ഹിരോഷിമയും നാഗസാക്കിയുമല്ല ; തിരിച്ചുവരവിന്റെ മാതൃക ഇനി മേപ്പാടി ‘തളിർ’ പ്രത്യേക വിദ്യാഭ്യാസ വികസന പദ്ധതിക്ക് തുടക്കം
മേപ്പാടി: മേപ്പാടി ഗ്രാമപഞ്ചായത്തിലെ ഉരുൾപ്പൊട്ടൽ ദുരിതബാധിതരായ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ വികസനം ലക്ഷ്യമിട്ടുകൊണ്ട് അഡ്വ. ടി സിദ്ദിഖ് എം എൽ എ നടപ്പാക്കുന്ന ‘തളിർ’ പ്രത്യേക വിദ്യാഭ്യാസ വികസന പദ്ധതിക്ക് ദ്വിദിന ക്യാമ്പോടുകൂടി തുടക്കമായി. മേപ്പാടി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്ന ഉദ്ഘാടനം അഡ്വ. ടി സിദ്ദിഖ് എം എൽ എ നിർവഹിച്ചു.
രണ്ടാംലോക മഹായുദ്ധ കാലത്ത് നാശോന്മുഖമായ ഹിരോഷിമയും നാഗസാക്കിയും പിൽക്കാലത്ത് നടത്തിയ മുന്നേറ്റം ലോകത്തിനാകെ മാതൃകയായതാണെന്നും അതിൽ വിദ്യാഭ്യാസം വഹിച്ച പങ്ക് ഏറെ നിർണായകമാണെന്നും അതിനേക്കാൾ മികച്ച ഒരു മാതൃകയായി ചൂരൽമല – മുണ്ടക്കൈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ബാധിതരായ വിദ്യാർത്ഥികൾക്കായി നടപ്പാക്കുന്ന തളിർ പദ്ധതി മാറുമെന്ന് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ അദ്ദേഹം അഭിപ്രായപ്പെട്ടു.
മേപ്പാടി പഞ്ചായത്തിലെ സയൻസ്, കോമേഴ്‌സ്, ഹ്യുമാനിറ്റീസ് വിദ്യാർത്ഥികൾക്കായി നടപ്പാക്കുന്ന പദ്ധതി, അവരുടെ അഭിരുചികൾ തിരിച്ചറിഞ്ഞുകൊണ്ട് വിദ്യാർത്ഥികളെ രാജ്യത്തെ ഉന്നത സർവകലാശാലകളിലേക്കും മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ക്യാമ്പിന് മുന്നോടിയായി വിദ്യാർത്ഥികളുടെ അഭിരുചികൾ തിരിച്ചറിയുന്നതിനുള്ള പരീക്ഷകൾ സംഘടിപ്പിക്കുകയും അതിനെ അടിസ്ഥാനപ്പെടുത്തിയുള്ള ക്ലാസുകളാണ് പദ്ധതിവഴി വിദ്യാർത്ഥികൾക്കായി നൽകുന്നത്.
ക്യാമ്പിന്റെ ആദ്യദിനമായ ഇന്നലെ സയൻസ് മേഖലയിലെ ഭാവി സാധ്യതകളും അടിസ്ഥാനമാക്കി നടത്തിയ കരിയർ രംഗത്തെ പ്രമുഖരായ ഡോ. ജോൺലാൽ, മുഹമ്മദ് അജ്മൽ, ഇർഷാദ്. എ, ഡോ. രാജീവ് മുതലായവർ ക്ലാസുകൾ നയിച്ചു. മേപ്പാടി ഗ്രാമപഞ്ചായത്തിലെ വിവിധ വിധദ്യാലയങ്ങളിൽ നിന്നുള്ള എഴുപത്തിലധികം വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു.
മേപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ബാബു, വീക്യാൻ സോഷ്യൽ ഇന്നൊവേറ്റേഴ്സ് സി ഇ ഒ അഖിൽ കുര്യൻ, ക്യാമ്പ് കോർഡിനേറ്റർമാരായ അപർണ ജോസ്, സൽകുമാർ ഇ എസ്, അതുൽകൃഷ്ണ സി ജി, മറ്റു രാഷ്ട്രീയ, സാമൂഹിക വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും ചടങ്ങിൽ സംവദിച്ചു.
കേരളത്തിലെ പ്രമുഖ സോഷ്യൽ എഞ്ചിനീയറിംഗ് ഗ്രൂപ്പായ വീക്യാൻ സോഷ്യൽ ഇന്നൊവേറ്റേഴ്സാണ് പദ്ധതി രൂപകല്പന ചെയ്ത് നടപ്പാക്കുന്നത്.
Leave a Reply