ജനജീവിതത്തിന് ഭീഷണി, കരിങ്കൽ ക്വാറി പ്രവർത്തനം തടയണം. എസ്.ഡി.പി.ഐ.
മേപ്പാടി: റിപ്പൺ വാളത്തൂർ ചീരമട്ടത്ത് കരിങ്കൽ ക്വാറി പ്രവർത്തനം ആരംഭിക്കുന്നത് തടയണമെന്നും പ്രദേശവാസികളുടെ ജീവന് സുരക്ഷ ഒരുക്കണമെന്നും എസ്.ഡി.പി.ഐ കൽപ്പറ്റ മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. റെഡ്സോണിൽ ഉൾപ്പെട്ടതും കഴിഞ്ഞ പ്രളയകാലത്ത് മണ്ണിടിഞ്ഞ് പ്രകൃതിദുരന്തത്തിരയായതുമായ പ്രദേശത്താണ് ക്വാറി പ്രവർത്തനം തുടങ്ങാനുള്ള ശ്രമങ്ങൾ നടക്കുന്നത്. 60 മുതൽ 80 ഡിഗ്രി വരെ ചെങ്കുത്തായി നിലനിൽക്കുന്ന പ്രദേശത്ത് സ്ഫോടനങ്ങൾ നടത്തുന്നത് ദുരന്തം വിളിച്ചു വരുത്തുമെന്നിരിക്കേ ക്വാറി പ്രവർത്തനം പ്രദേശവാസികളുടെ ജീവനു നേരെയുള്ള വെല്ലുവിളിയാണ്. അധികൃതരുടെ മൗനം ജനവാസ മേഖലയുടെ സർവ്വനാശത്തിലാണ് കലാശിക്കുക. നൂറിലധികം വീടുകളുടെ തകർച്ചക്കും ഇരുന്നൂറോളം കുടുംബങ്ങളുടെ കുടിവെള്ളക്ഷാമത്തിനും ഇത് ഇടവരുത്തും. ജില്ലാ ഭരണകൂടം സ്വത്വര നടപടികൾ സ്വീകരിക്കണം.
വിഷയത്തിൽ പ്രദേശവാസികൾ ക്വാറിവിരുദ്ധ ആക്ഷൻ കമ്മറ്റി രൂപീകരിക്കുകയും മുഖ്യമന്ത്രിക്കും ജില്ലാ കളക്ടർക്കും പരാതി നൽകുകയും തുടർന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ക്വാറി പ്രവർത്തനം തടഞ്ഞിരുന്നതുമാണ്. ഇതിനെതിരെ ക്വാറി ഉടമകൾ ഹൈക്കോടതിയെ സമീപിക്കുകയും പ്രവർത്തനാനുമതി നൽകിക്കൊണ്ടുള്ള സിംഗിൾ ബെഞ്ച് വിധി നേടുകയും ചെയ്തിരുന്നു.
വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിൽ നൽകിയ അപ്പീൽ നിലനിൽക്കെയാണ് ധ്രുതഗതിയിൽ പ്രവർത്തനം തുടങ്ങാനുള്ള ശ്രമങ്ങൾ നടക്കുന്നത്. ഇതിനെതിരെ ജനകീയ പ്രതിരോധം തീർക്കുമെന്നും സമരപരിപാടികളുമായി മുന്നിട്ടിറങ്ങുമെന്നും എസ്.ഡി.പി.ഐ അറിയിച്ചു. യോഗത്തിൽ പ്രസിഡൻ്റ് വി.ജാഫർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുബൈർ കെ.പി സ്വാഗതവും ട്രഷറർ അബ്ദുൽ റസാഖ് കെ നന്ദിയും പറഞ്ഞു.





Leave a Reply