മുണ്ടക്കൈ : അർഹരായ മുഴുവൻ പേരെയും ഉൾപ്പെടുത്തി പുനരധിവാസം വേഗത്തിലാക്കണം -വെൽഫെയർ പാർട്ടി
കൽപ്പറ്റ: സമാനതകളില്ലാത്ത ദുരന്തം വിതച്ച മുണ്ടക്കൈ ഉരുൾപ്പെട്ടലിന് ശേഷം അഞ്ച് മാസം പിന്നിടുമ്പോഴും ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിൽ സർക്കാരിൻ്റെ മെല്ലെപ്പോക്ക് പ്രതിഷേധാർഹമാണ്.
പുനരധിവസിപ്പിക്കേണ്ടവരുടെ കരട് ലിസ്റ്റ് തയ്യാറാക്കാൻ അഞ്ച് മാസ സമയം കിട്ടിയിട്ടും ഇപ്പോഴും കൃത്യമായ ലിസ്റ്റ് തയ്യാറാക്കിയിട്ടില്ലെന്നുള്ളത് സർക്കാർ സംവിധാനങ്ങളുടെ അങ്ങേയറ്റത്തെ പരാജയമാണ്.
നാൽപ്പത് വർഷവും അതിലധിക കാലവും എസ്റ്റേറ്റുകളിൽ പണിയെടുത്ത് സ്വന്തമായി വീട് നിർമ്മിച്ച് അതിൽ താമസിച്ചവരെപ്പോലും സാങ്കേതികത്വം പറഞ്ഞ് കരട് ലിസ്റ്റിൽ നിന്ന് പുറന്തള്ളുന്നത് ഒരിക്കലും നീതികരിക്കാൻ കഴിയില്ല. അർഹരായ മുഴുവൻ പേരെയും ഉൾപ്പെടുത്തി പുനരധിവാസ പ്രവൃത്തികൾ വേഗത്തിലാക്കണം.
മേപ്പാടി പഞ്ചായത്തിലെ 3 വാർഡുകളിലാണ് ദുരന്തം ബാധിച്ചിരിക്കുന്നത് . ഈ വാർഡുകളിലെ താമസക്കാരെ കുറിച്ചും വീടുകളുടെ എണ്ണത്തെ കുറിച്ചും കൃത്യമായ വിവരങ്ങൾ ലഭ്യമായിരിക്കെ , ഈ വാർഡുകളിലെ ജനപ്രതിനിധികളെയും പഞ്ചായത്തിനെയും ദുരന്തബാധിതരെയും മുഖവിലക്കെടുത്ത് കൊണ്ട് നീതിപൂർവ്വം സമഗ്രമായ പട്ടിക തയ്യാറാക്കണം. നിലവിൽ റവന്യൂ വകുപ്പ് തയ്യാറാക്കിയ കരട് ലിസ്റ്റിൽ ഒരുപാട് ആക്ഷേപങ്ങളുണ്ട്. ആയൂസ്സിലെ സകല സമ്പാദ്യങ്ങളും നേരം ഇരുട്ടിവെളുക്കുമ്പോഴേക്കും ഉരുളെടുത്തു പോയവരെ പുനരധിവാസ ലിസ്റ്റിൽ പോലും പരിഗണിക്കാൻ അർഹരല്ലെന്നാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ള കരട് ലിസ്റ്റിലൂടെ സർക്കാർ പറയുന്നത്. ഈ നിലപാട് കടുത്ത വഞ്ചനയാണ്. ദുരന്തം നടന്ന് അഞ്ച് മാസം പിന്നിടുമ്പോഴും പുനരധിവസിപ്പിക്കേണ്ടവരുടെ സമഗ്രമായ ലിസ്റ്റ് പ്പോലും തയ്യാറാക്കാൻ കഴിവില്ലാത്തവരാണ് കേരളത്തിലെ റവന്യൂ വകുപ്പ് എന്നുള്ളത് സർക്കാരിന് തന്നെ നാണക്കേടാണ്.
സർക്കാർ സംവിധാനങ്ങൾക്കു മുന്നിൽ സമരം നടത്തേണ്ട ഗതികേടിലേക്ക് ദുരന്തബാധിതരെ തള്ളിവിട്ടതിൽ നിന്ന് സർക്കാരിന് മാറിനിൽക്കാൻ കഴിയില്ല. ദുരന്തത്തിൻ്റെ ആദ്യനാളുകളിൽ തന്നെ സർവ്വരും ആവശ്യപ്പെട്ട സ്പെഷ്യൽ ഓഫീസറെ നിയമിക്കാൻ സർക്കാർ അഞ്ച് മാസമെടുത്തുവെന്നുള്ളത് സർക്കാരിൻ്റെ നിസ്സംഗമായ നിലപാടിന് ഉദാഹരണമാണ്.
ദുരന്തബാധിതരെ ഇനിയും തെരുവിൽ നിർത്താതെ സമഗ്രമായ പുനരധിവാസം എത്രയും വേഗം നടപ്പിലാക്കണം.
പാർട്ടി ജില്ലാ പ്രസിഡൻ്റ് ഫൈസൽ PH അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ ഇബ്രാഹിം പി.എ , സൈജു നിസാ, ജില്ലാ വൈസ് പ്രസിഡൻ്റുമാരായ ബിനു വി.കെ, സെയ്ദു . കെ, ട്രഷറർ സക്കീർ ഹുസൈൻ, ശൈഷാദ് . എം. വി.മുഹമ്മദ് ശരീഫ്, പി അബ്ദു റഹമാൻ എന്നിവർ സംസാരിച്ചു.
Leave a Reply