വർഗ്ഗീയ ഫാസിസ്റ്റുകളുടെ അധികാരത്തുടർച്ച തടയാൻ ജനാധിപത്യ, മതനിരപേക്ഷ ശക്തികൾ ഐക്യപ്പെടണം ; പി.സി. ഉണ്ണിച്ചെക്കൻ
മാനന്തവാടി : കോർപ്പറേറ്റ് മൂലധനത്തിനു വിടുപണി ചെയ്യുകയും ഇന്ത്യൻ ഭരണഘടനയെ അട്ടിമറിക്കുകയും ചെയ്യുന്ന നരേന്ദ്ര മോദിയുടെ വർഗ്ഗീയ ഫാസിസ്റ്റ് സർക്കാരിനു മൂന്നാമതൊരു അവസരം നൽകിയാൽ അത് ഇന്ത്യൻ റിപ്പബ്ലിക്കിൻ്റെ അന്ത്യം കുറിക്കുമെന്ന് എം.എൽ. പി. ഐ (റെഡ് ഫ്ലാഗ്) സംസ്ഥാന സെക്രട്ടറി സ: പി.സി. ഉണ്ണിച്ചെക്കൻ പറഞ്ഞു.
1970 ഫെബ്രുവരി 18 ന് തിരുനെല്ലി കാടുകളിൽ വച്ച് വ്യാജ ഏറ്റുമുട്ടലിൻ്റെ പേരിൽ പോലീസ് വെടി വച്ചു കൊലപ്പെടുത്തിയ കമ്യൂണിസ്റ്റ് വിപ്ലവകാരി സ: വർഗ്ഗീസിൻ്റെ രക്തസാക്ഷി ദിനാചരണത്തിൻ്റെ ഭാഗമായി മാനന്തവാടി ഗാന്ധി പാർക്കിൽ മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടി (റെഡ് ഫ്ലാഗ്) സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വർഗ്ഗീയ ഫാസിസത്തിനെതിരെ ജനാധിപത്യ മതനിരപേക്ഷ ശക്തികളുടെ ഏറ്റവും വിപുലമായ ഐക്യനിര കെട്ടിപ്പടുക്കുകയാണ് ഇടതുപക്ഷ ശക്തികളുടെ ഇപ്പോഴത്തെ കടമയെന്ന് അദ്ദേഹം പറഞ്ഞു.
വയനാട് പോലുള്ള സ്ഥലങ്ങളിൽ വന്യ മൃഗങ്ങളും തദ്ദേശവാസികളായ ജനങ്ങളും തമ്മിലുള്ള സംഘർഷം ആപത്ക്കരമായ തലത്തിലെത്തിയിരിക്കുകയാണെന്നും അതിന് ശാസ്ത്രീയമായ പരിഹാരം കാണാൻ വനം വകുപ്പും സർക്കാരും പ്രഥമ പരിഗണന നൽകണമെന്നും സ: പി.സി. ഉണ്ണിച്ചെക്കൻ പറഞ്ഞു.
റെഡ് ഫ്ലാഗ് വയനാട് ജില്ല സെക്രട്ടറി എ.എൻ സലിംകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സഖാക്കൾ പി.കെ. വേണു ഗോപാലൻ, എൻ.എ. ജെയിൻ എന്നിവർ പ്രസംഗിച്ചു. സ: കെ. ജെ. ജോർജ്ജ് സ്വാഗതം പറഞ്ഞു.
വർഗ്ഗീസ് രക്ഷസാക്ഷി ദിനാചരണത്തിൻ്റെ ഭാഗമായി ഫെബ്രുവരി 18 നു രാവിലെ വെള്ളമുണ്ട ഒഴുക്കൻ മൂലയിലെ വർഗ്ഗീസ് സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടന്നു . സ.പി.കെ. വേണുഗോപാലൻ പതാകയുയർത്തി.തിരുനെല്ലിക്കാട്ടിൽ, വർഗ്ഗീസിനെ വെടി വച്ചു വീഴ്ത്തിയ കുമ്പാരക്കുനിയിലെ വർഗ്ഗീസ് പാറയിൽ സ: പി.സി. ഉണ്ണിച്ചെക്കൻ പതാകയുയർത്തി. പി.കെ. വേണുഗോപാലൻ, എൻ.എ. ജെയിൻ, എ.എൻ. സലിംകുമാർ എന്നിവർ സംസാരിച്ചു.





Leave a Reply