കൽപ്പറ്റ: വയനാട്ടിലെ വന്യമൃഗശല്യം നിയന്ത്രിക്കാൻ 13 കോടി രൂപ അടിയന്തരമായി അനുവദിച്ചതായി മന്ത്രിസഭാ ഉപസമിതി.
കൽപ്പറ്റ: വയനാട്ടിലെ വന്യമൃഗശല്യം നിയന്ത്രിക്കാൻ 13 കോടി രൂപ അടിയന്തരമായി അനുവദിച്ചതായി മന്ത്രിസഭാ ഉപസമിതി. ജില്ലയിൽ വർധിച്ചുവരുന്ന വന്യമൃഗ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ബത്തേരിയിൽ ചേർന്ന സർവകക്ഷി യോഗത്തിനും ജനപ്രതിനിധികളുടെയും അവലോകന യോഗത്തിനും ശേഷം സംസാരിക്കുമ്പോഴാണ് മന്ത്രിമാരായ കെ.രാജൻ, എം.ബി. രാജേഷ്, എ.കെ. ശശീന്ദ്രൻ എന്നിവർ ഇക്കാര്യം അറിയിച്ചത്.
വന്യമൃഗശല്യം നേരിടാൻ പൂർണമായും പിന്തുണയും നേതൃത്വപരമായ ഇടപെടലുമുണ്ടാകുമെന്നും മന്ത്രിമാർ അറിയിച്ചു. ജില്ലയിലെ വന്യമൃഗപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സമിതി രൂപീകരിച്ച് പ്രവർത്തിക്കാനും തീരുമാനം.മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ 15ന് ചേർന്ന സർവകക്ഷി യോഗത്തിലെ 27 തീരുമാനങ്ങളിൽ 15എണ്ണം പ്രാവർത്തികമാക്കി കഴിഞ്ഞു.
രണ്ട് തരത്തിലുള്ള പരിഹാരങ്ങൾ നടപ്പാക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. പരുക്ക് പറ്റിയവർക്കും മരണം സംഭവിച്ചവരുടെ കുടുംബങ്ങൾക്കും ആശ്വാസം നൽകൽ, വന്യമൃഗ ആക്രമണം തടയൽ എന്നിവയ്ക്കാണ് പ്രാമുഖ്യ നൽകുന്നത്. ഇക്കാര്യങ്ങൾ അഡീഷനൽ ചീഫ് സെക്രട്ടറി തലത്തിലാണ് നടപ്പിലാക്കുകയെന്നും വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.
സെന്ന പോലുള്ള സസ്യങ്ങൾ നീക്കം ചെയ്യുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.രാജനും പറഞ്ഞു. സ്ഥായിയായ പരിഹാരത്തിന് തുടർച്ചയായി പരിശ്രമം നടത്തും. ജില്ലയ്ക്ക് താൽക്കാലികമായി അനുവദിച്ച രണ്ട് ആർആർടികളും വയനാട്ടിൽ തന്നെ സ്ഥിരമാക്കും. വയനാട്ടിൽ പ്രത്യേക നോഡൽ ഓഫിസറെ നിയമിച്ചു. ഓഫിസും കൂടുൽ അധികാരവും നൽകുന്നത് പരിഗണിക്കും.
വന്യമൃഗ ആക്രമണത്തിലുൾപ്പെടെ പരിക്കേറ്റ് ജില്ലയ്ക്ക് പുറത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോളുള്ള ചെലവ് സർക്കാർ വഹിക്കുന്നതിനുള്ള നടപടി സ്വീകരിക്കാനും യോഗത്തിൽ തീരുമാനിച്ചു.
ഡ്രോൺ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ വർധിപ്പിക്കും. 250 പുതിയ ക്യാമറകൾ സ്ഥാപിക്കാനുള്ള നടപടികൾ അടിയന്തരമായി ആരംഭിച്ചിട്ടുണ്ട്. ജനങ്ങളെ ഒപ്പം നിർത്തി ജനകീയമായി തന്നെയാണ് പ്രശ്നത്തിന് പരിഹാരം കാണാൻ ശ്രമിക്കുന്നത്. തൊഴിലുറപ്പിൽ ഉൾപ്പെടുത്തി അടിക്കാട് വെട്ടുന്നതിന് കേന്ദ്രത്തിനോട് ഇളവ് ആവശ്യപ്പെടും. ട്രെഞ്ച് നിർമാണം നടത്താൻ സാധിക്കുമോ എന്നതും പരിശോധിക്കും. സ്വാഭാവിക ആവാസ വ്യവസ്ഥ പുനഃസ്ഥാപിക്കാനായി തൊഴിലുറപ്പിൽ ഉൾപ്പെടുത്തി കാടിനകത്ത് കുളങ്ങളും തടയണയും നിർമിക്കും. ഉപ്പ് വിതറിയും മറ്റും വന്യമൃഗങ്ങളെ ആകർഷിക്കുന്ന തരത്തിൽ റിസോർട്ടുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ പരിശോധിച്ച് ശക്തമായ നടപടി സ്വീകരിക്കും.
വയനാട്ടിലെ പ്രശ്‌നത്തെ കക്ഷി രാഷ്ട്രീയപ്രശ്നമായി കാണരുതെന്നും എല്ലാവരും
ഒറ്റക്കെട്ടായി നിൽക്കണമെന്നും മന്ത്രിസഭ ഉപസമിതി പറഞ്ഞു. പ്രതിപക്ഷം ബഹിഷ്കരിച്ചത് ദൗർഭാഗ്യകരമായതെന്നും അവരുന്നയിച്ച ആവശ്യപ്രകാരമാണ് മന്ത്രിമാർ വന്നതെന്നും ഉപസമിതി പറഞ്ഞു.
രാവിലെ പത്ത് മണിക്ക് ആരംഭിച്ച യോഗത്തിൽ ആദ്യം സർവ്വകക്ഷി യോഗവും, പിന്നീട് ജനപ്രതിനിധികളുടെ യോഗവുമാണ് നടത്തിയത്. യോഗത്തിൽ വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥർ, ജില്ലാകലക്ടർ, ജനപ്രതിനിധികൾ അടക്കം പങ്കെടുത്തു.





Leave a Reply