May 6, 2026

അധികൃതർ തിരിഞ്ഞു നോക്കാതെ എച്ച് എസ് – പത്താം മൈൽ റോഡ്

0
Img 20240927 Wa00862
By ന്യൂസ് വയനാട് ബ്യൂറോ

കാവുംമന്ദം :തകർന്നു തരിപ്പണമായ തരിയോട് എച്ച്എസ്-പത്താം മൈൽ പാത നന്നാക്കാൻ നടപടിയില്ലാത്തത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കുന്നു. റോഡ് നന്നാക്കാൻ കരാർ എടുത്ത വ്യക്തി പ്രവൃത്തി ഉപേക്ഷിച്ചു പോയതിനു ശേഷം മറ്റൊരാൾ കരാർ ഏറ്റെടുത്തെങ്കിലും മാസങ്ങൾ പിന്നിട്ടിട്ടും പഴയപടി തന്നെ തുടരുകയാണ്. റോഡ് തകർന്നിട്ടു വർഷങ്ങളായതോടെ കാൽനടയാത്ര പോലും അസാധ്യമായി. പൂർണമായും തകർന്നതിനു പുറമേ ശുദ്ധജല വിതരണ പദ്ധതി പ്രവൃത്തിയും നടത്തിയതോടെ പേരിനു പോലും റോഡ് ഇല്ലാത്ത അവസ്‌ഥയായി. എച്ച്എസ് മുതൽ പത്താംമൈൽ വരെയുള്ള 2.7കിലോമീറ്റർ റോഡിൽ ഒരിടം പോലും തകരാൻ ബാക്കിയില്ല.

ശുദ്ധജല വിതരണ പൈപ്പ് സ്‌ഥാപിക്കാൻ എടുത്ത കുഴികൾ വൻ ഗർത്തങ്ങളായി മാറി. മഴ പെയ്യുമ്പോൾ കുഴികളിൽ വെള്ളം തളം കെട്ടി മിക്കയിടത്തും തോടായി മാറിയിട്ടുണ്ട്. ഓവുചാലുകൾ അടഞ്ഞതും വെള്ളം തളംകെട്ടി നിൽക്കാൻ കാരണമായി. കർലാട്, ബാണാസുര ഡാം എന്നീ ടൂറിസ്‌റ്റ് കേന്ദ്രങ്ങളിലേക്ക് ഈ വഴി യാത്ര ചെയ്യുന്ന വിനോദ സഞ്ചാരികളും ബുദ്ധിമുട്ടിലാകുന്നു. വാഹനങ്ങൾ വഴിയിൽ കുടുങ്ങി ഏറെ സമയം റോഡിൽ ചെലവഴിക്കേണ്ടി വന്നതായി അവർ പരാതി പറയുന്നു. മിക്ക വാഹന ഡ്രൈവർമാരും ഈ വഴി ഓട്ടം പോകാൻ മടിക്കുകയാണ്. റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് വർഷങ്ങളായി തുടരുന്ന പ്രതിഷേധ സമരങ്ങളും അധികൃതർക്ക് നൽകുന്ന പരാതികളും ഇതുവരെ ഫലം കണ്ടില്ല.ശുദ്ധജല വിതരണ പദ്ധതിയുടെ ഭാഗമായ റീസ്‌റ്റോറേഷൻ പ്രവൃത്തി പൂർത്തിയായില്ലെന്ന കാരണം പറഞ്ഞാണു കരാറുകാരൻ റോഡ് പണി ആരംഭിക്കാത്തത്. എന്നാൽ ഈ പ്രവൃത്തി നടത്തുന്നതിന് കരാർ നൽകിയിട്ടുണ്ടെന്നും അടുത്ത മാസം 15ന് ആണ് പ്രവൃത്തി പൂർത്തീകരിക്കേണ്ട കാലാവധി എന്നും അധികൃതർ പറയുന്നു. കാലാവധി പൂർത്തിയാകാൻ ദിവസങ്ങൾ മാത്രമേ ഉള്ളൂവെങ്കിലും ഇതിന്റെ ഭാഗമായ ഒരു ജോലിയും ഇതുവരെ ആരംഭിച്ചിട്ടില്ല.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *