ദുർഗന്ധം പരന്ന് മാനന്തവാടി മുൻസിപ്പൽ സ്റ്റാൻഡ്
മാനന്തവാടി: മാനന്തവാടി മുനിസിപ്പൽ ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ ശൗചാലയ പരിസരത്ത് മലിന ജലം പുറത്തേക്ക് ഒഴുകുന്നത് യാത്രക്കാർക്ക് ദുരിതമാകുന്നു. ബസ് സ്റ്റാൻഡിലെ ക്ലോക്ക് റൂം പരിസരത്ത് നിന്നും ദിവസങ്ങളായി മലിന ജലം ഒഴുകിയതുമൂലം നൂറുകണക്കിന് യാത്രക്കാരും, വ്യാപാരികളും, ബസ് ജീവനക്കാരും മറ്റും പൊറുതിമുട്ടി. ബസുകൾ സ്റ്റാൻഡിലേക്ക് എത്തിച്ചേരുന്ന ഭാഗത്താണ് മലിന ജലം കെട്ടിക്കിടക്കുന്നത്. ഇതിലൂടെയായിരുന്നു യാത്രക്കാരും സ്റ്റാൻഡിലേക്ക് എത്തിയിരുന്നത്. ഇവിടെ ടാങ്കിന് മുകളിൽ പാകിയിട്ടുള്ള സ്ലാബുകൾക്ക് വിള്ളലുകളും ഉണ്ടായിട്ടുണ്ട്. നഗരസഭ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ബ്ലീച്ചിങ്ങ് പൗഡർ വിതറുക മാത്രമാണ് ചെയ്തതെന്ന് നാട്ടുകാർ ആരോപിച്ചു.
എന്നാൽ ഓണത്തിൻ്റെ തലേ ദിവസം തന്നെ കക്കൂസ് ടാങ്കിൽ നിന്നും രണ്ട് ലോഡ് മാലിന്യം നീക്കിയിരന്നതായും, നിലവിൽ ടാങ്കിലെ പൈപ്പിൽ ലീക്ക് വന്നതാണ് പ്രതിസന്ധി വരുത്തിയതെന്നും നഗരസഭ അധികൃതർ പറഞ്ഞു. ശൗചാലയം നടത്തിപ്പുകാർക്ക് ഇത് സംബന്ധിച്ച് നിർദേശം കൊടുത്തതായും ആയത് അവർ പരിഹരിച്ചതായും നഗരസഭ വ്യക്തമാക്കി.
ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ നിന്നും മലിനജലം ഒഴുകുന്നത് സംബന്ധിച്ച് മുമ്പും പരാതികൾ ഉയർന്നിരുന്നു. സാംക്രമിക രോഗങ്ങളടക്കം പടരാനുള്ള സാധ്യത മുൻനിർത്തി കൃത്യമായി മാലിന്യ സംസ്ക്കരണം ഉറപ്പുവരുത്താൻ ബന്ധപ്പെട്ട അധികൃതർ ശ്രമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.





Leave a Reply