ഉരുള്‍ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നത് വരെ പോരാട്ടം തുടരും: രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ
കല്‍പ്പറ്റ:ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നത് വരെ യൂത്ത്‌കോണ്‍ഗ്രസ് പോരാട്ടം തുടരുമെന്ന് സംസ്ഥാന പ്രസിഡന്റ് രാഹുല്‍മാങ്കൂട്ടത്തില്‍ എം എല്‍ എ. ഉരുള്‍ ദുരന്തബാധിതരെ കേന്ദ്ര-കേരള സര്‍ക്കാരുകള്‍ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയുടെ നേതൃത്വത്തില്‍ മേപ്പാടിയില്‍ നിന്നും കല്‍പ്പറ്റയിലേക്ക് നടത്തിയ ലോംഗ് മാര്‍ച്ചിന്റെ സമാപനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിയുടെ താണ്ഡവത്തില്‍ എല്ലാം തകര്‍ന്നില്ലാതായവരുടെ പുനരധിവാസത്തിന് വേണ്ടിയാണ് ഈ മാര്‍ച്ച്. കേന്ദ്ര-കേരള സര്‍ക്കാരുകള്‍ അവരെ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. വാടകവീടുകളില്‍ കഴിയുന്നവര്‍ക്ക് വീട് വെച്ച് കൊടുക്കാന്‍ തയ്യാറാകാത്ത, വാടക നല്‍കാത്ത, അവരുടെ മറ്റ് കാര്യങ്ങള്‍ നോക്കാത്ത സര്‍ക്കാരിനെതിരെയാണ് ഈ പ്രതിഷേധം. ദുരന്തബാധിതരോടുള്ള അവഗണനക്കെതിരെ സമരം ചെയ്യുമ്പോള്‍ പൊലീസുകാര്‍ക്ക് കൈതരിക്കുന്നത് എന്തി നാണെന്ന് അദ്ദേഹം ചോദിച്ചു. രാഷ്ട്രീയനിര്‍ദേശത്തിന്റെ പേരിലാണ് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ചത്. അന്നത്തെ പ്രതിഷേധം പ്രധാനമന്ത്രിക്ക് എതിരായി കൂടിയായിരുന്നു. പ്രധാനമന്ത്രി വന്നതിനെ കക്ഷിരാഷ്ട്രീയഭേദമെന്യെ എല്ലാവരും ഒരുപോലെ സ്വാഗതം ചെയ്തതാണ്. ഒരു സമാശ്വാസ പാക്കേജ് ലഭിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. എന്നാല്‍ പ്രധാനമന്ത്രി കറങ്ങിയതിന്റെ പണം വരെ നമ്മുടെ ഖജനാവില്‍ നിന്നും നഷ്ടമായതല്ലാതെ ഒരു ചില്ലികാശ് തരാന്‍ കേന്ദ്രം തയ്യാറായില്ല. പിണറായി വിജയന്റെ ബോസായതിനാല്‍ മോദിക്കെതിരെ സമരം നടത്താന്‍ ഡി വൈ എഫ് ഐക്ക് സാധിക്കില്ല. എന്നാല്‍ എത്ര തല്ലിയൊതുക്കാന്‍ ശ്രമിച്ചാലും ദുരന്തബാധിതരുടെ അവകാശങ്ങള്‍ക്കായി യൂത്ത്‌കോണ്‍ഗ്രസ് നിരന്തരമായി പോരാട്ടം തുടരുമെന്നും രാഹുല്‍ പറഞ്ഞു. ദുരന്തബാധിതരുടെ പുനരവധിവാസത്തിന്റെ ഭാഗമായി 30 വീടുകള്‍ നല്‍കാനുള്ള നടപടികളുമായി യൂത്ത്‌കോണ്‍ഗ്രസ് മുന്നോട്ടുപോകുകയാണ്. എന്നാല്‍ സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്ത് നല്‍കാത്ത സാഹചര്യമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഡ്വ. ടി സിദ്ധിഖ് എം എല്‍ എ സമാപനയോഗം ഉദ്ഘാടനം ചെയ്തു. യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി, സംസ്ഥാനഭാരവാഹികളായ ജോമോന്‍ ജോസ്, ഒ ജെ ജെനീഷ്, കെ പി സി സി മെമ്പര്‍മാരായ കെ ഇ വിനയന്‍, പി പി ആലി, സംഷാദ് മരയ്ക്കാര്‍, ജില്ലാ, നിയോജകമണ്ഡലം, മണ്ഡലം ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവര്‍ സംബന്ധിച്ചു. യൂത്ത്‌കോണ്‍ഗ്രസ് വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മാര്‍ച്ചില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു. ലോംഗ് മാര്‍ച്ചിനായി മേപ്പാടിയിലെത്തിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍, പി പി ആലി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. പുനരധിവാസം വേഗത്തിലാക്കുക, ലയങ്ങളില്‍ താമസിക്കുന്നവരെയും പുനരധിവാസത്തില്‍ ഉള്‍പ്പെടുത്തുക, ഗുരുതര പരുക്കേറ്റവരുടെ തുടര്‍ ചികിത്സാ സഹായം അടിയന്തരമായി നല്‍കുക, അടിയന്തരസഹായം മുഴുവന്‍ കുടുംബങ്ങള്‍ക്കും നല്‍കുക, കെട്ടിടങ്ങള്‍ നഷ്ടപ്പെട്ട ഉടമകള്‍കള്‍ക്ക് നഷ്ടപരിഹാരം ഉടന്‍ നല്‍കുക, ദുരന്തബാധിതരുടെ വീട്ടുവാടക കാലതാമസം കൂടാതെ നല്‍കുക, ജീവനോപാധി നഷ്ടപ്പെട്ടവര്‍ക്കുള്ള ധനസഹായം തുടരുക, നിര്‍ത്തിവെച്ച ഭക്ഷ്യക്കിറ്റ് വിതരണം പുനരാരംഭിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചായിരുന്നു യൂത്ത്‌കോണ്‍ഗ്രസ് ലോംഗ് മാര്‍ച്ച്.
Leave a Reply