കാരാട്ട് ചിട്ടി ഉടമകൾ മുങ്ങി;പ്രതിഷേധം കടുപ്പിക്കാൻ നിക്ഷേപകർ
കൽപ്പറ്റ: വൻതുക നിക്ഷേപം വാങ്ങിയ ശേഷം കാരാട്ട് കുറീസ് ഉടമകൾ മുങ്ങിയ സാഹചര്യത്തിൽ നിയമ നടപടികൾ വൈകുന്നതിൽ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങു നിക്ഷേപകർ. കബളിപ്പിക്കപ്പെട്ടവർ ചേർന്ന് കർമ്മ സമിതി സമിതി രൂപീകരിക്കുകയും, പ്രക്ഷോഭത്തിന്റെ ഭാഗമായി ഡിസംബർ 17ന് കലക്ട്രേറ്റിന് മുമ്പിൽ ധർണ്ണ നടത്തുമെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്രതികൾ സാമ്പത്തിക – രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് സാധാരണക്കാരെ തട്ടിപ്പിനിരയാക്കിയതെന്നും, ലക്ഷങ്ങളാണ് ഉടമകളിൽ നിന്ന് ഓരോരുത്തർക്കും ലഭിക്കാനുള്ളതെന്നും ഇവർ പറഞ്ഞു.
മലപ്പുറം ജില്ലയിലെ കൂരിയാട് ആസ്ഥാനമായാണ് കാരാട്ട് കുറീസ് പ്രവർത്തിച്ചിരുന്നത്. വയനാട് ഉൾപ്പടെ വിവിധ ജില്ലകളിൽ നിരവധി ബ്രാഞ്ചുകളുണ്ട്. കഴിഞ്ഞ മാസം 20-ഓടെയാണ് എല്ലാ ബ്രാഞ്ചുകളും പൂട്ടി ഉടമകൾ മുങ്ങിയത്. ലക്ഷങ്ങളാണ് ചിട്ടിയിൽ ചേർന്ന പലർക്കും കമ്പനി മടക്കി നൽകാനുള്ളത്. ഇതിനോടകം നിക്ഷേപകർ വ്യക്തിപരമായും സംഘം ചേർന്നും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കർമ്മ സമിതിയുടെ നേതൃത്വത്തിലാണ് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്നത്. നിക്ഷേപകരുടെ പണം തിരികെ ലഭിക്കാൻ സർക്കാർ ഇടപെടണമെന്ന് വാർത്താ സമ്മേളനത്തിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു .





Leave a Reply