May 3, 2026

വേനല്‍ കനത്തു; ദാഹമകറ്റാന്‍ വഴിയോരങ്ങളില്‍ പഴവിപണികള്‍ സജീവമായി

0
Img 20240220 132055
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പറ്റ: വേനല്‍ ചൂട് കനത്തതോടെ ദാഹമകറ്റാന്‍ വഴിയോരങ്ങളില്‍ പഴ വിപണികള്‍ സജീവമായി. കരിക്ക് മുതല്‍ തണ്ണിമത്തന്‍ വരെയുള്ള നിരവധിയിനം പഴങ്ങളാണ് വഴിയോര വിപണിയില്‍ സുലഭമായിരിക്കുന്നത്.

വിവിധയിനം തണ്ണിമത്തനുകളും വിപണിയില്‍ താരങ്ങളാണ്. സാധാരണ തണ്ണിമത്തനു പുറമേ കിരണ്‍ എന്ന ഇനവും, പുറംതോടിന് മാത്രം മഞ്ഞ നിറമുള്ളതും, തോടിനും കാമ്പിനും മഞ്ഞ നിറമുള്ളതുമായ തണ്ണിമത്തനുകളും വിപണിയിലിടം പിടിച്ചിട്ടുണ്ട്. ഉള്ളില്‍ മഞ്ഞ നിറമുള്ള തണ്ണിമത്തന് വില അല്‍പം കൂടുതലാണ്.

കരിക്കാണങ്കില്‍ നാടനാണ് ഏറെ പ്രിയമുള്ളത്. ഇതിനെല്ലാം പുറമെ ഓറഞ്ച്, ആപ്പിള്‍, മാതളം, മുന്തിരി തുടങ്ങിയ പഴ വര്‍ഗ്ഗങ്ങള്‍ക്കും വന്‍ ഡിമാന്റാണ് അനുഭവപ്പെടുന്നത്. യാത്രയില്‍ വിശപ്പും ദാഹവും ഒരുപോലെ അകറ്റാന്‍ തണ്ണിമത്തനാണ് ഉത്തമം.

വഴി യാത്രക്കാരുടെ സൗകര്യങ്ങള്‍ കണക്കിലെടുത്ത് തണല്‍ മരങ്ങളുടെ ചുവടുപിടിച്ച് കച്ചവടക്കാരുടെ ഒരു നീണ്ട നിര തന്നെയുണ്ട്. ഇതിനെല്ലാം പുറമേ വിവിധ ശീതള പാനീയങ്ങളും നിരന്ന് കഴിഞ്ഞു. മധുരക്ക് സമീപത്തുള്ള ലിഗവാടി, മാണിക്കം പെട്ടി, നിലക്കോട്ടൈ, ഊത്തുപെട്ടി, രാമരാജപുരം എന്നിവിടങ്ങളിലാണ് വ്യാപകമായി തണ്ണിമത്തന്‍ വേനല്‍ വിളയായി കൃഷി ചെയ്തുവരുന്നത്.

ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് വിളവെടുപ്പ്. കേരളത്തിന് പുറമേ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ആവശ്യക്കാര്‍ ഏറിയതോടെ മികച്ച വിലയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. കിലോഗ്രാമിന് 20 മുതല്‍ 40 രൂപ വരെയാണ് വിവിധയിനം തണ്ണിമത്തനുകളുടെ വില. വേനല്‍ വരവറിയിച്ചതോടെ തമിഴ്‌നാട്ടിലെയും കര്‍ണാടകത്തിലെയും തണ്ണിമത്തന്‍ പാടങ്ങളില്‍ വിളവെടുപ്പ് ആരംഭിച്ചു.

തമിഴ്‌നാട്ടിലെ പ്രധാന വേനല്‍ വിളയായി മാറിയിരിക്കുകയാണ് തണ്ണിമത്തന്‍. ഇതിന്റെ ഏറ്റവും വലിയ ഉപഭോക്താക്കള്‍ കേരളീയരായിരുന്നെങ്കില്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും തണ്ണിമത്തന്‍ ആവശ്യപ്പെട്ട് ഒട്ടേറെ വ്യാപാരികള്‍ സമീപിക്കുന്നുണ്ടെന്നും കര്‍ഷകര്‍ പറയുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *