സുഗന്ധഗിരിയിലെ കൈവശകാര്‍ക്ക് സ്ഥായിയായ പട്ടയം അനുവദിക്കണം-ടി.സിദ്ധിഖ് എം.എല്‍.എ
കല്‍പ്പറ്റ: കാര്‍ഡമം പ്രൊജക്ട് പ്രകാരം സുഗന്ധഗിരിയില്‍ ഭൂമി അനുവദിച്ച പട്ടികജാതി-പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് കൈവശാവകാശ രേഖ കൈമാറാനും, ഭൂമി മാതാപിതാക്കളില്‍ നിന്നും മക്കളിലേക്ക് കൈമാറാനും, സ്ഥായിയായ പട്ടയം അനുവദിക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ.ടി.സിദ്ധിഖ് റവന്യു മന്ത്രി കെ. രാജന് അടിയന്തിര കത്ത് കൈമാറി.
ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന സമയത്ത് 1977-ല്‍ ആരംഭിച്ച പദ്ധതിയാണ് സുഗന്ധഗിരി കാര്‍ഡമം പദ്ധതി. ഇതിന്റെ ഭാഗമായി ഭൂമിയും, പാര്‍പ്പിടവും ഇല്ലാത്തതായിട്ടുള്ള പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളെ പുനരധിവാസിപ്പിക്കാന്‍ വേണ്ടി ആരംഭിച്ച പദ്ധതിയാണ്. ഇതില്‍ 850 ഓളം വരുന്ന തൊഴിലാളികളില്‍ പട്ടികവര്‍ഗക്കാര്‍ക്ക് 5 ഏക്കറും, പട്ടികജാതികാര്‍ക്ക് 2 ഏക്കര്‍ ഭൂമി വീതവും വനാവകാശ പ്രകാരമാണ് ഭൂമി നല്‍കിയത്. ഈ ഭൂമിക്ക് കൈവശ രേഖ മാത്രമാണ് നല്‍കിയിട്ടുള്ളത്. കൈവശ രേഖ കൈമാറ്റം ചെയ്യാന്‍ പറ്റാത്തത് കൊണ്ട് അച്ഛനും, അമ്മയും മരണപ്പെട്ട് കഴിഞ്ഞാല്‍ അവരുടെ മക്കളുടെ പേരിലേക്ക് പകര്‍ന്ന് നല്‍കാന്‍ യാതൊരു രീതിയിലുള്ള അവകാശവുമില്ല. അതിനാല്‍ തന്നെ പ്രസ്തുത കൈവശരേഖ ഉപയോഗിച്ച് വിദ്യാഭ്യാസം, വിവാഹം, ഭവന നിര്‍മ്മാണം, മറ്റ് ആവശ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് ലോണ്‍ എടുക്കുന്നതിന് സാധിക്കാത്ത സ്ഥിതിയാണ്. കൂടാതെ രേഖകള്‍ കൈമാറ്റം ചെയ്യാന്‍ പറ്റാത്തത് കൊണ്ട് അനധികൃതരായ നിരവധിയാളുകളുടെ മക്കള്‍ താമസക്കാരായുണ്ട്. അതുകൊണ്ട് മക്കളിലേക്കും, അവകാശികളിലേക്കും ഈ അവകാശം പകര്‍ന്ന് നല്‍കാനുള്ള നടപടിയും, ഇവര്‍ക്ക് സമ്പൂര്‍ണ്ണ പട്ടയം നല്‍കാനുള്ള നടപടിയും സ്വീകരിക്കണമെന്ന് കാണിച്ച് നേരെത്ത നിയമസഭയില്‍ എം.എല്‍.എ സബ്ബ്മിഷന്‍ അവതരിപ്പിക്കുകയും, കൂടാതെ റവന്യു അസംബ്ലിയിലും ഈ വിഷയം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് മന്ത്രി അടിയന്തിര യോഗം വിളിക്കാമെന്ന് പ്രശ്‌നം പരിഹരിക്കാനുള്ള നടപടി സ്വീകരിക്കാമെന്നും ഉറപ്പ് നല്‍കിയിരുന്നു. ഈ ഉറപ്പിന്മേല്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതിന് വേണ്ടിയാണ് കത്ത് നല്‍കിയിട്ടുള്ളതെന്ന് എം.എല്‍.എ പറഞ്ഞു.





Leave a Reply