മുള്ളൻകൊല്ലി പഞ്ചായത്തിലെ ഖനനപ്രവർത്തനങ്ങൾ:വിദഗ്ദ്ധ സമിതി നിർദ്ദേശങ്ങൾ പാലിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
കൽപ്പറ്റ :മുള്ളൻകൊല്ലി പഞ്ചായത്തിൽ നടക്കുന്ന ക്വാറി പ്രവർത്തനങ്ങൾ പരിശോധിക്കാൻ ജില്ലാ ഭരണകൂടം നിയോഗിച്ച വിദഗ്ദ്ധ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.ജനങ്ങളുടെ ആശങ്കയകറ്റണമെന്നും അനധികൃത ഖനനത്തിനെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. ജില്ലയിലെ വിവിധ സ്ഥലങ്ങളിലുണ്ടായ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ പരാതിക്കാരുടെ ആശങ്ക അസ്ഥാനത്തല്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. വയനാട് ജില്ലയിൽ നിലവിൽ ക്വാറി പ്രവർത്തനങ്ങൾ നിർത്തലാക്കിയിട്ടുള്ളതായി ജില്ലാ കളക്ടർ കമ്മീഷനെ അറിയിച്ചു.
മുള്ളൻകൊല്ലി പഞ്ചായത്തിലെ വിവിധ വാർഡുകളിലും ശശിമലയിലും നടക്കുന്ന ക്വാറിപ്രവർത്തനങ്ങൾക്കെതിരെ സമർപ്പിച്ച പരാതിയിലാണ് നടപടി.
ഖനനപ്രവർത്തനങ്ങൾ പരിശോധിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചിട്ടുള്ളതായി ജില്ലാ കളക്ടർ കമ്മീഷനെ അറിയിച്ചു.
മുള്ളൻകൊല്ലി പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ നടക്കുന്ന ഖനനപ്രവർത്തനങ്ങൾക്ക് വിവിധ അധികാരസ്ഥാപനങ്ങളിൽ നിന്നും അനുമതി ലഭിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ക്വാറി സ്ഥിതി ചെയ്യുന്ന സ്ഥലം ദുരന്തസാധ്യതാമേഖലയിൽ ഉൾപ്പെടുന്നതല്ല. ക്വാറി പ്രവർത്തനം സംബന്ധിച്ച് നിരവധി പരാതികൾ ലഭിക്കുന്നുണ്ടെന്നും ജില്ലാ കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നു.
അഡ്വ. പി. ഡി സജി, ഷൈജു പഞ്ഞിത്തോപ്പിൽ, പുഷ്പലത നാരായണൻ, ഷിജോ മാപ്ലശ്ശേരി, പി കെ ജോസ് എന്നിവർ സമർപ്പിച്ച പരാതികളിലാണ് നടപടി.





Leave a Reply