ലൈഫ് ഭവനപദ്ധതി തരംമാറ്റല്‍ നടപടികള്‍ വേഗത്തിലാക്കു -മന്ത്രി എ.കെ. ശശീന്ദ്രന്‍
ലൈഫ് ഗുണഭോക്താക്കളുടെ വീട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഭൂമി തരം മാറ്റല്‍ നടപടികള്‍ വേഗത്തിലാക്കുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. കതുതലും കൈത്താങ്ങും ബത്തേരി താലൂക്ക്തല അദാലത്ത് സുല്‍ത്താന്‍ ബത്തേരി നഗരസഭാ ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂമി തരംമാറ്റുന്നതിനായി നിരവധി അപേക്ഷകള്‍ അദാലത്തില്‍ ലഭിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നടപടികള്‍ ഊര്‍ജ്ജിതമാക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കിയത്. ഒട്ടേറെ ജീവല്‍ പ്രശ്നങ്ങളുടെ പരാതി പരിഹാര വേദിയാവുകയാണ് സംസ്ഥാനമാകെ നടക്കുന്ന അദാലത്തുകള്‍. മന്ത്രിമാര്‍ നേരിട്ട് പങ്കെടുത്താണ് ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നത്. ചെറുതും നിസ്സാരമായതുമായ പരാതികള്‍ വരെയും അദാലത്തില്‍ വരുന്നത് ശ്രദ്ധയില്‍ വന്നിട്ടുണ്ട്. ഇതൊക്കെയും പരാതിക്കാരെ സംബന്ധിച്ച് പ്രധാനപ്പെട്ടതാണ്. വിവിധ വകുപ്പുകളുമായി ആലോചിക്കേണ്ട വിഷയങ്ങള്‍ ഒരു വേദിയില്‍ വളരെ വേഗം പരിഹരിക്കാന്‍ കഴിയുമെന്നതാണ് അദാലത്തിന്റെ പ്രത്യേകത. ജനങ്ങള്‍ നല്‍കുന്ന പരാതികള്‍ക്ക് പരിശോധനകള്‍ ആവശ്യമാണെങ്കില്‍ ഇതിനായി വകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തും. ഒട്ടും താമസിയാതെ തന്നെ ഈ വിഷയങ്ങളില്‍ നടപടിയെടുക്കണം. ഉദ്യോഗസ്ഥരുടെ അനാസ്ഥ കൊണ്ട് ജനങ്ങള്‍ക്ക് നീതി വൈകരുതെന്നും മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.
വയനാട് വൈല്‍ഡ് ലൈഫ് ഡിവിഷന്‍, സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന്‍ എന്നിവടങ്ങളിലെ വിവിധ ധനസഹായങ്ങളും നഷ്ടപരിഹാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു. മുന്‍ഗണന വിഭാഗത്തില്‍ 13 റേഷന്‍കാര്‍ഡുകളും വിതരണം ചെയ്തു. പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി ഒ.ആര്‍.കേളു ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ കളക്ടര്‍ ഡി.ആര്‍.മേഘശ്രീ, സുല്‍ത്താന്‍ബത്തേരി നഗരസഭ ചെയര്‍മാന്‍ ടി.കെ.രമേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.അസൈനാര്‍, നേര്‍ത്തേണ്‍ സി.സി.എഫ് കെ.എസ്.ദീപ, എ.ഡി.എം.കെ.ദേവകി, സബ്കളക്ടര്‍ മിസല്‍ സാഗര്‍ ഭരത്, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വരുണ്‍ഡാലിയ, സൗത്ത് വയനാട് ഡി.എഫ്.ഒ അജിത് കെ.രാമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Leave a Reply