ജീവിതയാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെടാനുറച്ച് ശ്രുതി
കല്‍പ്പറ്റ: ജീവിത യാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെടാനും പൊരുതാനുമുറച്ച് വയനാട് പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തം അതിജീവിത ശ്രുതി. പ്രകൃതിദുരന്തത്തിന്റെ ഏറ്റവും കഠിനമായ തിക്തഫലം നേരിടേണ്ടി വന്ന യുവതിയാണ് ചൂരല്‍മല സ്വദേശിനിയായ ശ്രുതി. പിന്നീടും വിധി അവരെ വേട്ടയാടി. എന്നിട്ടും ധൈര്യം കൈവിടാനും ജീവിതത്തെ വെറുക്കാനും ശ്രുതി തയാറല്ല. ജൂലൈ 30നു രാത്രിയില്‍ പുഞ്ചിരിമട്ടം വനത്തിലുണ്ടായ ഉരുള്‍പൊട്ടലില്‍ പിതാവ് ശിവണ്ണന്‍, മാതാവ് സബിത, സഹോദരി ശ്രേയ എന്നിവരടക്കം കുടുബത്തിലെ ഒന്‍പത് പേരെയാണ് ശ്രുതിക്കു നഷ്ടമായത്. കോഴിക്കോട് ജോലി ചെയ്തിരുന്ന ശ്രുതി ദുരന്തദിനത്തില്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല.
സ്‌കൂള്‍കാലം മുതല്‍ സൗഹൃദത്തിലായിരുന്ന അമ്പലവയല്‍ ആണ്ടൂര്‍ പരിമളത്തില്‍ ജെന്‍സനുമായി ശ്രുതിയുടെ വിവാഹം നിശ്ചയിച്ചിരിക്കെയായിരുന്നു ഉരുള്‍ദുരന്തം. ഉറ്റവരെയെല്ലാം ഉരുളെടുത്തതിന്റെ വേദനയില്‍ നീറിയ ശ്രുതിക്ക് ആശ്വാസമായത് ജെന്‍സന്റെയും വീട്ടുകാരുടെയും സാന്ത്വനമായിരുന്നു. ശ്രുതിയെ ചേര്‍ത്തുപിടിച്ച ജെന്‍സനെയും അപ്രതീക്ഷിതമായി മരണം തട്ടിയെടുത്തു. സെപ്റ്റംബര്‍ 10ന് കല്‍പ്പറ്റ വെള്ളാരംകുന്നിലുണ്ടായ വാഹനാപകടമാണ് ജെന്‍സന്റെ ജീവനെടുത്തത്. ശ്രുതി ഉള്‍പ്പെടുയുള്ളവരുമായി യാത്ര ചെയ്യുന്നതിനിടെ ജെന്‍സന്‍ സഞ്ചരിച്ച ഓംനി വാന്‍ സ്വകാര്യ ബസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.
തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ജെന്‍സന്‍ 11നു രാത്രി മേര്രാടി അരപ്പറ്റയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് മരിച്ചത്. അപകടത്തില്‍ രണ്ടു കാലിനും പൊട്ടലേറ്റ് കല്‍പ്പറ്റയില്‍ ചികിത്സയിലായിരുന്ന ശ്രുതി കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. ശ്രുതിയുടെ കാലില്‍ ശസ്ത്രക്രിയ നടത്തിയ ദിവസമായിരുന്നു ജെന്‍സന്റെ വിയോഗം. ജെന്‍സന്റെ മടക്കം വയനാടിനെയാകെ കണ്ണീരിലാക്കിയിരുന്നു. വേര്‍പെട്ടുപോയ മാതാപിതാക്കള്‍ക്കും സഹോദരിക്കും ജെന്‍സനും ഉറ്റവരായ മറ്റുള്ളവര്‍ക്കും വേണ്ടി ജീവിക്കുമെന്നാണ് ആശുപത്രി വിടുമ്പോള്‍ ശ്രുതി പറഞ്ഞത്.
കല്‍പ്പറ്റയ്ക്കു സമീപം അമ്പിലേരി ഗ്രാമത്തുവയലില്‍ ബന്ധുവിന്റെ സംരക്ഷണത്തിലാണ് ശ്രുതി. നാടിന്റെ കരുതലും അവള്‍ക്കുണ്ട്. എഐടിയുസി ദേശീയ സെക്രട്ടറി രാമകൃഷ്ണ പാണ്ഡെ, സംസ്ഥാന സെക്രട്ടറിമായ അഡ്വ.ആര്‍. സജിലാല്‍, സി.പി. മുരളി, ജില്ലാ നേതാക്കളായ സി.എസ്. സ്റ്റാന്‍ലി, വി. യൂസഫ് എന്നിവര്‍ ഇന്നലെ ശ്രുതിയെ താമസ സ്ഥലത്ത് സന്ദര്‍ശിച്ചു. തോറ്റുപിന്‍മാറാന്‍ ഇല്ലെന്നാണ് ഇവരോടു ശ്രുതി പറഞ്ഞത്. ശ്രുതി ആവശ്യപ്പെട്ടതനുസരിച്ച് നേതാക്കള്‍ വാഷിംഗ് മെഷീന്‍ സമ്മാനിച്ചു.





Leave a Reply