സംസ്ഥാന കലോത്സവത്തിൽ മികച്ച വിജയം നേടി കൽപറ്റ ജി.എം.ആർ.എസ്.
കൽപറ്റ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മികച്ച വിജയം നേടി കൽപറ്റ ജി.എം.ആർ.എസ്. നാല് ഇനങ്ങളിലായി ഇരുപത്തിയാറ് കുട്ടികൾ മത്സരിച്ചു. പണിയനൃത്തം, ഇരുളനൃത്തം, മിമിക്രി (എച്ച്.എസ്., എച്ച്.എസ്.എസ്.) എന്നിവയായിരുന്നു പ്രധാന മത്സരങ്ങൾ. പങ്കെടുത്ത എല്ലാ ഇനങ്ങളിലും എ ഗ്രേഡ് ലഭിച്ചു.
പണിയ സമുദായത്തിൻ്റെ ജീവിത സംസ്കാരത്തിൻ്റെ ഭാഗമായ പണിയ നൃത്തം പരമ്പരാഗതമായ വസ്ത്രാഭരണങ്ങൾ (മുടചുൾ, കുരിക്കല്ല, താലി കല്ല/പണതാലി) അണിഞ്ഞും വാദ്യോപകരണങ്ങൾ (തുടി, ചീനം, മണി) ഉപയോഗിച്ചുമാണ് അവതരിപ്പിച്ചത്. രതീശ് കല്ലൂരാണ് വിദ്യാർഥിനികളെ പണിയ നൃത്തം പരിശീലിപ്പിച്ചത്.
ഇരുളനൃത്തം അട്ടപ്പാടിയിലെ ഇരുള ഗോത്ര വിഭാഗത്തിൻ്റെ തനതു കലാരൂപമാണ്.
കുഴൽ, കൈമണി, പൊറൈ, ധവിൽ
ജാലറൈ എന്നീ വാദ്യോപകരണങ്ങൾ ഉപയോഗിച്ച് വിദ്യാർഥികൾ സ്വന്തം നിലയിൽ പരിശീലനം നേടിയാണ് ഉപജില്ല മുതൽ സംസ്ഥാന കലോത്സവം വരെ എത്തിയത്. പ്ലസ് വൺ വിദ്യാർഥിനികളായ അട്ടപ്പാടി സ്വദേശികളായ അജിത എ, ഷൈനി സി.എസ്. എന്നിവരാണ് ഇരുള നൃത്തത്തിന് നേതൃത്വവും പരിശീലനവും നല്കിയത്.
മിമിക്രി മത്സരത്തിന് തുടർച്ചയായി മൂന്നു വർഷവും സംസ്ഥാന തലത്തിൽ എ ഗ്രേഡ് നേടുന്നതിന് സ്കൂളിന് കഴിഞ്ഞു. ഇത്തവണ ഹയർ സെക്കൻഡറി വിഭാഗത്തിൽ നിന്ന് നന്ദന വി.എം. ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് അഞ്ജലി സുരേഷ് എന്നിവർ എ ഗ്രേഡ് നേടി.
പ്രഥമ അധ്യാപകൻ സദൻ ടി.പി., സീനിയർ സൂപ്രണ്ട് ധനലക്ഷമി എം. അധ്യാപകർ, ജീവനക്കാർ എന്നിവരുടെ കൂട്ടായ ശ്രമവും വിദ്യാർഥികളുടെ വിജയത്തിനു പിന്നിലുണ്ട്.
Leave a Reply