മക്കിയാട്ടെ ഫയർ സ്റ്റേഷൻ ഒടുവിൽ യാഥാർഥ്യമാകുന്നു; ബജറ്റിൽ ഒരു കോടി രൂപ അനുവദിച്ചു
തൊണ്ടർനാട് : പഞ്ചായത്തിൽ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഫയർ സ്റ്റേഷൻ യാഥാർഥ്യമാകുന്നു. ഇത്തവണത്തെ ബജറ്റിൽ ഒരു കോടി രൂപ അനുവദിച്ചതോടെയാണ് ഫയർ സ്റ്റേഷൻ പ്രതീക്ഷ വീണ്ടും സജീവമാകുന്നത്. പ്രകൃതി ദുരന്തങ്ങൾ പതിവാണെങ്കിലും അടിയന്തര രക്ഷാ പ്രവർത്തനത്തിനു സൗകര്യമില്ലാതെ ദുരിതം അനുഭവിക്കുന്ന പ്രദേശമാണിത്. 2018ൽ പ്രളയത്തിനു ശേഷമാണ് ഇവിടെ ഫയർ സ്റ്റേഷൻ വേണമെന്ന ആവശ്യം ശക്തമായത്.അയൽ ജില്ലയിലെ കാവിലുംപാറ അടക്കം 5 പഞ്ചായത്തുകൾക്ക് ഏറെ സഹായമാകുമെന്ന ലക്ഷ്യത്തോടെയാണ് ഫയർ സ്റ്റേഷൻ സ്ഥാപിക്കാനുള്ള നടപടി തുടങ്ങിയത്. അതിന്റെ ഭാഗമായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ സർക്കാരിന് അപേക്ഷ നൽകി.
സ്റ്റേഷൻ സ്ഥാപിക്കാൻ ആവശ്യമായ സ്ഥലം മക്കിയാട് ബെനഡിക്ടൻ ആശ്രമം സൗജന്യമായി നൽകാനും തയാറായി. തുടർന്ന് 2021ൽ ഫയർസ്റ്റേഷൻ സ്ഥാപിക്കാനുള്ള ഭരണാനുമതി ലഭിച്ചു. ആദ്യം വാടക കെട്ടിടത്തിലും സ്വന്തമായി കെട്ടിടം പണിത് പിന്നീട് അതിൽ പ്രവർത്തിക്കാനുമായിരുന്നു പദ്ധതി. എന്നാൽ നാളിതുവരെയായിട്ടും നടപടികൾ എങ്ങുമെത്തിയില്ല. ഇതിനു വേണ്ടി തയാറാക്കിയ സ്ഥലം കാട് മൂടി നശിച്ചു തുടങ്ങിയതോടെ സ്ഥല ഉടമകൾ പ്രതിഷേധവുമായി രംഗത്തെത്തി. അതോടെ ഫയർ സ്റ്റേഷൻ പദ്ധതി നഷ്ടപ്പെടുമെന്ന ആശങ്കയും ഉയർന്നു. എന്നാൽ ഇക്കൊല്ലം ബജറ്റിൽ ഫണ്ട് വകയിരുത്തിയത് വൻ പ്രതീക്ഷയായി.





Leave a Reply