എഐടിയുസി ബഹുജന കണ്‍വെന്‍ഷന്‍ കേന്ദ്ര സര്‍ക്കാര്‍ വിവേചനം അവസാനിപ്പിക്കണം; രാമകൃഷ്ണ പാണ്ഡെ
കൽപ്പറ്റ: ദുരന്തങ്ങളില്‍ സഹായം അനുവദിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന വിവേചനം അവസാനിപ്പിക്കണമെന്ന് എഐടിയുസി ദേശീയ സെക്രട്ടറി രാമകൃഷ്ണ പാണ്ഡെ ആവശ്യപ്പെട്ടു. കല്‍പറ്റയില്‍ നടന്ന എഐടിയുസി വര്‍ഗ ബഹുജന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം. പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പിന്‍തുണ നല്‍കണം. ഫെഡറല്‍ സംവിധാനത്തില്‍ കേന്ദ്രം സര്‍ക്കാര്‍ അതിന്റെ ഉത്തരവാദിത്വം കാണിക്കണം.
ബിജെപി ഇതര സംസ്ഥാന സര്‍ക്കാറുകളെ മോദി സര്‍ക്കാര്‍ വേട്ടയാടികൊണ്ടിരിക്കുകയാണ്. കേന്ദ്ര ഏജന്‍സികളേയും, ഗവര്‍ണര്‍മാരെയും ഉപയോഗിച്ച് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുകളെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നു. തൊഴലാളി വിരുദ്ധ സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ പിന്‍തുടരുന്നത്. തൊഴിലില്ലായിമ രാജ്യത്ത് വര്‍ദ്ധിച്ചു. ജോലി സുരക്ഷിതത്വം ഇല്ലാതാക്കി. ലേബര്‍ കോഡുകള്‍ക്കെതിരെ രാജ്യത്ത് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും വിവിധ തൊഴിലാളി സംഘടനകളുടെ ദേശീയ ഐക്യത്തിന് എഐടിയുസി മുന്‍കൈ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് വിജയന്‍ ചെറുകര അധ്യക്ഷനായി. സെക്രട്ടറി സി എസ് സ്റ്റാന്‍ലി, സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു, സംസ്ഥാന സെക്രട്ടറിമാരായ സി പി മുരളി, അഡ്വ. ആര്‍ സജിലാല്‍, സി കെ ആശ എംഎല്‍എ, എം വി ബാബു പ്രസംഗിച്ചു.
Leave a Reply