നവജാത ശിശുവിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ
കൽപ്പറ്റ: നേപ്പാൾ സ്വദേശികളായ മഞ്ജു സൗദ് (34), അമർ ബാദുർ സൗദ്(45), റോഷൻ സൗദ് (20) എന്നിവരെയാണ് കല്പറ്റ പോലീസ് അറസ്റ്റ് ചെയ്തത്. 2024 മെയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൽപറ്റ പള്ളിതാഴെ എന്ന സ്ഥലത്തുള്ള റൊസേറ്റ കാസ്റ്റിൽ എന്ന സ്ഥാപനത്തിൽ ജോലി ചെയ്തു താമസിച്ചു വരികയായിരുന്ന 7 മാസം ഗർഭിണിയായിരുന്ന യുവതിയെ ആൺ സുഹൃത്ത് റോഷനും റോഷന്റെ അമ്മയായ മഞ്ജു സൗദും ഗർഭഛിദ്രം നടത്തുന്നതിനായി മരുന്നുകൾ നൽകുകയും രണ്ട് ദിവസങ്ങൾക്കു ശേഷം ശുചിമുറിയിൽ വച്ച് യുവതി പ്രസവിക്കുകയുമായിരുന്നു.
ആ കുഞ്ഞിനെ റോഷന്റെ അമ്മ കയ്യിലെടുത്തു കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി മരണം ഉറപ്പാക്കിയ ശേഷം തുണിയിൽ കെട്ടിപ്പൊതിഞ്ഞ് വൈത്തിരിയിലെ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. റോഷന്റെ അച്ഛനായ അമർ ഇതിന് കൂട്ടുനിൽക്കുകയും ചെയ്തു. നേപ്പാളിലെ സെമിൻപൂൾ സ്വദേശിയായ യുവതിയുടെ പരാതിയിൽ കേസെടുത്ത് നടത്തിയ അന്വേഷണത്തിൽ പ്രതികളെ പിടികൂടി ചോദ്യം ചെയ്തതിൽ കുറ്റം സമ്മതിക്കുകയായിരുന്നു.
സംഭവത്തിനു പിന്നാലെ നേപ്പാളിലേക്ക് പോയ യുവതി കഴിഞ്ഞ ദിവസമാണ് തിരിച്ചെത്തി കൽപ്പറ്റ പൊലീസിൽ പരാതി നൽകിയത്. കൂടുതൽ അന്വേഷണവും കുഞ്ഞിനു വേണ്ടിയുള്ള തിരച്ചിലും പോലീസ് നടത്തിവരികയാണ്.





Leave a Reply