ ഗാന്ധി തയ്യാറായില്ല.
ഈ നിലയിൽ വയനാട്ടിലെ വന്യമൃഗ ശല്യത്തിനെതിരെ ഒന്നും ചെയ്യാത്ത വയനാട് എംപിക്കും കേന്ദ്ര സർക്കാരിനുമെതിരെയായിരുന്നു പ്രതിഷേധ പ്രകടനം. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ റഫീഖ്, പ്രസിഡണ്ട് കെ എം ഫ്രാൻസിസ്, ട്രഷറർ കെ ആർ ജിതിൻ, കെ മുഹമ്മദലി, സി ഷംസുദ്ദീൻ, എം രമേഷ്, അർജ്ജുൻ ഗോപാൽ, ജോബിസൺ ജെയിംസ്, പി ജംഷീദ്, ഇന്ദു പ്രഭ , ടി പി ഋഥുശോഭ്, അനിഷ സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.





Leave a Reply