വനം വകുപ്പ് മന്ത്രി വയനാട്ടിലെ കര്‍ഷകരോട് യുദ്ധപ്രഖ്യാപനം നടത്തുകയാണെന്ന് കെ.മുരളീധരന്‍ എം.പി.
കല്‍പ്പറ്റ: വനം വകുപ്പ് മന്ത്രി വയനാട്ടിലെ കര്‍ഷകരോട് യുദ്ധപ്രഖ്യാപനം നടത്തുകയാണെന്ന് കെ.മുരളീധരന്‍ എം.പി. മന്ത്രിക്ക് സ്വന്തം ചുമതലയുള്ള വയനാട്ടിലെത്താന്‍ രണ്ട് മന്ത്രിമാരെ കൂട്ടുപിടിക്കേണ്ട അവസ്ഥയാണുണ്ടായതെന്നും, യഥാര്‍ത്ഥത്തില്‍ വയനാട്ടിലെത്തേണ്ടത് മുഖ്യമന്ത്രിയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വയനാട് കലക്ടറേറ്റ് പടിക്കല്‍ നടത്തുന്ന രാപ്പകല്‍ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടര്‍ച്ചയായി മരണങ്ങള്‍ നടന്നിട്ടും മരണപ്പെട്ടവരുടെ വീട്ടുകള്‍ സന്ദര്‍ശിക്കാനോ, ആശ്വസിപ്പിക്കാനോ വനംമന്ത്രി എത്തിയിരുന്നില്ല.
ഇത് ജില്ലയിലെ കര്‍ഷകര്‍ അടക്കമുള്ളവരോടുള്ള വെല്ലുവിളിയാണ്. വന്യജീവി പ്രശ്‌നപരിഹാരത്തിന് ഫണ്ടില്ലാതെ ചര്‍ച്ച നടത്തിയിട്ട് ഫലമില്ല. ജില്ലക്ക് ആകെ ആറു കോടി മാത്രമാണ് അനുവദിച്ചിരിക്കുന്നത്.
ആവാസ വ്യവസ്ഥ സംരക്ഷിക്കാനും, വന്യമൃഗ പ്രതിരോധത്തിനും, നഷ്ടപരിഹാരം നല്‍കാനും, ജീവനക്കാരുടെ ശമ്പളത്തിനും ഇതിന്റെ പത്തിരട്ടി മതിയാവില്ല. ഈ പശ്ചാത്തലത്തിലാണ് നാമമാത്രമായ തുക നല്‍കി ജില്ലയെ സര്‍ക്കാര്‍ വഞ്ചിച്ചിരിക്കുന്നതെന്ന് മുരളീധരന്‍ ചൂണ്ടിക്കാട്ടി.
വയനാട് വലിയ ദുര്‍ഘട ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. വയനാട് മെഡിക്കല്‍ കോളജ് ഇടതുസര്‍ക്കാറാണ് തകര്‍ത്തത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ജില്ലക്ക് വിഭാവനം ചെയ്തത് പോലെ മെഡിക്കല്‍ കോളജ് യഥാര്‍ത്ഥ്യമായിരുന്നെങ്കില്‍ അത്യാധുനിക സൗകര്യങ്ങളുള്ള മെഡിക്കല്‍ കോളജ് ജില്ലക്ക് പ്രാവര്‍ത്തികമാകുമായിരുന്നു. വന്യമൃഗ പ്രതിരോധമടക്കമുള്ള സംവിധാനങ്ങള്‍ക്കായി വയനാടിന് സമഗ്രമായ പദ്ധതിയാണ് ആവശ്യമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.
യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ കെ.കെ അഹമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന്‍ രണ്ടത്താണി മുഖ്യപ്രഭാഷണം നടത്തി. മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയായിരുന്നു. എം.എല്‍.എമാരായ അഡ്വ.ടി സിദ്ധീഖ്, ഐ.സി ബാലകൃഷ്ണന്‍, സണ്ണി ജോസഫ്, ടി മുഹമ്മദ്, പി.പി ആലി, ജോസഫ് കളപ്പുരക്കല്‍, എം.സി സെബാസ്റ്റ്യന്‍, പ്രവീണ്‍ തങ്കപ്പന്‍, പി.എസ് വിനോദ്കുമാര്‍, കെ.എല്‍ പൗലോസ്, എന്‍.കെ റഷീദ്, റസാഖ് കല്‍പ്പറ്റ, പി.ഇസ്മായില്‍, പി.കെ ജയലക്ഷ്മി, അഡ്വ.ടി.ജെ ഐസക്, ഡി.പി രാജശേഖരന്‍, ടി ഹംസ, പടയന്‍ മുഹമ്മദ്, അബ്ദുല്ല മാടക്കര, ഷംസാദ് മരക്കാര്‍, പി.എ രഘു, കെ.ഹാരിസ്, എം.എ അസൈനാര്‍, ജിനി തോമസ്, കെ.ബി നസീമ, ബി സുരേഷ് ബാബു, പോള്‍സണ്‍ കുവ്വക്കല്‍, സലിം മേമന, കെ.വി പോക്കര്‍ ഹാജി, അസീസ് കോറോം, സി മൊയ്തുഹാജി സംസാരിച്ചു.
കാട്ടാനകളുടെയും, കടുവകളുടെയും അക്രമത്തില്‍ കൊല്ലപ്പെട്ട കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാര തുക അന്‍പത് ലക്ഷമായി വര്‍ധിപ്പിക്കുക, അംഗ വൈകല്യം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാര തുക ഇരുപത്തി അഞ്ചു ലക്ഷമായി വര്‍ധിപ്പിക്കുക. വന്യജീവി ആക്രമണം തുടര്‍കഥയായിട്ടും വയനാട്ടില്‍ സന്ദര്‍ശനം നടത്താന്‍ തയ്യാറാവാത്ത വനം വകുപ്പ് മന്ത്രിയെ വയനാടിന്റെ ചുമതലയില്‍ നിന്നും മാറ്റുക, മുഖ്യമന്ത്രി വയനാട്ടില്‍ വന്ന് കുടുംബങ്ങളെ സന്ദര്‍ശിക്കുക, മാനന്തവാടിയില്‍ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തില്‍ ഇതേവരെ കാലു കുത്താത്ത എം.എല്‍.എ, ഒ.ആര്‍. കേളു ജനങ്ങളോട് പരസ്യമായി മാപ്പു പറയുക, കാടും ജനവാസ കേന്ദ്രങ്ങളും വേര്‍തിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് യു.ഡി.എഫ് സമരം.





Leave a Reply