ഇവർക്കിനി ശുഭയാത്ര
കൽപ്പറ്റ: സ്വപ്‌നങ്ങൾ യാഥാർത്ഥ്യമാക്കാൻ ഒരുങ്ങുകയാണ് സന്തോഷ കടലിരമ്പുകയാണ്, കളക്‌ടറേറ്റ് അങ്കണത്തിലെ ശുഭയാത്ര ഉദ്ഘാടന വേദിയിൽ സമ്മാനമായി കിട്ടിയ പുതിയ യന്ത്രക്കസേരയിൽ. സ്വതന്ത്രമായി ഒരടി പോലും മുന്നോട്ട് നടക്കാൻ കഴിയാത്ത ബാല്യ കൗമാരങ്ങൾ. ഇവരുടെ സ്വപ്‌നങ്ങൾക്കെല്ലാം നിറം പകരുകയാണ് ശുഭയാത്ര യന്ത്രക്കസേരകൾ.
ജില്ലാ പഞ്ചായത്തും സാമൂഹ്യനീതി വകുപ്പും ചേർന്നാണ് ജില്ലയിൽ തെരഞ്ഞെടുക്കപ്പെട്ട ഭിന്നശേഷിക്കാരായ 14 കുട്ടികൾക്ക് ഇലക്ട്രോണിക് വീൽചെയർ (മോട്ടോറൈസ്ഡ്- ജോയ്സ്റ്റിക്ക് ഓപെറേറ്റഡ് വീൽചെയർ) നൽകിയത്. ഏഴാം തരം മുതൽ എഞ്ചിനിയറിങ് വരെ പഠിക്കുന്ന ചലന പരിമിതിയുള്ള വിദ്യാർത്ഥികൾക്ക് ഇതൊരു പുതിയ പ്രതീക്ഷയായി മാറുകയായിരുന്നു. ഭിന്നശേഷിക്കാർക്ക് പ്രത്യേക പരിഗണന നൽകി സമൂഹവും ഒപ്പമുണ്ടെന്നതിൻ്റെ നേർക്കാഴ്ചയായി മാറുകയായിരുന്നു ശുഭയാത്ര പദ്ധതി. ഒന്നിന് 1.20 ലക്ഷം രൂപ ചെലവ് വരുന്ന മോട്ടോറൈസ്ഡ് വീൽചെയറുകളാണ് പദ്ധതിയിലൂടെ സൗജന്യമായി നൽകിയത്.
അവശതയനുഭവിക്കുന്നവർക്ക് പഠന സഹായത്തിനും ജീവിത ലക്ഷ്യം കൈവരിക്കന്നതിനുമായി ഗ്രാമ പഞ്ചായത്ത് പരിധിയിലുള്ള അർഹരായ ഭിന്നശേഷിക്കാരിൽ നിന്നും ലഭ്യമായ അപേക്ഷയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ ബോർഡ് ശുപാർശ പ്രകാരമാണ് ഗുണഭോക്തക്കളെ തിരഞ്ഞെടുത്തത്. ചലനശേഷിയില്ലാത്ത കുട്ടികൾക്കായി ശുഭയാത്ര പദ്ധതി ഇനിയും വ്യാപിപ്പിക്കാനാണ് ലക്ഷ്യം.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ ശുഭയാത്ര യന്ത്രക്കസേര വിതരണം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് എസ്. ബിന്ദു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ജുനൈദ് കൈപ്പാണി, ഉഷ തമ്പി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.ബി. നസീമ, കെ.വിജയൻ, ബീന ജോസ്, എ.എൻ സുശീല, എൻ.സി പ്രസാദ്, മീനാക്ഷി രാമൻ, സിന്ധു ശ്രീധരൻ, ബിന്ദു പ്രകാശ്, ജില്ലാപഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ്, ജില്ലാ സമൂഹ്യനീതി ഓഫീസർ കെ.കെ. പ്രജിത്ത്, സമൂഹ്യനീതി ഓഫീസ് ജൂനിയർ സൂപ്രണ്ട് ജി. ബീനേഷ് എന്നിവർ സംസാരിച്ചു. ഗുണഭോക്താക്കളുടെ രക്ഷാകർത്താക്കളെ ചടങ്ങിൽ ആദരിച്ചു. പരിപാടിയിൽ പങ്കെടുത്തവർക്ക് മധുരവിതരണവും നടത്തി.
Leave a Reply