കർഷകദ്രോഹ വന നിയമ ഭേദഗതി കരട് വിജ്ഞാപനം പിൻവലിക്കണം- സ്വതന്ത്ര കർഷക സംഘം
മാനന്തവാടി: കർഷകർക്കും സാധാരണക്കാർക്കും ദോഷകരമായി ബാധിക്കുന്ന വന നിയമ ഭേദഗതി ബില്ലിൽ നിന്നും സർക്കാർ പിന്തിരിയണമെന്ന് സ്വതന്ത്ര കർഷക സംഘം സംസ്ഥാന സെക്രട്ടറി പി.കെ.അബ്ദുൽ അസീസ് മുഖ്യമന്ത്രിക്ക് അയച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു. നിയമം നടപ്പിൽ വന്നാൽ മലയോര വാസികൾ വനപാലകരെ ഭയന്നു ജീവിക്കേണ്ട സാഹചര്യമാണ് സൃഷ്ടിക്കുകയെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. വനാതിർത്തിയിൽ ജീവിക്കുന്നവർ കുറ്റം ചെയ്തില്ലെങ്കിലും സംശയത്തിന്റെയും തെറ്റിദ്ധാരണയുടെയും പേരിൽ വന പാലകരുടെ പീഢനത്തിനിയാ യാവാൻ സാധ്യത ഏറെയാണ്. വാറണ്ടില്ലാതെയും കേസ് കേസ് രജിസ്റ്റർ ചെയ്യാതെയും ഫോറസ്റ്റ് ഉദ്യോസ്ഥർക്ക് ആരെയും കസ്റ്റഡിയിലെടുക്കാൻ അനുമതി നൽകുന്നതാണ് കരട് വിജ്ഞാപനത്തിലെ ഒരു നിർദ്ദേശം. വനത്തിനുള്ളിൽ പ്രവേശിക്കുകയോ, വിറക് വെട്ടുകയോ ചെയ്താൽ ആയിരം രൂപയായിരുന്ന പിഴ 25000 രൂപയാക്കിയാണ് വർദ്ധിപ്പിച്ചത്. വനത്തിലെ പുഴയിൽ കുളിക്കുന്നതും മീൻ പിടിക്കുന്നതും കന്നുകാലികളെ മേക്കുന്നതും കുറ്റകൃത്യത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വനപാലകരേക്കാൾ താൽപര്യപൂർവം കാടു സംരക്ഷിക്കാർ എന്നും മുൻപന്തിയിലുള്ളവരാണ് മലയോരവാസികൾ . ഇവരോട് ദ്രോഹ നടപടികളാണ് കരട് വിജ്ഞാപനത്തിലൂടെ സർക്കാർ സ്വീകരിക്കുന്നത്. വനം മന്ത്രിയെ പലപ്പോഴും ഭരിക്കുന്നത് വനം ഉദ്യോഗസ്ഥരാണ്. വനനിയമ ഭേദഗതിയിൽ മാത്രമല്ല, പരിസ്ഥിതി ലോല മേഖല (ഇ.എസ്.എ)യുടെ കാര്യത്തിലും ഉദ്യോഗസ്ഥരുടെ നിലപാടിനോടൊപ്പമായിരുന്നു വനംമന്ത്രി.
വന നിയമ ഭേദഗതി നിയമം പിൻവലിക്കുകയോ, മലയോരവാസികൾക്ക് ദ്രോഹകരമായ എല്ലാ നിർദ്ദേശങ്ങളും പിൻവലിക്കാനോ സർക്കാർ തയ്യാറാവണം. പൊതുവെ ജനങ്ങൾക്ക് മടുത്ത ഒരു സർക്കാറിൽ നിന്ന് കൂടുതൽ അകലാൻ സഹായിക്കുന്നതാണ് വനം നിയമ ഭേദഗതിയെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. നവംബർ ഒന്നിലെ 3488-ാം നമ്പർ കേരള അസാധാരണ ഗസറ്റിൽ പ്രസിദ്ധീകരിച്ച കേരള വാനിയമ ഭേദഗതി ബിൽ 2024 നെതിരെ പരാതിയും നിർദ്ദേശങ്ങളും നൽകാനുള്ള തിയ്യതി നീട്ടണമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
ഒരു പതിറ്റാണ്ടിനിടയിൽ കേരളത്തിൽ വനഭൂമി 3675 ച.കി.മീ. വർദ്ധിച്ചെന്നാണ് കേന്ദ്ര സർക്കാറിന്റെ ഇന്ത്യാ സ്റ്റേറ്റ് ഓഫ് ഫോറസ്റ്റ് റിപ്പോർട്ടി (ഐ.എസ്.എഫ്.ആർ) ലുള്ളത്. വനനിയമ ഭേദഗതി മലയോരവാസികളെ കുടിയൊഴിപ്പിക്കാനും വന വിസ്തൃതി കൂട്ടാനും ഭാവിയിൽ ഇടയാക്കുമെന്ന ഭയം വനത്തോട് ചേർന്ന് താമസിക്കുകയും കൃഷിയിലൂടെ ഉപജീവനമാർഗ്ഗം കണ്ടെത്തുന്നവരെ അലട്ടുന്നതായും നിവേദനത്തിൽ പറഞ്ഞു. വന നിയമ ഭേദഗതിക്കെതിരെ സമരരുത്തിറങ്ങാനും സ്വതന്ത്ര കർഷക സംഘം തീരുമാനിച്ചിട്ടുണ്ട്.
Leave a Reply