January 17, 2025

ലൈംഗികാധിക്ഷേപം ; നടി ഹണി റോസിന്റെ പരാതിയിൽ ബോബി ചെമ്മണ്ണൂറിനെ കസ്റ്റഡിയിലെടുത്തു 

0
Img 20250108 Wa0049

കൽപ്പറ്റ: ലൈംഗികാധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയിൽ ചെമ്മണൂർ ഇന്റർനാഷനൽ ജ്വല്ലേഴ്സ് ഉടമ ബോബി ചെമ്മണൂരിനെ അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തു. വയനാട്ടിൽ നിന്നാണ് ബോബിയെ കസ്റ്റഡിയിൽ എടുത്തത്. മേപ്പാടിയിലെ ബോബിയുടെ എസ്റ്റേറ്റിൽനിന്നാണ് കസ്റ്റഡിയിൽ എടുത്തതെന്നാണു സൂചന. രാവിലെ ഏഴരയോടെ മേപ്പാടിയിലെ ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള റിസോർട്ടിൽനിന്നാണു പിടികൂടിയത്. ആദ്യം പുത്തൂർവയൽ എആർ ക്യാമ്പിലെത്തിച്ചു .

 

ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്ത സാഹചര്യത്തിലാണ് കൊച്ചി സെൻട്രൽ പൊലീസ് ഇന്ന് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. അതിനിടെ, ഹണി റോസിനെ മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ ബന്ധപ്പെട്ട് എല്ലാ നിയമനടപടികൾക്കും പിന്തുണ അറിയിച്ചു.

 

 

ബോബിയെ ഇന്നു തന്നെ കൊച്ചിയിൽ എത്തിക്കും. നേരത്തെ കേസ് അന്വേഷിക്കാൻ എറണാകുളം സെൻട്രൽ പൊലീസ് എസിപി സി. ജയകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. ഇന്നലെ വൈകിട്ടു തന്നെ ഇവരുടെ സംഘം വയനാട്ടിലേക്കു പുറപ്പെട്ടിരുന്നു.

 

 

ഹണി റോസിന്റെ വിശദമായ മൊഴി പൊലീസ് ഇന്നു രേഖപ്പെടുത്തുമെന്നും പിന്നീട് ബോബിയെ ചോദ്യം ചെയ്യും എന്നുമായിരുന്നു സൂചനകൾ. എന്നാൽ ഈ കേസിൽ ഇളവുകളൊന്നും നൽകേണ്ടതില്ല എന്ന തീരുമാനം പൊലീസ് സ്വീകരിച്ചു. കാരണം ഹണി റോസ് ആദ്യം നൽകിയ പരാതി സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ അസഭ്യപ്രയോഗങ്ങളും അപകീര്‍ത്തി പരാമർശങ്ങളും നടത്തിയവർക്കെതിരെ ആയിരുന്നു.

 

ഇതിൽ ഉടൻ തന്നെ 30 പേർക്കെതിരെ കേസെടുക്കുകയും കുമ്പളം സ്വദേശി ഷാജിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇത്തരത്തിൽ കേസെടുക്കുകയും ഒരാളെ അറസ്റ്റ് െചയ്യുകയും ചെയ്ത സാഹചര്യത്തിൽ ഇതിനേക്കാൾ ഗൗരവമായ പരാതിയാണ് ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് നൽകിയിരുന്നത് എന്നതിനാൽ നടപടി സ്വീകരിക്കാൻ പൊലീസിനു മേലും സമ്മർദ്ദമുണ്ടായിരുന്നു.

 

ബോബി ചെമ്മണൂരിനെതിരെ നടി ഹണി റോസ് എറണാകുളം സെൻട്രൽ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ലൈംഗികച്ചുവയോടെയുള്ള അശ്ലീല ഭാഷണത്തിനെതിരെ ഭാരതീയ ന്യായസംഹിതയിലെ 75(4) വകുപ്പു പ്രകാരവും ഇലക്ട്രോണിക് മാധ്യമത്തിലൂടെ അശ്ലീല പരാമർശം നടത്തുന്നതിനെതിരെ ഐടി ആക്ടിലെ 67 വകുപ്പു പ്രകാരവുമാണു കേസ് റജിസ്റ്റർ ചെയ്തത്. ഓഗസ്റ്റ് 7ന് ബോബി ചെമ്മണൂരിന്റെ കണ്ണൂർ ആലക്കോട് ജ്വല്ലറി ഉദ്ഘാടനത്തിന് ക്ഷണിച്ചപ്പോൾ നേരിട്ട ലൈംഗികാതിക്രമങ്ങളും അതിനു ശേഷവും പല വേദികളിലും താൻ നേരിട്ട ബുദ്ധിമുട്ടുകളും നടി പരാതിയിൽ എടുത്തുപറഞ്ഞിട്ടുണ്ട്.

താൻ മുഖ്യമന്ത്രിയുമായി സംസാരിക്കാൻ സമയം തേടിയുന്നു എന്നും മുഖ്യമന്ത്രിയുമായി സംസാരിക്കുകയും ശക്തമായ നടപടി സ്വീകരിക്കുമെന്ന ഉറപ്പ് ലഭിച്ചതായും വലിയ ആശ്വാസമാണ് അതുണ്ടാക്കിയതെന്നും ഹണി റോസ് പ്രതികരിച്ചു. ഡിജിപിയുമായും ഹണി റോസ് സംസാരിച്ചിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *