കാട്ടാന ആക്രമണത്തിൽ തൊഴിലാളി മരിച്ചതിൽ പ്രതിഷേധം ശക്തം
മാനന്തവാടി: കാട്ടിക്കുളത്ത് കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചതിൽ പ്രതിഷേധം ശക്തം. മാനന്തവാടി മെഡി. കോളജ് പരിസരത്ത് സി.പി.എം പ്രതിഷേധവുമായി രംഗത്തെത്തി. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റുന്നത് പ്രതിഷേധക്കാർ തടഞ്ഞു. വെള്ളാഞ്ചേരി സ്വദേശി രാജു (50)വാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കൃഷി സ്ഥലത്ത് വെച്ചാണ് തൊഴിലാളിയെ ആന ആക്രമിച്ചത്. തുരത്താൻ ശ്രമിക്കുന്നതിടെയാണ് ആന ആക്രമിച്ചത്.
ഇന്നലെ രാത്രി മുതൽ തന്നെ ഈ പ്രദേശത്ത് കാട്ടാനയുടെ സാന്നിധ്യമുണ്ടായിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥർ കൃത്യമായ ഇടപെടൽ നടത്തിയില്ലെന്നും, ജനങ്ങളുടെ ജീവന് സംരക്ഷണം നൽകുന്നതിൽ അധികാരികൾ പൂർണ്ണമായും പരാജയപ്പെട്ടുവെന്നും നാട്ടുകാർ ആരോപിക്കുന്നു.
അർഹമായ നഷ്ടപരിഹാരം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അടിയന്തര തീരുമാനമുണ്ടാകണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. ജനപ്രതിനിധികളും ഡിഎഫ്ഒയും സ്ഥലത്തെത്തിയിട്ടും കളക്ടർ വരാത്തതിൽ കടുത്ത അതൃപ്തിയാണ് നാട്ടുകാർക്കിടിയിൽ. വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന ആവശ്യം ശക്തമാണ്.





Leave a Reply