കൃഷിയിടത്തിൽ കാട്ടാനയുടെ പരാക്രമവും ചിന്നംവിളിയും; കണ്ണീരുപ്പ് രുചിച്ച് കർഷകർ നിലവിളിക്കുന്നു
പനമരം: പൂതാടി പഞ്ചായത്തിൽ നടവയൽ കക്കോടൻ ബ്ലോക്കിൽ കാട്ടാനശല്യം അതി രൂക്ഷം. കാട്ടാനശല്യത്തിന് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ കാട്ടാനയിറങ്ങുന്ന സ്ഥലത്ത് കാവൽ ഏർപ്പെടുത്തിയിരുന്നെങ്കിലും കാട്ടാനശല്യത്തിൽ നിന്ന് മോചനമില്ല. കാവൽക്കാരുടെയും കർഷകരുടെയും മറ്റും കണ്ണുവെട്ടിച്ച് കൃഷി ഭൂമിയിൽ സ്‌ഥിരമായിറങ്ങുന്ന കാട്ടാനക്കൂട്ടം കർഷകർക്ക് വമ്പിച്ച നഷ്ടമാണ് വരുത്തി വയ്ക്കുന്നത്. കൃഷിക്ക് നാശം വറുത്തുന്നത് കൂടാതെ കർഷകരുടെ വീടിൻ്റെ മതിൽ ഗേറ്റ് മുതലായവയ്ക്കും; കൃഷിയിടങ്ങളിൽ സ്ഥാപിച്ച ജലസംഭരണികൾ തുടങ്ങിയവയും കാട്ടാനക്കൂട്ടം അശേഷം തകർത്തുകളയുന്നു. പൂതാടി പഞ്ചായത്തിൽ നടവയൽ കക്കോടൻ ബ്ലോക്കിൽ കഴിഞ്ഞ രാത്രി ഇറങ്ങിയ കാട്ടാനക്കൂട്ടം ഈ പ്രദേശത്തെ നിരവധി കർഷകരുടെ കൃഷിക്ക് നാശം വിതയ്ക്കുകയും, രണ്ട് കർഷകർ കൃഷിയിടത്തിൽ സ്‌ഥാപിച്ച ഗേറ്റുകളും മുള്ളുവേലികളും തകർക്കുകയും ചെയ്തു.
നേരം വെളുത്ത് കാവൽക്കാർ പോയതിന് ശേഷമാണ് കാട്ടാനകളിലൊന്ന് വനത്തിലേക്ക് കയറിയതെന്ന് പ്രദേശവാസികൾ പറഞ്ഞു. കാട്ടാനശല്യം രൂക്ഷമായ പ്രദേശത്ത് മാസങ്ങൾക്ക് മുൻപ് താൽക്കാലിക പരിഹാരമെന്ന നിലയിൽ തകർന്ന വൈദ്യുതവേലി പൂതാടി പഞ്ചായത്ത് ജനജാഗ്രതാ സമിതിയും വനംവകുപ്പും നെയ്ക്കുപ്പ വനസംരക്ഷണ സമിതിയും ചേർന്ന് പുനഃസ്‌ഥാപിച്ചിരുന്നു. എന്നാലിതും, തകർത്ത് കാട്ടാന പതിവായി ഇറങ്ങിയതോടെയാണ് വനംവകുപ്പ് പ്രദേശത്ത് കാവൽക്കാരെ നിയോഗിച്ചത്.





Leave a Reply