അർബൻ ബാങ്ക് അഴിമതി; രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു
ബത്തേരി :ബത്തേരി അർബൻ ബാങ്ക് നിയമന അഴിമതിയുമായി ബന്ധപ്പെട്ട് പോലീസിനെ ലഭിച്ച പരാതികളിൽ ബത്തേരി പോലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. നെൻമേനി അപ്പോഴത്തെ വീട്ടിൽ പത്രോസ്, പുൽപ്പള്ളി പവിത്രം ഹൗസ് വികെ സായൂജ് എന്നിവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.മരണപ്പെട്ട എൻ എം വിജയനും ബത്തേരിയിലെ പ്രാദേശിക നേതാക്കളുമാണ് പ്രതിപട്ടികയിൽ ഉള്ളത്. ഇതിൽ പത്രോസ് നൽകിയ പരാതിയിൽ ബാങ്കിൽ ജോലി വാഗ്ദാനം ചെയ്ത് 19 ലക്ഷം തട്ടിയെടുത്തു എന്നാണ് പറയുന്നത്. ഈ പരാതിയിൽ കോൺഗ്രസ് പ്രാദേശിക നേതാക്കളായ യുകെ പ്രേമൻ, സക്കറിയ മണ്ണിൽ, സി ടി ചന്ദ്രൻ എന്നിവർക്കൊപ്പം മരണപ്പെട്ട എൻ എം വിജയന്റെ പേരും പ്രതി പട്ടികയിൽ ഉണ്ട്. പുൽപ്പള്ളി സ്വദേശി പവിത്ര ഹൗസ് വി കെ സായൂജ് നൽകിയ പരാതിയിൽ ജോലി വാഗ്ദാനം ചെയ്ത് 11 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ്. ഈ കേസിൽ സക്കറിയ മണ്ണിൽ, ജോർജ് കുര്യൻ എന്നിവരാണ് പ്രതികൾ ആയിട്ടുള്ളത്. എൻ എം വിജയന്റെ മരണത്തിനുശേഷം ഉയർന്നുവന്ന നിയമന അഴിമതിയുമായി ബന്ധപ്പെട്ട് ആകെ രണ്ട് കേസുകളാണ് ബത്തേരി പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
Leave a Reply