രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളെ ആട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നത്; കെ സി വേണുഗോപാല്‍ എം പി
കല്‍പ്പറ്റ: രാജ്യത്തിന്റെ ഭരണഘടന തന്നെ മാറ്റിയെഴുതാനും, നിലവിലുള്ള ജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിക്കുവാനുമാണ് ബി ജെ പിയുടെ ശ്രമമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി. കല്‍പ്പറ്റയില്‍ മാധ്യമ പ്രവര്‍ത്തകയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജി വെച്ചിരിക്കുകയാണ്. ഇതോടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം തന്നെ അനിശ്ചിതത്വത്തിലായ സാഹചര്യമാണുള്ളത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 28നാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതെങ്കില്‍ ഇപ്പോള്‍ മാര്‍ച്ച് 10 കഴിഞ്ഞിട്ടും പ്രഖ്യാപനമുണ്ടായിട്ടില്ല. ജനാധിപത്യത്തിന്റെ എല്ലാ അന്തസത്തകളും കാറ്റില്‍പറത്തി രാജ്യത്ത് ഏകാധിപത്യഭരണം കൊണ്ടുവരാനാണ് ബി ജെ പിയുടെ ശ്രമം. ഈ സാഹചര്യത്തില്‍ ബി ജെ പിയെ തോല്‍പ്പിക്കുകയെന്നതാണ് ഇന്ത്യാമുന്നണിയുടെ ലക്ഷ്യം.
അന്തിമവിജയം വരെ പോരാട്ടം തുടരുമെന്നും വേണുഗോപാല്‍ പറഞ്ഞു. ബംഗാളില്‍ ഒറ്റക്ക് മത്സരിക്കാനുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ നിലപാട് നിര്‍ഭാഗ്യകരമാണ്. ലോക്‌സഭയില്‍ ബി ജെ പിയുടെ സീറ്റ് കുറക്കുകയെന്ന ലക്ഷ്യവുമായാണ് കോണ്‍ഗ്രസ് മുന്നോട്ടുപോകുന്നത്. ഏറ്റവും മികച്ച സ്ഥാനാര്‍ഥികളെയാണ് യു ഡി എഫ് മത്സരത്തിനിറക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ മുഴുവന്‍ സീറ്റുകളിലും യു ഡി എഫ് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.





Leave a Reply