May 28, 2026

കൊഴിഞ്ഞുപോക്ക് തടയാന്‍ ഉന്നതികളിലെ കുട്ടികള്‍ക്ക് നിര്‍ബന്ധിത വിദ്യാഭ്യാസം ഉറപ്പാക്കണം: ഗോത്രവര്‍ഗ്ഗ കമ്മീഷന്‍

0
20250129 200147
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ :പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥിക്കളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ രക്ഷിതാക്കള്‍ കുട്ടികളുടെ വിദ്യാഭ്യാസം നിര്‍ബന്ധിതമായി ഉറപ്പാക്കണമെന്ന് പട്ടികജാതി-പട്ടികഗോത്രവര്‍ഗ്ഗ കമ്മീഷന്‍ ചെയര്‍മാന്‍ ശേഖരന്‍ മിനിയോടന്‍ പറഞ്ഞു. പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ യുവതലമുറയുടെ വളര്‍ച്ചക്കായി ഉന്നതികളിലുള്ളവരുടെ വിദ്യാഭ്യാസം- ആരോഗ്യം കാര്യക്ഷമമായി ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥരും നിവാസികളും കൃത്യതയോടെ ഇടപെടല്‍ നടത്തണം. പട്ടികജാതി-പട്ടികഗോത്രവര്‍ഗ്ഗ കമ്മീഷന്‍ ചെയര്‍മാന്‍ ശേഖരന്‍ മിനിയോടന്റെ നേതൃത്വത്തില്‍ നെന്മേനി ഗ്രാമപഞ്ചായത്തിലെ അമ്പലക്കുന്ന് ഉന്നതി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു ചെയര്‍മാന്‍. ഉന്നതി നിവാസികള്‍ക്ക് പ്രാഥമിക ചികിത്സാ സൗകര്യമുറപ്പാക്കാന്‍ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ 24 മണിക്കൂര്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കാനും പോക്‌സോ നിയമ പ്രകാരം ചെറുപ്പക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്ന കേസുകള്‍ക്കെതിരെ ഉന്നതിയിലെ യുവാക്കള്‍ക്കിടയില്‍ ബോധവത്കരണം നല്‍കാന്‍ നടപടി ഉണ്ടാവണമെന്ന് അനന്തന്‍ അമ്പലക്കുന്ന് അഭിപ്രായപ്പെട്ടു. പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ പെണ്‍കുട്ടികളെ മറ്റ് വിഭാഗക്കാര്‍ വിവാഹം ചെയ്തു കൊണ്ടുപോകുകയും തുടര്‍ന്ന് പട്ടികവര്‍ഗ്ഗക്കാര്‍ക്കായുള്ള ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്ന പ്രവണത ഉണ്ടെന്നും ഇത്തരക്കാര്‍ക്കെതിരെ കമ്മീഷന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും യോഗത്തില്‍ അറിയിച്ചു. ഉന്നതി നിവാസികള്‍ അറിയിച്ച വിഷയങ്ങള്‍ സര്‍ക്കാറിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കുമെന്നും ചെയര്‍മാന്‍ അറിയിച്ചു. അമ്പലക്കുന്ന് ഉന്നതിയില്‍ സാംസ്‌കാരിക നിലയം നിര്‍മ്മിക്കുന്നതിന് സമയബന്ധിതമായി നടപടി സ്വീകരിക്കാന്‍ ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ക്ക് ചെയര്‍മാന്‍ നിര്‍ദേശം നല്‍കി. ഉന്നതികളില്‍ വ്യക്തിത്വ – പരിസര ശുചിത്വം പാലിക്കണമെന്നും മദ്യപാനം, പുകവലി, ലഹരി വസ്തുക്കളുടെ ഉപയോഗത്തിലൂടെ അനാരോഗ്യകരമായ ശീലങ്ങള്‍ ഒഴിവാക്കണമെന്നും കമ്മീഷന്‍ അറിയിച്ചു. മികച്ച വിദ്യാഭ്യാസ യോഗ്യത നേടിയവര്‍ അതത് സ്ഥലത്തെ ഉന്നതികളിലുള്ളവര്‍ക്ക് ബോധത്കരണം നല്‍കണമെന്ന് ചെയര്‍മാന്‍ നിര്‍ദ്ദേശിച്ചു. അഭ്യസ്ഥത വിദ്യരായ തൊഴില്‍രഹിതര്‍ക്ക് ഉന്നതികളില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹിക പഠനമുറികളിലൂടെ മോഡല്‍ സാമൂഹിക പഠനമുറിയായി ഉയര്‍ത്തി പി.എസ്.സി പരിശീലനം നല്‍കും. മേപ്പാടി ഗ്രാമപഞ്ചായത്തിലെ പുഞ്ചിരിമട്ടത്ത് താമസിക്കുന്ന ചേനന്റെ വീടും മുണ്ടക്കൈ- ചൂരൽ മല ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പുഞ്ചിരിമട്ടത്ത് നിന്നും നെടുമ്പാലയിലേക്ക് മാറ്റിതാമസിപ്പിച്ച കുടുംബാഗംങ്ങളെ ചെയര്‍മാന്‍ സന്ദര്‍ശിച്ചു. അമ്പലക്കുന്ന് ഉന്നതിയില്‍ നടന്ന സന്ദര്‍ശനത്തില്‍ നെന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു അനന്തന്‍, ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ ജി. പ്രമേദ്, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ സരിന്‍, സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ എം. മജീദ്, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പി.എസ് ശ്രീനാഥ്, കമ്മീഷന്‍ സ്റ്റാഫ് അംഗങ്ങള്‍, പ്രൊമോട്ടര്‍മാര്‍, ഉന്നതി നിവാസികള്‍ എന്നിവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *