ഉയരാതെ ഇഞ്ചി വില ;കർഷകർ ആശങ്കയിൽ
കൽപ്പറ്റ: ഇഞ്ചിയുടെ വിളവെടുപ്പ് ആരംഭിച്ചിട്ട് ഏകദേശം രണ്ട് മാസത്തോളമായിട്ടും, ഇനിയും വിലയിൽ കാര്യമായ വർധനവ് ഉണ്ടായിട്ടില്ല. ഇത് കർഷകരെ വലിയ രീതിയിൽ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
വിളവെടുപ്പ് തുടങ്ങിയ ജനുവരിയിൽ 60 കിലോ ചാക്കിന് 1200 രൂപയായിരുന്നു വില. ഇപ്പോഴത് 1500 രൂപയായി ഉയർന്നിട്ടുണ്ട്. എന്നാൽ കർണാടകത്തിൽ ഇത് 1800 രൂപയാണ്. കഴിഞ്ഞ വർഷം ഇതേ സമയം 4000 രൂപയിൽ അധികം വില ലഭിച്ചിരുന്നു. ഇപ്പോഴത്തെ വില പകുതിപോലുമില്ല. ഈ അവസ്ഥ തുടരുകയാണെങ്കിൽ കർഷകർ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകും.
ഡിസംബർ അവസാനത്തോടെയാണ് ഇഞ്ചിയുടെ വിളവെടുപ്പ് സാധാരണയായി തുടങ്ങുന്നത്. ജനുവരി, ഫെബ്രുവരി മാസങ്ങളാണ് പ്രധാന വിളവെടുപ്പ് സമയം. അടുത്ത മാസത്തോടെ വിളവെടുപ്പ് പൂർത്തിയാകും. എന്നാൽ, ഇപ്പോൾ വിലയില്ലാത്തതുകൊണ്ട് പല കർഷകരും വിളവെടുപ്പ് തുടങ്ങിയിട്ടില്ല. വേനൽ കടുക്കുന്നതിനുമുമ്പ് വിളവെടുത്താൽ മാത്രമേ ഇഞ്ചി ഉണങ്ങാതെ കിട്ടുകയുള്ളു. ഒരുപാട് നാൾ വിളവെടുക്കാതെ ഇഞ്ചി നിലനിർത്താൻ കഴിയില്ല. മാത്രമല്ല, കർഷകരിൽ ഭൂരിഭാഗവും സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി ചെയ്യുന്നത്. അതുകൊണ്ട് കൃത്യസമയത്ത് വിളവെടുത്ത് ആ സ്ഥലം ഒഴിഞ്ഞുകൊടുക്കേണ്ടതുണ്ട്.
ഇങ്ങനെയുള്ള കർഷകർക്ക് ഇഞ്ചിക്ക് ഒരു ചാക്കിന് 4000 രൂപയെങ്കിലും കിട്ടിയാൽ മാത്രമേ കാര്യമായ വരുമാനം ലഭിക്കുകയുള്ളു. കഴിഞ്ഞ കാലവർഷത്തിൽ ഉണ്ടായ കനത്ത മഴയിൽ ഇഞ്ചിക്കൃഷി നശിച്ചുപോയിരുന്നു. അന്ന് കർഷകർക്ക് വലിയ നഷ്ടം സംഭവിച്ചു. ഈ നഷ്ടംകൂടെ കണക്കിലെടുത്ത്, ഇപ്പോൾ ന്യായമായ വില കിട്ടിയാൽ മാത്രമേ അവർക്ക് ഈ പ്രതിസന്ധിയിൽ നിന്നും കരകയറാൻ സാധിക്കുകയുള്ളു.





Leave a Reply