അവശനിലയിൽ കണ്ടെത്തിയ ആദിവാസി യുവാവിന്റെ മരണം; മർദ്ദനം മൂലമാണെന്ന്സംശയം
പുൽപ്പള്ളി: കാപ്പിസെറ്റ് വഴിയരികിൽ അവശനിലയിൽ കണ്ടെത്തുകയും നാട്ടുകാർ ആശുപത്രിയിൽ എത്തിക്കുമ്പോൾ മരണമടയുകയും ചെയ്ത ആദിവാസി യുവാവിന്റെ മരണത്തിന്റെ പിന്നിലെ ദുരൂഹത ഏറുന്നു . യുവാവിന്റെ സുഹൃത്തായ സ്ത്രീയുടെ മകന്റെ ആക്രമണത്തിലേറ്റ പരിക്കുകളാണ് മരണത്തിനു കാരണമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കാപ്പിസെറ്റിനടുത്ത ആച്ചനഹള്ളി പണിയ കോളനിയിലെ ബാബുവിന്റെ( 48 ) മരണമാണ് കൊലപാതകമാണെന്ന് സംശയിക്കുന്നത് . ജനുവരി ഒന്നിന് രാത്രിയാണ് സംഭവം. ആച്ചനഹള്ളി കോളനിവാസിയായ ബാബു തന്റെ സുഹൃത്തായ തൂപ്ര കോളനിയിലെ സ്ത്രീയുടെ വീട്ടിലെത്തിയിരുന്നു. ഇരുവരും ചേർന്ന് മദ്യപിക്കുന്നതിനിടയിൽ സ്ത്രീയുടെ മകൻ സ്ഥലത്തേക്ക് എത്തി. തന്റെ അമ്മയോടൊപ്പം മദ്യപിക്കുന്ന ബാബുവുമായി ഇയാൾ പ്രശ്നം ഉണ്ടാക്കുകയായിരുന്നു .മുമ്പ് പലതവണ ഇവർ തമ്മിൽ കലഹം ഉണ്ടായിട്ടുണ്ടെന്ന് പരിസരവാസികൾ പറഞ്ഞു. നേരം പുലർന്ന് കോളനി പരിസരത്ത് നാട്ടുകാർ കണ്ടെത്തുമ്പോൾ ബാബു അവശനിലയിൽ ആയിരുന്നു . പ്രദേശവാസികൾ ബാബുവിനെ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും ഇയാൾ മരണപ്പെട്ടു . തുടർന്നു നടന്ന പോസ്റ്റുമോർട്ടത്തിലാണ് ബാബുവിന് അതിക്രൂരമായ മർദ്ദനമേറ്റിരുന്നുവെന്നും, മരണകാരണം അതാണെന്നും ഇതുമൂലം ആന്തരാവയവങ്ങളിൽ ഉണ്ടായ രക്തസ്രാവമാണ് മരണകാരണമെന്നും കണ്ടെത്തിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് തൂപ്ര കോളനിയിലെ യുവാവിന്റെ ഇടപെടൽ കണ്ടെത്തിയത്. ഇയാൾ ഒളിവിലാണ് .ബാബുവിന്റെ കൊലപാതകത്തിന് പിന്നിൽ ഈ യുവാവിനോടൊപ്പം മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്നും സംശയം ഉയർന്നിട്ടുണ്ട്. അച്ഛനഹള്ളി കോളനിയിലെ പരേതരായ കൂകിരി – ജാനകി ദമ്പതികളുടെ മകനാണ് ബാബു . സഹോദരങ്ങൾ -രാജു, നന്ദിനി,സന്തോഷ് .
Leave a Reply