മണ്ണിടിച്ചിലിൽ തകർന്ന പേരിയ ചുരം റോഡ് എന്ന് ഗതാഗതയോഗ്യമാക്കും
തലപ്പുഴ:ജൂലൈ 30ന് ഉണ്ടായ മണ്ണിടിച്ചിലിൽ തകർന്ന പേരിയ ചുരം റോഡ് എന്ന് തുറക്കാനാകുമെന്ന് പോലും പറയാൻ കഴിയാത്ത അവസഥയിൽ. ഇത് വഴിയുള്ള ഗതാഗതം നിരോധിച്ചിട്ട് 2 മാസം ആകുന്നു. ഏറെ മുറവിളികൾക്കു ശേഷം റോഡ് നിർമാണം ആരംഭിച്ചെങ്കിലും അടിക്കടി ഉണ്ടാകുന്ന മണ്ണിടിച്ചിലിൽ നിർമാണം പ്രതിസന്ധിയിലായിരിക്കുകയാണ്.
ചുരത്തിൽ വിള്ളൽ രുപപ്പെട്ടതിനു ശേഷവും ഒരു സൈഡിലൂടെ ചെറിയ വാഹനങ്ങൾ കടത്തി വിട്ടിരുന്നു. എന്നാൽ പിന്നീടും മണ്ണിടിച്ചിൽ ഉണ്ടായതോടെ ഇതും നിലച്ചു. റോഡ് പണി നടക്കുന്നുണ്ടെങ്കിലും വേഗം പോരെന്നാണ് നാട്ടുകാരുടെ പക്ഷം. ഇപ്പോഴത്തെ വേഗത്തിലാണ് ജോലി പുരോഗമിക്കുന്നതെങ്കിൽ, പണി തീരാൻ മാസങ്ങളോളം കാത്തിരിക്കേണ്ടി വരും.
വയനാട്, കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള പേരിയ ചുരം വഴിയുള്ള ഗതാഗതം സ്തംഭിച്ചത് ഒരു പ്രദേശത്തെ ആകെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. മണ്ണിടിച്ചിൽ ഉണ്ടായതോടെ പേരിയ ചുരം വഴി ചെറിയ വാഹനങ്ങൾ കൂടി കടന്ന് പോകാത്ത സ്ഥിതിയാണ്. ചുരം അടഞ്ഞതോടെ പേരിയ ടൗൺ അടക്കം നിർജീവമായി. കണ്ണൂർ, തലശ്ശേരി ഭാഗങ്ങളിൽ നിന്നുള്ള ബസ് സർവീസുകൾ നിലച്ചതോടെ പേരിയ ഭാഗത്തുള്ള വിദ്യാർഥികൾ അടക്കം കടുത്ത യാത്രാ ക്ലേശം നേരിടുകയാണ്. പൊതു ഗതാഗത സൗകര്യം നിലവിൽ നാമ മാത്രമാണ്.
ഇതുവഴി പോയിരുന്ന വാഹനങ്ങൾ കൂടി പാൽചുരം വഴി പോയി തുടങ്ങിയതോടെ അവിടെയും ഗതാഗതക്കുരുക്ക് പതിവാണ്. പാൽച്ചുരം വഴിയുള്ള യാത്രയാകട്ടെ കൂടുതൽ അപകടകരമായ അവസ്ഥയിലുമായി. വാഹനങ്ങളുടെ തിരക്കു മൂലം മണിക്കൂറുകൾ നീണ്ട ഗതാഗത തടസ്സം സ്‌ഥിരം കാഴ്‌ചയായി മാറിയിരിക്കുകയാണ്.





Leave a Reply